20 June 2010

ഫുട് ബോൾ ലോക കപ്പ്: ഒരു യൂസേഴ്സ് മാന്വൽ

ദക്ഷിണ ആഫ്രിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പല൪ക്കും അതിന്റെ രസം പൂ൪ണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്താണ് ജബുലാനി അല്ലെങ്കിൽ എന്താണ് വുവുസേല? ലോക കപ്പിന് എത്ര സ്സോവാക്യകൾ ഉണ്ട്? ബ്രസീൽ കളിക്കുന്നതാണോ സാംബ ഫുട്ബോൾ? ചുവപ്പ് കാ൪ഡ് എപ്പോഴൊക്കേ കാണിക്കാം? പിന്നെ വനിതകൾക്ക് പണ്ട് മുതൽക്കെ ഉണ്ടെന്ന് പറയപ്പെടുന്ന സംശയം: ഈ ഓഫ് സൈഡ് ഓഫ് സൈഡ് എന്ന് പറയുന്നത് എന്താണ്? നിങ്ങൾക്കും അത്തരം എന്തെങ്കിലും സംശയമുണ്ടെങ്കിൽ, റീഡ് ഓൺ. നിങ്ങൾക്കും ഒരു ഫുട്ബോൾ പണ്ഡിതനാകേണ്ടേ?

ജബുലാനിയും വുവുസേലയും


ജബുലാനി
ഈ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ പേരാണ്. അഡിഡാസ് കമ്പനി നി൪മ്മിച്ച ഈ പന്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാ൪ക്ക് അവരുടെ കഴിവിന് അനുസരിച്ചുള്ള പന്തടക്കം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭൂരിപക്ഷം കളിക്കാരും ഇതിനോട് വിയോജിക്കുന്നു എന്നാണ് അവരുടെ പ്രസ്കാവനകളും സ൪വ്വോപരി കളിക്കളത്തിലെ പ്രകടനവും സാക്ഷ്യപ്പെടുത്തുന്നത്. ലയണൽ മെസ്സിയെപ്പോലെ ചുരുക്കം ചില൪ക്കൊഴിച്ച്, മിക്ക കളിക്കാ൪ക്കും ജബുലാനി ഇത് വരെ മെരുങ്ങി വന്നിട്ടില്ല. പ്രവചനാതീതമായി പെരുമാറുന്നു എന്നുള്ളതാണ് പന്തിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ലോക കപ്പ് കഴിയുതോടെ ഇംഗ്ലണ്ടിലും ഫ്രാൻസിലും ജബുലാനി മിക്കവാറും നിരോധിക്കപ്പെടാനാണ് സാധ്യത.

അപ്പോൾ വുവുസേലയും ഒരു പന്താണോ? അല്ല, വുവുസേല പ്രത്യേക തരം ഒരു ശബ്ദം ഉണ്ടാക്കുന്ന ഒരു തരം ഹോൺ ആണ്. മലയാളത്തിൽ പറഞ്ഞാൽ പീപ്പി. റ്റിവിയിൽ കളി നടക്കുമ്പോൾ ചീവീടിന്റെ കരച്ചിൽ പോലെ പശ്ചാത്തല സംഗീതം കേട്ടിട്ടില്ലേ? ഇത് സൃഷ്ടിക്കുന്നത് വുവുസേലയേന്തിയ കാണികളാണ്. വുവുസേലയുടെ നി൪ത്താതെയുള്ള കലപില കളിക്കാരുടെ ആശയ വിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട് എന്നാണ് പല തോറ്റ ടീമുകളുടേയും കോച്ചുകൾ ആക്ഷേപിക്കുന്നത്.

ജബുലാനി (Jabulani) എന്ന വാക്കിന് ദക്ഷിണ ആഫ്രിക്കയിലെ സുലു ഭാഷയിൽ ആഘോഷിക്കുക എന്നാണത്ര അ൪ത്ഥം. കേരളത്തിലും സ്ഥിരമായി ആഘോഷിക്കുന്നവ൪ക്കിടയിൽ ഈ രണ്ട് പേരുകളും പ്രചാരം നേടി വരുന്നുണ്ട്. ഫുട് ബോൾ പ്രേമികളായ മദ്യപന്മാ൪ക്കിടയിൽ വെള്ളമടിച്ചു കഴിഞ്ഞാൽ സ്വഭാവം മാറുന്ന ആളുകൾ (അതായത്, പ്രവചനാതീതമായി പെരുമാറുന്ന ആളുകൾ) ജബുലാനി എന്നും രണ്ടെണ്ണം അകത്ത് ചെന്നാൽ നി൪ത്താതെ പരിദേവനം കരയുന്ന ആളുകൾ വുവുസേല എന്നും ആണ് ഇപ്പോൾ അറിയപ്പെടുന്നത്.

ലോക കപ്പിന് എത്ര സ്സോവാക്യകൾ ഉണ്ട്?

സ്ലോവാക്യ ഒന്നേയുള്ളു. മറ്റേത് സ്ലോവേനിയ ആണ്. രണ്ടു രാജ്യങ്ങളും കമ്മ്യൂണിസത്തിന്റെ തക൪ച്ചയെ തുട൪ന്ന് 1980-കളുടെ അവസാനത്തിൽ യൂറോപ്പിൽ സൃഷ്ടിക്കപ്പെട്ട രാജ്യങ്ങളാണ്. സ്ലോവേനിയ പഴയ യൂഗോസ്ലാവിയയിൽ നിന്ന് അട൪ന്ന് മാറിയതും സ്ലോവാക്കിയ പഴയ ചെക്കോസ്ലോവാക്കിയയിൽ നിന്നും പിരിഞ്ഞുവന്നതും. രണ്ടിൽ ചെറിയ രാജ്യം സ്ലോവേനിയ ആണ്. ക്യാപ്റ്റന്റെ പേര് പോലും അവരുടെ വിനയത്തെ സൂചിപ്പിക്കുന്നു. കോരൻ (Robert Koren). പക്ഷെ ഫുട്ബോളിൽ അവ൪ ആ൪ക്കും പിന്നിലല്ല. അൾജീരിയയെ തോൽപ്പിച്ചു, അമേരിക്കയോട് സമനില നേടി. ആ ഗ്രൂപ്പിലെ ഇപ്പോഴത്തെ ദു൪ബലരായ ഇംഗ്ലണ്ടിനോട് ഒരു സമനിലയെങ്കിലും നേടിയാൽ അടുത്ത റൌണ്ടിലെത്താം.

സ്ലോവാക്യയുടെ മുന്നോട്ടുള്ള പോക്ക് അത്രയ്ക് സുഗമമല്ല. ന്യൂ സിലാൻഡിനോട് സമനില വഴങ്ങേണ്ടി വന്നത് ഇറ്റലിയും പരാഗ്വേയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവരുടെ പ്രയാണം ദുഷ്കരമാക്കിയിരിക്കുകയാണ്.

ബ്രസീൽ കളിക്കുന്നതാണോ സാംബ ഫുട്ബോൾ?

ബ്രസീൽ കളിച്ചിരുന്ന ആക്രമണത്തിൽ ഊന്നിയുള്ള കുറിയ പാസുകളുമായുള്ള ഫുട് ബോൾ ശൈലിയെയാണ് സാംബ ഫൂട്ബോൾ എന്ന് വിളിച്ചിരുന്നത്. പണ്ട് ഫുട്ബോളിൽ പ്രധാനമായും രണ്ട് ശൈലികളാണ് ഉണ്ടായിരുന്നത്. ലാറ്റിൻ അമേരിക്കൻ ശൈലിയും യൂറോപ്യൻ ശൈലിയും. ലാറ്റിൻ അമേരിക്കൻ ശൈലിയുടെ ഏറ്റവും ചേതോഹരമായ ഉദാഹരണമായിരുന്നു ബ്രസീലിന്റെ സാംബ ശൈലി. യൂറോപ്യൻ ശൈലിയാകട്ടെ പ്രതിരോധത്തിന് പ്രാധാന്യം നൽകി ലോങ്ങ് പാസുകളിലൂടെയുള്ള പ്രത്യാക്രമണത്തിൽ ഊന്നിയുള്ള കളിയാണ്.

1986-ന് ശേഷം ബ്രസീൽ കളിക്കുന്നത് യൂറോപ്യൻ ശൈലിയും ലാറ്റിൻ അമേരിക്കൻ ശൈലിയും ഇട കല൪ന്ന സങ്കര ഫുട്ബോളാണ്. ആഗോളവത്കണം തന്നെയാണ് സാംബ ശൈലിയുടേയും അപചയത്തിനു കാരണം. ഈ ലോക കപ്പിൽ തന്നെ ബ്രസീലിനേക്കാൾ ഭംഗിയായി തനത് ലാറ്റിൻ അമേരിക്കൻ ശൈലിയിൽ കളിക്കുന്നത് അ൪ജന്റീനയും ചിലിയുമൊക്കെയാണ്. പക്ഷെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം ബ്രസീൽ എത്ര വിരസമായി കളിച്ചാലും അതാണ് സാംബ ശൈലി എന്ന് വിശേഷിപ്പിക്കപ്പെടും. അത് കാര്യമാക്കേണ്ടതില്ല.

13 June 2010

ലോക കപ്പ് രണ്ടാം ദിനം: കൊറിയയും മെസ്സിയും പിന്നെ ഗ്രീനും

ഫുട്ബോൾ ലോകകപ്പിന്റെ രണ്ടാം ദിനം ആദ്യദിവസത്തേക്കാൾ സംഭവബഹുലമായിരുന്നു.

ഒരു ഏഷ്യ൯ വിജയകഥ


ദക്ഷിണ കൊറിയയും ഗ്രീസും തമ്മിൽ ദക്ഷിണ ആഫ്രിക്കയിലെ ശൈത്യകാലത്തെ മധ്യാഹ്നസൂര്യനു കീഴിൽ നടന്ന ആദ്യമത്സരം സാമ്പത്തികരംഗത്ത് മാത്രമല്ല ഫുട്ബോളിലും ഗ്രീസിന് ഇത് മാന്ദ്യ കാലമാണെന്ന് തെളിയിച്ചു. കൊറിയയ്ക്ക് രണ്ട് ഗോളുകൾ മാത്രമേ അടിക്കാ൯ കഴിഞ്ഞുള്ളൂ എന്നതാണ് വസ്തുത. 2004-ലെ യൂറോകപ്പിൽ രാവണ൯ കോട്ടയെ അനുസ്മരിപ്പിച്ച ഗ്രീക്ക് പ്രതിരോധം (10-0-0 ശൈലിയെന്ന് ചിലർ കളിയാക്കുകയും ചെയ്തിരുന്നു), കേരളത്തിലെ ചില സർക്കാർ ഓഫീസുകൾ പോലെ നോക്കാനും കാണാനും ആളില്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടാം പകുതിയിലെ ചുരുക്കം ചില നീക്കങ്ങളൊഴിച്ചാൽ മുന്നേറ്റ നിരയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കൊറിയ സന്തോഷപൂർവ്വം ഇരു പകുതികളിലുമായി ഓരോ ഗോൾ (7-ാം മിനിട്ടിൽ ലീ ജുങ്ങ്സൂവും 52-ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടികളിക്കുന്ന പാർക്ക് ജിസുങ്ങും) വീതം നേടി ഗ്യാല്ലറികളിൽ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന തങ്ങളുടെ ആരാധകർക്ക് ആഘോഷിക്കാ൯ അവസരമുണ്ടാക്കിക്കൊടുത്തു.

മറഡോണയുടെ പിള്ളേർ


കാത്തുകാത്തിരുന്ന അർജന്റീനയും നൈജീരിയയും തമ്മിലുള്ള മത്സരം പ്രതീക്ഷകൾക്കൊത്തുയർന്നു. പൊതുവേ അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിറങ്ങലിച്ചു പോകുന്ന മെസ്സി ഇന്നലെ തകർപ്പ൯ പ്രകടനമായിരുന്നു നടത്തിയത്. നിർഭാഗ്യവും നൈജീരിയ൯ ഗോളി വി൯സെന്റ് എനിയാമയുടെ അസാമാന്യ സേവുകളും മാത്രമായിരുന്നു മെസ്സിക്ക് ഇന്നലെ ഒരു ഹാട്രിക്ക് നിഷേധിച്ചത്.

അർജന്റീനയുടെ ആക്രമണത്തിന്റെ തിരമാലകളോടെയാണ് മത്സരം തുടങ്ങിയത്. ഇടത് വിങ്ങിൽ നിന്നും മത്സരത്തിലെ ആദ്യത്തെ മെസ്സി മാജിക്കിനു ശേഷം ലഭിച്ച ഒരു അനായാസ അവസരം ഹിഗ്വൈ൯ പുറത്തേക്കടിച്ചതിനു നിമിഷങ്ങൾക്കകം, പെനാൽറ്റി ബോക്സിനു തൊട്ടു പുറത്ത് നിന്നും മെസ്സി സൌമ്യമായി തൊടുത്ത് വിട്ട ഷോട്ട് ഗോളി കുത്തിയകറ്റികതിനെ തുടർന്ന് ലഭിച്ച കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗോൾ കീപ്പർക്കും ഗോൾമുഖത്തിലെ ആൾക്കൂട്ടത്തിൽ നിന്നെല്ലാം അകന്ന് പുറത്തേക്ക് കർവ് ചെയ്ത് വന്ന കോർണർ ഒരു ഡൈവിങ്ങ് ഹെഢറിലൂടെ ഗബ്രിയേൽ ഹെയി൯സെ ആയിരുന്നു വലയ്ക്കുള്ളിലാക്കിയത്. കളി തുടങ്ങിയിട്ട് വെറും ആറ് മിനിട്ട് മാത്രമായിരുന്നു അപ്പോളായത്. മത്സരത്തിലെ ഒരേ ഒരു ഗോളും അത് തന്നെയായിരുന്നു.

നൈജീരിയക്കും അർജന്റീനയ്ക്കും തുടർന്ന് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായെങ്കിലും ഒന്നു പോലും ഗോളായി മാറിയില്ല. ഇരു ടീമുകളും ആക്രമണത്തിനു മു൯തുക്കം നൽകി കളിച്ചതിനാൽ മത്സരം സ്കോർ നില സുചിപ്പിക്കുന്നതിനേക്കാൾ ആവേശകരമായിരുന്നു. കൂടാത്തതിനു സൈഡ് ലൈനിൽ നിന്ന് മറഡോണയുടെ കഥകളി ശൈലിയിലുള്ള ട്യൂഷനും.

ഇംഗ്ളണ്ടിന്റെ ഗ്രീ൯, അമേരിക്കയുടെ പച്ച

ഇംഗ്ളണ്ടും അമേരിക്കയും തമ്മിലുള്ള തുടക്കവും ഒരു ബിഗ് ബാങ്ങിലൂടെ ആയിരുന്നു. കളിയുടെ നാലാം മിനിട്ടിൽ ചടുലമായ ഒരു പ്രത്യാക്രമണത്തിനൊടുവിൽ എമിൽ ഹെസ്കിയുടെ പാസ് സ്വീകരിച്ച് സ്റ്റീവ൯ ജെറാർഡ് സ്വതസിദ്ധമായ ശൈലിയിൽ ഗോളടിച്ചപ്പോൾ സ്വതേ പൊങ്ങച്ചക്കാരായ ഇംഗ്ളീഷ് കാണികളുടെ പൊങ്ങച്ചം വീണ്ടും വർദ്ധിച്ചു. പക്ഷേ അമേരിക്കക്കാർ, ഒരു പക്ഷെ നയതന്ത്ര തലത്തിലെ തങ്ങളുടെ മേൽക്കോയ്മ ഓർത്താകണം, കീഴടങ്ങാ൯ തയ്യാറായിരുന്നില്ല.

ഇരു ടീമുകളുടേയും ആക്രമണ പ്രത്യാക്രണങ്ങൾക്കൊടുവിൽ, അവസാനം അത് സംഭവിച്ചു. ഈ ലോക കപ്പിലെ ആദ്യത്തെ കോമഡി. ബോക്സിനു പുറത്ത് നിന്ന് ക്ലിന്റ് ഡെംപ്സി ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രം അടിച്ച ദുർബലമായ ഒരു ഗ്രൌണ്ട് ഷോട്ട്, ക്രിക്കറ്റിൽ ഫീൽഡർമാർ മിസ് ഫീൽഡ് ചെയ്യുന്നത് പോലെ, തന്റെ കൈകൾക്കിടയിലൂടെ ഗോൾ പോസ്റ്റിലേക്ക് കടത്തി വിട്ട റോബർട്ട് ഗ്രീനായിരുന്നു ഇംഗ്ളണ്ട് നിരയിലെ ചാർളി ചാപ്ലി൯.

സ്ഥിരം ഗോൾകീപ്പറായ ഡേവിഡ് ജെയിംസ് ഇത്തരം അബദ്ധങ്ങൾ ചെയ്യാനിടെയുണ്ടെന്ന് കരുതിയാണ് ഇംഗ്ളണ്ടിന്റെ കോച്ച് കപ്പേളോ ഗോൾകീപ്പർമാരുടെ എ൯ട്ര൯സിൽ അവസാന റാങ്കുകാരനായിരുന്ന ഗ്രീനിനെ ആദ്യ പതിനൊന്നിൽ മാനേജ് മെന്റ് ക്വാട്ടയിൽ ഉൾപ്പെടുത്തിയത് എന്നുള്ളതാണ് അതിലും വലിയ തമാശ. വരാനുള്ളത്, ഫുട്ബോളിലായാലും, വഴിയിൽ തങ്ങാറില്ല്ലല്ലോ.

12 June 2010

ലോക കപ്പ് ഫുട്ബോൾ: ആരും ജയിക്കാത്ത ആദ്യ ദിനം

കേരളത്തിലെ ചില തുണിക്കടകളിലും ഫാൻസി സ്റ്റോറുകളിലും ഉദ്ഘാടനദിവസം ഒരു കലാപരിപാടി കണ്ടുവരാറുണ്ട്. അന്നേ ദിവസം അവിടെ വരുന്ന എല്ലാവർക്കും എന്തെങ്കിലും സമ്മാനമായി നൽകുക. ഏതാണ്ട് അതേ മോഡലാണ് ദക്ഷിണ ആഫ്രിക്കയിൽ ആരംഭിച്ച,
പതിവില്ലാത്ത വിധം കടുത്തതും ചിലപ്പോഴെങ്കിലും അസഹനീയവുമായ മീഡിയ ഹൈപ്പ് ലഭിച്ച, 20-ാമത് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യദിനം കണ്ടത്. കളിച്ച എല്ലാ ടീമുകൾക്കും ഒരു പോയിന്റ് ലഭിച്ചു.

പക്ഷെ കാണികളുടെ പോയിന്റുകൾ ആദ്യ മത്സരത്തിൽ ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ ദക്ഷിണ ആഫ്രിക്കയ്ക്കും മെക്സിക്കോയ്ക്കും മാത്രമെ ലഭിച്ചു കാണൂ. രണ്ട് ടീമുകൾക്കും മുൻതൂക്കം മാറിമാറി ലഭിച്ച ആവേശകരമായ മത്സരത്തിൽ, രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ദക്ഷിണ ആഫ്രിക്കയ്ക്കു് വേണ്ടി സിഫീവി ഷവലാല ഗോൾ നേടിയപ്പോൾ, മെക്സിക്കോയ്ക് വേണ്ടി റഫേൽ മാർക്കസ് ഗോൾ മടക്കി.

ഇന്ത്യൻ സമയം പാതിരാത്രി നടന്ന ഫ്രാൻസും ഉറുഗ്വേയും തമ്മിലുള്ള കളി ഗോൾരഹിതസമനിലയായത് മാത്രമല്ല, ഇരു ടീമുകളുടേയും നപുംസക ഫുട്ബാളിനാൽ വിരസവുമായിരുന്നു. തങ്ങളുടെ അവശേഷിക്കുന്ന ആരാധകരെപ്പാലും വെറുപ്പിക്കുന്ന പ്രകടനമായിരുന്നു ഫ്രാൻസിന്റേത്. ഫുട്ബോളിലെ ഏറ്റവും ഒടുവിലെ ഹാൻഡ് ബോൾ എപ്പിസോഡിലെ പ്രതിനായകനായ തിയറി ഒൻറി അവസാന നിമിഷങ്ങളിൽ ഇല്ലാത്ത ഹാൻഡ് ബോൾ പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്തതു മാത്രമായിരുന്നു കളിയിൽ രസം പകർന്ന ഒരേ ഒരു നിമിഷം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വനത്തിലെ പുലിക്കുട്ടികളായ ഡയാബിയും എവ്റയും അനെൽക്കയും മെച്ചപ്പെട്ട ഒരു പ്രതിരോധത്തിനു മുന്നിൽ മൃഗശാലയിലെത്തിയ മൃഗങ്ങളെപ്പോലെ സഭാകമ്പം പൂണ്ട് നിന്നു ­ ഐപിഎല്ലിൽ മാത്രം രാജാക്കൻമാരായ ഇന്ത്യൻ യുവ ക്രിക്കറ്റർമാരെപ്പോലെ.

ഇന്നത്തെ ഇംഗ്ളണ്ട്-അമേരിക്ക മത്സരം കഴിയുമ്പോളറിയാം പ്രീമിയർ ലീഗിലെ മറ്റ് വമ്പൻമാരുടെ രാജ്യാന്തരഫുട്ബോളിലെ അവസ്ഥ. ബ്രസീലിൽ നടന്ന 1950-ലെ ലോകകപ്പിൽ ഇംഗ്ളണ്ടിന് മേൽ നേടിയ 0-1 വിജയമാണ് അമേരിക്കൻ സോക്കറിലെ ഏറ്റവും പ്രധാന നേട്ടമായി ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അന്ന് ഇംഗ്ളണ്ടിലെ ജനങ്ങൾ മിക്കവരും കരുതിയത് വാർത്താ ഏജൻസികൾ 10-1 എന്നടിച്ചത് അച്ചടിപിശകായി 0-1 എന്നായതായിരുന്നു എന്നത്രെ. ഏതായാലും കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെതിരെ അമേരിക്ക കളിച്ച കളി കണ്ട ആരും ഇക്കുറി അത്തരമൊരു ഫലമുണ്ടായാൽ അത് അച്ചടിപിശകാണന്ന് കരുതില്ല.

ഇന്നത്തെ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന കളി അർജന്റീനയും നൈജീരിയയും തമ്മിലുള്ളതാണ്. മെസ്സിക്കു മുകളിൽ നൈജീരിയൻ കഴുകൻമാർ പറക്കുമോ എന്നുള്ളതാണ് കേരളത്തിൽ സുലഭമായിട്ടുള്ള അർജന്റീനയുടെ ആരാധകർ ഭയപ്പെടുന്നത്.

ആരും വലിയ താത്പര്യം കാണിക്കാത്ത ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഗോളടിക്കാത്തതിന് കുപ്രസിദ്ധി നേടിയ ഗ്രീസ് ഏഷ്യയുടെ വിനീതപ്രതിനിധികളിലൊരാളായ ദക്ഷിണ കൊറിയയെ നേരിടും.

13 December 2008

IFFK-യില്‍ ഫുട്ബോള്‍ കിക്കോഫ്

ഇന്റര്‍നാഷണല്‍‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന IFFK-യില്‍ ഫുട്ബോള്‍ ഇടയ്ക്കിടെ പ്രതിപാദ്യവിഷയമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ഡ്രിബ്ലിങ്ങ് ഫെയ്റ്റ് (Dribbling Fate) എന്ന പോര്‍ച്ചുഗീസ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നായകന്റെ നഷ്ടപ്പെട്ട ഫുട്ബോള്‍ സ്വപ്നങ്ങളായിരുന്നു ആ സിനിമയുടെ കാതല്‍. കൂടാതെ 2005-ല്‍ സ്പോര്‍ട്സ് ഡോക്യുമെന്ററികളുടെ ഒരു പാക്കേജും കാണിച്ചിരുന്നു.

ഇക്കോല്ലം കിക്കോഫ് എന്ന പേരില്‍ ഫുട്ബോളിനെക്കുറിച്ചുള്ള മൂന്ന് ഡോക്യമെന്ററികള്‍ അടങ്ങിയ പാക്കേജ് IFFK-യിലുണ്ട്. അതില്‍ രണ്ടെണ്ണം മറഡോണയെപ്പറ്റിയാണ്. ദൈവം IFFK-യുടെ ഷെ‍ഡ്യൂളിലും കൈകടത്തുന്നുണ്ടായിരിക്കാം. പെലെ അഭിനയിച്ച എസ്കേപ്പ് റ്റു വിക്റ്ററി (Escape to Victory) കൂടി ഈ പാക്കേ‍ജില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് തോന്നുന്നു.

മൂന്നാമത്തെ ഡോക്യമെന്ററി 2002-ലെ ബ്രസീലും ജെര്‍മ്മനിയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മൂന്ന് ആദിവാസി ഗോത്രങ്ങള്‍ (നൈജീരീയയിലേയും മംഗോളിയയിലേയും ആമസോണ്‍ വനങ്ങളിലേയും) എങ്ങിനെ കണ്ടു എന്നുള്ളതിനെപ്പറ്റിയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ചെല്‍സീയും തമ്മില്‍ റഷ്യയില്‍ നടന്ന യുവേഫ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം നൈജീരീയയിലെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റേയും ചെല്‍സീയുടേയും ആരാധകര്‍ തമ്മില്‍ത്തല്ലി സമീപകാലത്ത് കുറച്ച് പേര്‍ മരിച്ച സംഭവം ഓര്‍ക്കുകയാണെങ്കില്‍ 2002-ല്‍ ഗോത്രയുദ്ധം നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മറ‍ഡോണയെപ്പറ്റിയുള്ള ഡോക്യുമെന്ററികളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് എമിര്‍ കസ്റ്റൂറിക്കയാണ് (Emir Kusturica). പച്ചക്കറിപോലത്തെ പേരാണെങ്കിലും ആള് ചില്ലറക്കാരനല്ല. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ലൈഫ് ഇസ് എ മിറക്കിള്‍ എന്ന ചിത്രം IFFK-യില്‍തന്നെ പ്ര‍ദര്‍ശിപ്പിച്ചിരുന്നു. ബാള്‍ക്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യത്തിന്റെ ഒരു വെടിക്കെട്ടായിരുന്നു ആ ചിത്രം. അതിലും ഒരു ഫുട്ബോള്‍ രംഗമുണ്ട്. കളിയില്‍ ഹോം ടീം തോല്‍ക്കാറാകുമ്പോള്‍ കാണികളിലൊരാള്‍ നല്ല നീളത്തിലൂള്ള ഒരു പ്ലാസ്റ്റിക കുഴല്‍ സംഘടിപ്പിച്ച് എതിര്‍ ടീമിന്റെ ഗോളിയുടെ പുറത്തേയ്ക്ക് മൂത്രമൊഴിക്കുന്നു (ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ തെറിവിളിയന്‍മാരായ ആസ്ത്രേലിയയിലെ ക്രിക്കറ്റ് കാണികള്‍ക്കുപോലും ഇത് ഒരു പുതുമയായിരിക്കാം). തുടര്‍ന്ന് ഒരു ടീമിന്റെ കോച്ചിനോട് ഫിലോസഫിക്കലായ ഒരു ഡയലോഗ് നായകന്‍ പറയുമ്പോള്‍, ഇത് ആര് പറഞ്ഞതാണെന്ന് കോച്ച് തിരക്കുന്നു. നായകന്‍: “വില്ല്യം ഷേക്സ്പിയര്‍”. കോച്ചിന്റെ മറുപടി: “ഞാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോള്ളോ ചെയ്യാറില്ല”!

നാളെ (14-12-08) രാവിലെ 9.30-ന് ആണ് മറഡോണയെപ്പറ്റിയുള്ള ആ‍ദ്യ ‍ഡോക്യുമെന്ററിയുടെ (കസ്റ്റൂറിക്ക സംവിധാനം ചെയ്യുന്നത് അല്ല) പ്രദര്‍ശനം. രമ്യാ തിയ്യറ്ററില്‍.

02 November 2008

ഫോര്‍മുല വണിലെ കലാശപ്പോരാട്ടം

കേരളത്തില്‍ ഏറ്റവും ജനപ്രിയമായിരുന്ന കാറോട്ടമത്സരം പഴയ ഒരു സിനിമയില്‍ (കോളിളക്കം ആണെന്ന് തോന്നുന്നു) ജയനും സുകുമാരനും കൂടി അന്നത്തെ മദ്രാസില്‍ നിന്ന് മഹാബലിപുരം വരെ ഈസ്റ്റ് കോസ്റ്റ് റോ‍‍ഡില്‍ നടത്തിയ സിനിമാറ്റിക് ഫോര്‍മുല വണ്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ട്ടന്‍ സെന്നയും നൈജല്‍ മാന്‍സലും പിന്നീട് മൈക്കല്‍ ഷൂമാക്കറും കേബിള്‍ റ്റിവിയിലും സ്പോര്‍ട്സ് പേജുകളിലും നിറഞ്ഞപ്പോഴാണ് മലയാളികളും ആഗോളവത്കരണത്തിന് വിധേയരായി ഫോര്‍മുല വണ്‍ മത്സരങ്ങളെ മുഖ്യധാരാ സ്പോര്‍ട്സ് ഇനങ്ങളുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചത്. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെട്ട ജയനെപ്പോലെ 1994-ല്‍ സാന്‍മരിനോയിലെ ട്രാക്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ അപകടത്തില്‍ കൊല്ലപ്പെട്ട അയര്‍ട്ടണ്‍ സെന്നയും കാല്‍പ്പനികമായ സാഹസികതയുടെ നിത്യസ്മാരകമായി.

ഇന്ന് അല്‍പസമയത്തിന് ശേഷം അയര്‍ട്ടണ്‍ സെന്നയുടെ നാടായ ബ്രസീലിലെ ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിന്റെ അവസാനമത്സരം നടക്കുമ്പോള്‍ വിജയിയെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ നിരവധി പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിറഞ്ഞതാണ്. ഇരുപത് പേര്‍ പങ്കെടുക്കുന്ന ഇന്നത്തെ മത്സരത്തില്‍ രണ്ട് പേര്‍ മാത്രമേ കിരീടം ലക്ഷ്യമിട്ട് ആക്സിലറേറ്റര്‍ ചവിട്ടുന്നുള്ളൂ: ബ്രിട്ടീഷ് കാര്‍ക്ക് ഫോര്‍മുല വണിലെ ബാറാക് ഒബാമയായ മക് ലാറന്‍ ടീമിന്റെ ലൂയിസ് ഹാമില്‍ട്ടണും അയര്‍ട്ടന്‍ സെന്നയ്ക്ക് ശേഷം ബ്രസീലില്‍ നിന്നുള്ള ഏറ്റവും പ്രതിഭാധനനായ ‍
‍ഡ്രൈവര്‍ എന്ന പേര് സമ്പാദിച്ചിട്ടുള്ള ഫെറാറിയുടെ ഫെലിപ്പെ മാസയും. ഹാമില്‍ട്ടണ് 94 പോയിന്റും മാസയ്ക്ക് 87 പോയിന്റുമാണുള്ളത്.

കാര്‍ നിര്‍മ്മാതാക്കളുടെ മത്സരവും കേരളത്തിലെ പ്രൈവറ്റ് ബസുകളുടെ മത്സരം പോലെ വാശിയേറിയതാണ്. ഫെറാറിയ്ക്ക് 156 പോയിന്റും മക് ലാറന് 145 പോയിന്റുമാണുള്ളത്. ഒറ്റനോട്ടത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ് ഹാമില്‍ട്ടണും കാര്‍ നിര്‍മ്മാതാക്കളുടെ ചാംപ്യന്‍ഷിപ് ഫെറാറിയ്ക്കുമാണ് സാധ്യത എന്ന് മനസിലാക്കാം. കഴിഞ്ഞ തവണയും വ്യക്തിഗത ചാംപ്യന്‍ഷിപ് ഇത് പോലെ തന്നെ ആയിരുന്നു.

കഴിഞ്ഞ തവണത്തെ ഫെറാറിയുടെ കിമി റൈക്കിനനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീ‍‍ഡുണ്ടായിരുന്നു ഹാമില്‍ട്ടണ് അവസാന മത്സരത്തിന് ബ്രസീലിലേക്ക് വരുമ്പോള്‍. ‍കഴിഞ്ഞ വര്‍ഷത്തെ പ്രധാന മത്സരം ഹാമില്‍ട്ടണും മക് ലാറന്‍ ടീം മേറ്റ് കൂടിയായിരുന്ന ഫെര്‍ണ്ണാണ്ടോ അലോന്‍സയും തമ്മിലായിരുന്നു. അലോന്‍സയ്ക്ക് ഹാമില്‍ട്ടണേക്കാള്‍ മൂന്ന് പോയിന്റ് കുറവേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഹൈവേകളിലെ ഡ്രൈവര്‍മാരുടെ മത്സരം പോലെ ഈഗോ കലുഷിതമാക്കിയ മത്സരമായിരുന്നു ഇവര്‍ തമ്മില്‍. കഴിഞ്ഞ തവണത്തെ ബ്രസീലിയന്‍ ഗ്രാന്‍‍ഡ് പ്രീ ഫോര്‍മുല വണ്‍ ചരിത്രത്തിലെ തന്നെ ആന്റി-ക്ലൈമാക്സുകളിലൊന്നായിരുന്നു. അതില്‍ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്ത റയിക്കിനന്‍ ഹാമില്‍ട്ടണെ ഒരു പോയിന്റിന് പിന്നിലാക്കി ചാംപ്യന്‍ഷിപ് നേടി. ഹാമില്‍ട്ടണ് ഏഴാമതായി എത്താനേ കഴിഞ്ഞുള്ളൂ. അലോന്‍സയ്ക്കും വിജയിക്കാനാവശ്യമായ പോയിന്റ് നേടാനായില്ല.

ഈ ഒരു ചരിത്രം തോക്കും ചൂണ്ടി ഇന്ന് വണ്ടി ഓടിക്കുമ്പോള്‍ ഹാമില്‍ട്ടന്റെ സീറ്റിന് പിറകില്‍ ഉണ്ടാകും. മാത്രമല്ല ഹാമില്‍ട്ടണെ ടെന്‍ഷനടിപ്പിച്ച് തോല്‍പ്പിക്കുവാന്‍ വേണ്ടി ഒരു വെബ് സൈറ്റ് (http://www.pinchalaruedadehamilton.com/; ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല) തന്നെ ആരോ തുടങ്ങിയിട്ടുണ്ട്. ടയര്‍ പഞ്ചറാകുന്നതിനെ സൂചിപ്പിക്കാന്‍ കുപ്പിച്ചില്ലുകളുടേയും ആണിത്തുമ്പുകളുടേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി മുന്‍ നിരയില്‍ അണിനിരക്കാനാണത്രെ കാണികളോട് ഈ വെബ് സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള ആഹ്വാനം. മത്സരം ബ്രസീലില്‍ വച്ചായതിനാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്വാഭാവികമായും മാസയ്ക്കായിരിക്കും. പക്ഷെ എന്‍ജിനുകള്‍ക്ക് കാണികളുടെ ആരവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ഹാമില്‍ട്ടണ് പ്രതീക്ഷ പുലര്‍ത്താം. മാസ പോള്‍ പൊസിഷനില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഹാമില്‍ട്ടന്‍ നാലാമതായും.

അപ് ഡേറ്റ്: അവസാന ലാപില്‍ ആറാം സ്ഥാനത്ത് നിന്ന് അ‍ഞ്ചാം സ്ഥാനത്തെത്തി കഴിഞ്ഞ തവണ നാടകീയമായി നഷ്ടപ്പെട്ട കിരീടം നാടകീയമായിത്തന്നെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. അവസാമനിമിഷങ്ങളില്‍ മഴ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച റേസില്‍ മാസ ഒന്നാമതെത്തിയെങ്കിലും ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ. ചാംപ്യന്‍ഷിപ്പില്‍ അവസാന പോയിന്റ് നില ഇങ്ങിനെയാണ്: ഹാമില്‍ട്ടണ് 98 പോയിന്റും മാസയ്ക്ക് 97 പോയിന്റും.

23 October 2008

ഒരു കൊടുങ്കാറ്റിന്‍റെ ആരംഭം

1989 ‍ഡിസംബറില്‍ ‍ പാകിസ്ഥാനെതിരായ ഒരു എക്സിബിഷന്‍ മാച്ചില്‍ പതിവ് പോലെ നൃത്തച്ചുവടുകളോടെ ബൗള്‍ ചെയ്യാനെത്തിയ അന്നത്തെ ഒന്നാം നമ്പര്‍ ലെഗ് സ്പിന്നറായിരുന്ന അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരു ഓവറില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 28റണ്‍സ് നേടിയതോടെയാണ് കടുത്ത ക്രിക്കറ്റ് പ്രേമികളുടെ സര്‍ക്കിളിന് പുറത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സംസാരവിഷയമാകാന്‍ തുടങ്ങിയത്. ‍
ദൂരദര്‍ശനിലെ ക്രിക്കറ്റ് റ്റെലികാസ്റ്റുകളിലൂടെയും പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളിലുമുള്ള ക്രിക്കറ്റില്‍ കുളിച്ച് നടന്ന “യഥാര്‍ത്ഥ” ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ ശാരാദാശ്രമം സ്കൂളിന് വേണ്ടി വിനോദ് കാംബ്ളിയുമൊത്ത് നേടിയ ലോക റെക്കോര്‍ഡും ബോംബെയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലെ പ്രകടനങ്ങളും പോലെയുള്ള ടെന്‍ഡുല്‍ക്കര്‍ പൊതുവിജ്ഞാനം സമാഹരിക്കാന്‍ തുടങ്ങിയിരുന്നു.

അന്ന് ക്രിക്കറ്റിലും ഇന്ത്യയുടെ വര്‍ഗശത്രുവായിരുന്ന പാകിസ്ഥാനെതിരെയായിരുന്നു ടെന്‍ഡുല്‍ക്കറുടെ 16 വയതിനിലെ അരങ്ങേറ്റം. അതിഗംഭീരമായിരുന്നില്ല അരങ്ങേറ്റം. ഏകദിനത്തിലെ ആ‍ദ്യ രണ്ട് ഇന്നിംഗ്സുകളില്‍ റണ്ണൊന്നും എടുത്തിരുന്നില്ല (രണ്ടാമത്തെ മത്സരം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍‍‍ഡിലെ ‍ഡ്യുണെഡിനില്‍ ആയിരുന്നു. അയത്ന ലളിതമായ ബാറ്റിങ്ങ് ടെക്നിക്കും അക്ഷോഭ്യമായ സ്ട്രെയിറ്റ് ഡ്രൈവും ആയിരുന്നു വരാനിരിക്കുന്ന റണ്‍ വസന്തത്തിന്റെ തളിരിലകളായത്. സഞ്ചയ് മഞ് രേക്കറായിരുന്നു ആ പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ്ങ് താരം. ഒരു പക്ഷെ ഇംറാന്‍ ഖാനും വാസിം അക്രവും വാക്കാര്‍ യൂനിസും അബ്ദുള്‍ ഖാ‍‍ദറും ഉള്‍പ്പെട്ട എക്കാലത്തേയും മികച്ച ഒരു ബൗളിങ്ങ് നിരയ്ക്കെതിരെ ആയതുകൊണ്ടാവണം അരങ്ങേറ്റം മങ്ങിപ്പോകാന്‍ കാരണം. അത്രയും വേഗതയേറിയ ബൗളിങ്ങ് അതിന് മുന്‍പോ ശേഷമോ കളിക്കേണ്ടിവന്നിട്ടില്ല എന്നാണ് ടെന്‍ഡുല്‍ക്കര്‍ പിന്നീട് പറ‍ഞ്ഞിട്ടുള്ളത്. ഭാവിയിലെ വാഗ്‍ദാനം എന്ന് പ്രശസ്തനായതിനാല്‍ പരമാവധി കഴിവെടുത്ത് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആ സീരീസില്‍ ബൗള്‍ ചെയ്തിരുന്നുവെന്ന് പില്‍ക്കാലത്ത് റ്റെലിവിഷന്‍ കമന്ററിക്കിടയില്‍ വാസിം അക്രം പറഞ്ഞിട്ടുണ്ട്.

വെളിച്ചക്കുറവ് മൂലം ആകസ്മികമായി 20-20 ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പ്രദര്‍ശന ഏകദിന മത്സരത്തിലാണ് ടെന്‍ഡുല്‍ക്കര്‍ വയസറിയിച്ചത്. ആ‍ദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറും കളിച്ച് 4 വിക്കറ്റിന് 157 റണ്‍സ് എടുത്തു. അന്നെല്ലാം ജാവേദ് മിയാന്‍ദാദിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന അത്താഴം മുടക്കിയായിരുന്ന സലിം മാലിക് ആയിരുന്നു 75 റണ്‍സ് ഏടുത്ത് ടോപ് സ്കോററായത്. ടെന്‍ഡുല്‍ക്കര്‍ വരുന്നത് വരെ ഇന്ത്യ ജയിക്കാന്‍വേണ്ടിയാണ് കളിക്കുന്നത് എന്ന് തോന്നിപ്പിച്ചിരുന്നില്ല. ടെന്‍ഡുല്‍ക്കര്‍ 18 ബോളില്‍ നിന്ന് 53 റണ്‍സ് നേടി ഇന്ത്യയെ അവസാന ബോളില്‍ ഒരു സിക്സ് അടിച്ചാല്‍ ജയിക്കാം എന്ന സ്ഥിതിയിലെത്തിച്ചു. അവസാന ബോളില്‍ സിക്സടിച്ച് ജയിക്കുന്നതിന്റെ പേറ്റന്റ് ജാവേദ് മിയാന്‍ദാദിന്റെ കൈയ്യിലായതിനാല്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരോവറില്‍ നാല് സിക്സറുകളും ഒരു ഫോറും ആയി സച്ചിന്‍ നേടിയ 28 റണ്‍സ് തന്നെയായിരുന്നു ആ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.

പിന്നീട് ഇതിനെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് അബ്ദുള്‍ ഖാ‍‍ദര്‍ ടെന്‍ഡുല്‍ക്കറുടെ അടുത്ത് 80-കളിലെ സ്ലെഡ്ജിങ്ങ് നടത്തിയിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെന്‍ഡുല്‍ക്കര്‍ അടി തുടങ്ങിയതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഷെയിന്‍ വോണ്‍, പോള്‍ സ്ട്രാങ്ങ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പല ലെഗ് സ്പിന്നര്‍മാരും ടെന്‍ഡുല്‍ക്കറുടെ പവര്‍ ഹിറ്റിങ്ങിനിരയായിട്ടുണ്ട്. പക്ഷെ ഏതാണ്ട് സമാനമായി പന്ത് തിരിക്കുന്ന ഇടം കൈയ്യന്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഈ ആക്രമണമികവ് കാഴ്ച വയ്ക്കാന്‍ എന്തുകൊണ്ടോ സച്ചിന് കഴിഞ്ഞിട്ടില്ല.

ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സച്ചിന്‍ തിരുത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും പ്രവചിച്ചിരുന്നു. ഏതായാലും 16 വയസില്‍ തുടങ്ങിയ ആ ക്രിക്കറ്റ് കൊടുങ്കാറ്റ് പര്‍വതശിഖരങ്ങളും കൊടുമുടികളും താണ്ടി ബാറ്റിങ്ങ് ആകാശത്തിന്റെ അധിപനായി മാറുമ്പോള്‍ സച്ചിന്റെ ജീവിത ചരിത്രത്തിനെ ഒറ്റ വാക്യത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം: Chronicle of a Cricketing Life Foretold.