30 June 2008

യൂറോ - 2008 സ്പെയിനിന്: ഇനി ഞാന്‍ ഉറങ്ങട്ടെ

ഒരു ഫൈനലിന്‍റെ ആവേശവും നിലവാരവും പുലര്‍ത്താത്ത മത്സരത്തില്‍ ജെര്‍മ്മനിയുടെ നിരവധി പ്രതിരോധ പിഴവുകളിലൊന്നിനെ ഒരു കാളപ്പോരുകാരന്‍റെ വീറോട മുതലെടുത്ത ടോറസിന്‍റ ഒന്നാം പകുതിയിലെ ഒരേയോരു ഗോളിന് ജെര്‍മ്മനിയെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പരാജയപ്പെടുത്തി സ്പെയിന്‍ യൂറോ - 2008കിരീടം സ്വന്തമാക്കി. കിരീടം മാഡ്രിഡിലേക്ക് പോയതോടെ ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും മികച്ച ടീം തന്നെ കപ്പ് നേടി എന്ന ദൈവനീതിയും നടപ്പായി. നഷ്ടസ്വപ്നങ്ങളുടേയും കിട്ടാതെപോയ കിരീടങ്ങളുടേയും കഥകള്‍ അധികമുള്ള സ്പാനിഷ് ഫുട്ബോളിന് ഇനി യൂറോപ്പിലെ ഫുട്ബോള്‍ കവലയില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാം.

തുടക്കത്തില്‍ ഫെനല്‍ അധികെ കളിക്കാത്തതിന്‍റെ സഭാകന്പവുമായാണ് സ്പെയിന്‍ കളിച്ചത്. പിന്നീട് ഇനിയെസ്റ്റയും ഫാബ്രിബാസും സെന്നയും റാമോസും മുന്‍കൈയ്യെടുത്ത് സ്പെയിന്‍റെ മിഡ്ഫീല്‍ഡിലെ "പാസിങ്ങ് യന്ത്രം" പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയതിനു ശേഷം ഒരു ‍ടീം മാത്രമേ മത്സരത്തിലുണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിലുള്ള സൂക്ഷ്മതക്കുറവ് കൊണ്ട് മാത്രമാണ് സ്പെയിനിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാത്തത്. ജെര്‍മ്മനിക്ക് മത്സരത്തില്‍ എന്തെങ്കിലും ഗെയിം പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ അത് പുറത്ത് കാണിക്കാതിരിക്കുന്നതില്‍ അവര്‍ വിജയിച്ചു. അനായാസമായ ഗ്രൂപ്പും ലക്കി ഡ്രായുമായതിനാലാണ് ജെര്‍മ്മനി ഫൈനലിലെത്തിയത് എന്ന ആക്ഷേപത്തെ ശരിവയ്ക്കും പ്രകാരമാണ് അവര്‍ കളിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ഫുട്ബോള്‍ കാണാന്‍ പറ്റില്ല എന്ന വിഷമമുണ്ടെങ്കിലും തടസമില്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസവുമുണ്ട്. ഇനി ഞാന്‍ ഉറങ്ങട്ടെ.

28 June 2008

യൂറോമാനിയ: “ഒരു സ്പെയിന്‍ !”

യൂറോ - 2008-ല്‍ ആരാവും ചാംപ്യന്‍ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചിന്താവിഷയം. ഇന്നലെ രാവിലെ ഓഫീസില്‍ പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോഴും അത് തന്നെയായിരുന്നു ചിന്ത. മനസ് സ്പെയിനെന്ന് പറയുന്നു. പക്ഷെ‍ തലച്ചോര്‍ ജെര്‍മ്മനിയെ തുണയ്ക്കുന്നു. ഡേവിഡ് വിയയ്ക്ക് പരിക്ക് പറ്റിയത് ഒരു കണക്കിന് നന്നായി. ഫാബ്രിഗാസിന് കളിക്കാമല്ലോ. മകളുടെ കല്ല്യാണക്കാര്യങ്ങള്‍ തീരുമാനിക്കുന്ന പിതാവിന്‍റെ ശുഷ്കാന്തിയോടെ ഞാന്‍ ചിന്തിച്ചു. തീര്‍‍ച്ചയായും ബല്ലാക്കിന്‍റേയും ഷ്വാന്‍സ്റ്റൈഗറുടേയും പോ‍‍ഡോള്‍സ്കിയുടേയും മി‍ഡ്ഫീല്‍ഡ് കളിയുടെ മികവില്‍ ഇതുവരെ എത്തിയ ജെര്‍മ്മനിക്കെതിരെ മിഡ്ഫീല്‍ഡ് ശക്തിപ്പെടിത്തുന്നത് സ്പെയിനിന് ഗുണം ചെയ്യുമായിരിക്കും. നടന്ന് നടന്ന് ബസ് സ്റ്റോപ്പിലെത്തി. പക്ഷെ നിര്‍ണ്ണായകമത്സരങ്ങളില്‍ പതറാറുള്ള സ്പെയിനിന്‍റെ ചരിത്രത്തെപ്പറ്റിയും കളി തീരും വരെ ഏത് സാഹചര്യത്തിലും പൊരുതാനുള്ള ജെര്‍മ്മനിയുടെ വീറിനെപ്പറ്റിയും ആലോചിച്ചാല്‍ .... ഒരു ബസ് വരുന്നു. കയറിയേക്കാം. ആരായിരിക്കും ജയിക്കുക. ദൗര്‍ബല്യങ്ങള്‍ കുറവ് സ്പെയിനിനാണ്. പക്ഷെ ബല്ലാക്കിനെപ്പോലെ ഒരു നിമിഷം കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള കളിക്കാരന്‍ അവര്‍ക്കില്ലല്ലോ. കണ്ടക്റ്റര്‍ ടിക്കറ്റ് നല്‍കാന്‍ വേണ്ടി അടുത്ത് വന്നു. ഞാന്‍ യാന്ത്രികമായി 10 രൂപ എടുത്ത് കൊടുത്ത് പറ‍‍‍ഞ്ഞു. “ഒരു സ്പെയിന്‍ !” അന്തം വിട്ട് കണ്ടക്റ്ററും സഹയാത്രികരും എന്നെ നോക്കിയപ്പോള്‍ സെല്‍ഫ് ഗോള്‍ അടിച്ചത് പോലെ ഞാന്‍ പരുങ്ങി. അബദ്ധം മനസിലായി ഞാന്‍ ഇറങ്ങാനുള്ള സ്ഥലം തിരുത്തിപ്പറഞ്ഞപ്പോള്‍ മഞ്ഞക്കാര്‍‍‍ഡ് കാണിക്കുന്നത് പോലെ ഒരു മഞ്ഞനിറമുള്ള ടിക്കറ്റ് തന്ന് കണ്ടക്റ്റര്‍ മുന്നിലേക്ക് പോയി.

26 June 2008

യൂറോ 2008 - ഗോള്‍ മഴ പെയ്യിച്ച് സ്പെയിന്‍‍ സെമിയില്‍

യൂറോ 2008-ല്‍ ഗോള്‍ക്ഷാമത്തിന് കുപ്രസിദ്ധി നേടിയ വിയന്നയിലെ ഏണ്‍സ്റ്റ് ഹ‍ാപ്പല്‍ സ്റ്റേ‍ഡിയത്തില്‍ ഒന്നാം പകുതിയില്‍ ഇടിവെട്ടി പെയ്ത മഴയ്ക്കു ശേഷം രണ്ടാം പകുതിയില്‍ ഫുട്ബോള്‍ വസന്തം ചമച്ച സ്പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ ഹിപ്നോട്ടൈസ് ചെയ്ത് ഫൈനലില്‍ കടന്നു. ഇരു ടീമുകളും ഏറക്കുറെ ഒപ്പത്തിനൊപ്പം നിന്ന ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടേയും ബ്രസീലിന്‍റേയും കളി അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സോക്കര്‍ ജാലവിദ്യ പുറത്തെടുത്ത സ്പെയിനിനു മുന്നില്‍ റഷ്യ ഒരു മനോഹരമായ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുട്ടികളെപ്പോലെ പകച്ചു നിന്നു.

കളിയുടെ 56-ം മിനിറ്റില്‍ സാവിയും 73-ം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫോര്‍വേഡ് ഡാനിയല്‍ ഗ്വൈസയും 82-ം മിനിറ്റില്‍ ഡേവിഡ് സില്‍വയുമാണ് സ്പെയിനിനു വേണ്ടി ഗോളുകള്‍ നേടിയത്. മൂന്ന് ഗോളുകളും നല്ല ഒത്തിണക്കത്തോടെയുള്ള പാസിങ്ങിന്‍റെ ഫലമായാണുണ്ടായത്. ആദ്യ ഗോളിന് പാസ് നല്‍കിയ ഇനിയെസ്റ്റ അത് ഗോളിലേക്കടിച്ചതാണോ പാസുകൊടുത്തതാണോ എന്ന തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഏതായാലും പെനാല്‍റ്റി ബോക്സിലൂടെ മുന്നോട്ടു കുതിച്ച സാവിയുടെ കാലുകളില്‍ അത് ഒന്നാന്തരം ഒരു ക്രോസായാണ് ചെന്ന് പതിച്ചത്. സാവിക്ക് കാലു വയ്ക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത രണ്ട് ഗോളുകളെ പറ്റി അങ്ങിനെ യാതൊരു തര്‍ക്കത്തിന്‍റേയും ആവശ്യം ഇല്ല. ഫാബ്രിഗാസിന്‍റെ, ഡിഫന്‍സിനെ കീറിമുറിച്ച, ‍എണ്ണം പറഞ്ഞ രണ്ട് പാസുകളാണ് ഗ്വൈസയും സില്‍വയും ഗോളാക്കി മാറ്റിയത്. മത്സരത്തിന്‍റെ 35-ാ മിനിറ്റില്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയയ്ക്ക് പരിക്കു പറ്റി സബ്സ്റ്റിറ്റ്യൂട്ട് ആയി ഫാബ്രിഗാസ് ഇറങ്ങിയത് സ്പെയിന്‍റെ മി‍ഡ്ഫീല്‍ഡിന്‍റെ കരുത്ത് വര്‍ദ്ധിപ്പിച്ചിരുന്നു.സ്പാനിഷ് ഡിഫന്‍‍‍ഡര്‍ കാര്‍ലോസ് പുയോള്‍ റഷ്യയുടെ തുറുപ്പ് ചീട്ടായ ആന്‍ഡ്രേ അര്‍ഷാവിനെ, ഇടതുകക്ഷികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ബന്ധിച്ചിരിക്കുന്നത് പോലെ, അനങ്ങാന്‍പറ്റാത്ത വിധം മാര്‍ക്ക് ചെയ്തു. പ്രത്യേകം തയ്യാറാക്കിയ വിമാനങ്ങളില്‍ മത്സരത്തിന് തൊട്ടുമുന്‍പ് വിയന്നയില്‍ വന്നിറങ്ങിയ റോമന്‍ അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള റഷ്യയുടെ എണ്ണ മുതലാളിമാര്‍ക്കും പരിവാരങ്ങള്‍ക്കും 1964-ല്‍ റഷ്യയെ (അന്ന് USSR) തോല്‍പ്പിച്ചുനേടിയ യൂറോപ്യന്‍ കപ്പിനു ശേഷം കീരീടങ്ങളൊന്നും നേടാന്‍ കഴിയാത്ത സ്പെയിനിന്‍റെ ഫുട്ബോള്‍ ഹോളി ഗ്രെയിലിന്‍റെ (Holy Grail) മറ്റൊരു ചുവടുവയ്പ്പിന് സാക്ഷ്യം വഹിച്ച് മടങ്ങേണ്ടിവന്നു.

25 June 2008

യൂറോ 2008: യുവതുര്‍ക്കികളെ മറികടന്ന് ജെര്‍മ്മനി ഫൈനലില്‍

ദാവൂദ്-ഗോലിയാത്ത് പോരാട്ടത്തെ ഓര്‍മ്മിപ്പിച്ച യൂറോ - 2008-ലെ ആദ്യ സെമിയില്‍ ഫുട്ബോളിലെ ഒരു സ്ഥിരം ഗോലിയാത്തിന് വിജയം. അവിശ്വസനീയമാം വിധം ആക്രമിച്ച് കളിച്ച് ടര്‍ക്കിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കഷ്ടിച്ച് മറികടന്നാണ് ജെര്‍മ്മനി ഫൈനലില്‍ അനര്‍ഹമെന്ന് ഭൂരിഭാഗം കാണികളും വിധിയെഴുതാനിടയുള്ള സ്ഥാനം നേടിയത്. പക്ഷെ ഫുട്ബോളിലെ ന്യായാന്യായങ്ങള്‍ക്കും സൗന്ദര്യവശങ്ങള്‍ക്കുമെല്ലാം കേരളത്തിലെ RTO ഓഫീസുകളില്‍ സാംബത്തികസദാചാരത്തിനുള്ള സ്ഥാനം മാത്രമേ ജെര്‍മ്മന്‍ ഫുട്ബോളില്‍ എന്നും ഉണ്ടായിരുന്നുള്ളൂ.

കളിയുടെ ആദ്യത്തെ 20 മിനിറ്റില്‍ ജെര്‍മ്മനിക്ക് പന്ത് കിട്ടിയില്ലെന്ന് തന്നെ പറയാം. വിശന്ന് പൊരിഞ്ഞ വന്യമൃഗങ്ങളെപ്പോലെ ടര്‍ക്കി ജെര്‍മ്മന്‍ ഗോള്‍മുഖം ആക്രമിച്ചു. നിര്‍ഭാഗ്യം കൊണ്ടും മികച്ച ഒരു സ്ട്രൈക്കര്‍ ഇല്ലാതിരുന്നത് കൊണ്ടും മാത്രമാണ് ടര്‍ക്കി ഗോള്‍ നേടാതിരുന്നത്. രണ്ട് തവണ ടര്‍ക്കിയുടെ കാസിം കാസിമിന്‍റെ ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങി. രണ്ടാമത്തെ തവണ റീബൗണ്ട് ചെയ്ത പന്ത് ജെര്‍മ്മന്‍ വലയിലെത്തിച്ച് ഉഗര്‍ ബോറാല്‍ ടര്‍ക്കിയുടെ ആദ്യ ഗോള്‍ നേടി. അതിനു ശേഷം മാത്രമാണ് ജെര്‍മ്മനിക്ക് മാന്യമായ ഒരു മുന്നേറ്റമെങ്കിലും നടത്താനായത്. പക്ഷെ അതിനു ഉടനടി ഫലവും കണ്ടു. ഇടതുവിങ്ങില്‍ നിന്ന് പോഡോള്‍സ്‍കി പെനാല്‍റ്റി ബോക്ലിലേക്ക് നല്‍കിയ പാസ് മുന്നോട്ട് ഓടിക്കയറി ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ഗോള്‍ലയിലേക്ക് തിരിച്ച് വിട്ട് ഷ്വാന്‍സ്റ്റെയിഗര്‍ ജെര്‍മ്മനിക്കുവേണ്ടി സമനിലഗോള്‍ നേടി. തുടര്‍ന്ന് വീണ്ടും ടര്‍ക്കിയുടെ ആക്രമണ തിരമാലകളായിരുന്നു. ജെര്‍മ്മനി ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജെര്‍മ്മനിയുടെ ഗോള്‍മുഖത്ത് തന്നെയായിരുന്നു മിക്കവാറും സമയവും കളി നടന്നത്. ജെര്‍മ്മന്‍ ഗോള്‍‍കീപ്പര്‍ ലേമാന്‍ തകര്‍പ്പന്‍ ചില സേവുകള്‍ നടത്തി ജെര്‍മ്മനിയെ കൂടുതല്‍ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചു. ഫോര്‍വേര്‍ഡുകള്‍ക്ക് നീണ്ടപാസുകളിലൂടെ പന്തെത്തിക്കുന്ന ജെര്‍മ്മന്‍ രീതി ഇന്നലെ റ‍‍ഡാര്‍ നഷ്ടപ്പെട്ടത് പോലെയായിരുന്നു. ജെര്‍മ്മനിയുടെ ലോങ്ങ് പാസുകളും ലോബുകളുമെല്ലാം അനുസരണയുള്ള മാടപ്പ്രാവുകളെപ്പെലെ ടര്‍ക്കി കളിക്കാരുടെ നെഞ്ചിലും തലയിലുമെല്ലാം പറന്നു വന്നിരുന്നു.

സെക്കന്‍ഡ് ഹാഫിലും ടര്‍ക്കിയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും ജെര്‍മ്മനി ആദ്യ പകുതിയില്‍ കളിച്ചതിനേക്കാള്‍ നന്നായി കളിച്ചു. കളിയുടെ അവസാന 20 മിനിറ്റ് റ്റിവിയില്‍ കളി തുടര്‍ച്ചയായി ഉണ്ടായിരുന്നില്ല. സ്റ്റേ‍‍ഡിയത്തില്‍ വൈദ്യുതി തടസ്സം ഉണ്ടായെന്നും അതിനാല്‍ ESPN-ന് പടം കിട്ടുന്നില്ലെന്നുമെല്ലാം അറിയിപ്പിണ്ടായി. (സ്വിറ്റ്സര്‍ലാന്‍ഡില്‍ മഴ പെയ്യുന്നത് കഴിഞ്ഞ മത്സരങ്ങളില്‍ നമ്മള്‍ കണ്ടതാണ്. പിന്നെയും കേരളത്തിലെപ്പോലെ ഇവിടയും ലോ‍ഡ് ഷെഡ്ഡിങ്ങോ?) കളിയുടെ ഗതിക്ക് വിരുദ്ധമായി ക്ലോസെ 79-മത്തെ മിനിറ്റില്‍ ഒരു ഹെഡ്ഡറിലൂടെ ഗോള്‍ നേടി ജെര്‍മ്മനിയെ മുന്നിലെത്തിച്ചത് ഇതിനിടയില്‍ കണ്ടു. കളി തീരാന്‍ 11 മിനിറ്റുകള്‍ അവശേഷിക്കവേ ടര്‍ക്കിക്ക് ഒരു അവസാനനിമിഷ തിരിച്ചുവരവിന് മറ്റൊരു അവസരം. പിന്നീട് കളി റ്റിവിയില്‍ വന്നപ്പോള്‍ കാണുന്നത് ക്രൊയേഷ്യക്കെതിരെ അവസാനമിമിഷം ഗോള്‍ നേടിയപ്പോള്‍ ചെയ്ത പോലെ ആഹ്ലാദപ്രകടനം നടത്തുന്ന സെന്‍ടുര്‍ക്കിനെ ആണ്. കളിയുടെ 86-മത്തെ മിനിറ്റിലായിരുന്നു ടര്‍ക്കിയുടെ സമനില ഗോള്‍ . പക്ഷെ ഇക്കുറി അവസാനം ഗോള്‍ നേടിയത് ടര്‍‍ക്കിയായിരുന്നില്ല. മത്സരത്തിന്‍റെ 90-മത്തെ മിനിറ്റില്‍ ഇടത് വിങ്ങില്‍കൂടി മുന്നേറിയ ജെര്‍മ്മന്‍ ഡിഫന്‍ഡര്‍ ഫിലിപ്പ് ലാം മിഡ്ഫീല്‍ഡര്‍ ഫിറ്റ്സ്ബെര്‍ഗര്‍ക്ക് പാസ്നല്‍കി തിരികെ വാങ്ങിച്ച് സ്തബ്ധരായി നിന്ന ടര്‍ക്കിയുടെ ‍ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പെനാല്‍റ്റി ബോക്സില്‍ കയറി ഒന്നാന്തരം ഒരു ഷോട്ടിലൂടെ ടര്‍ക്കിയുടെ ഗോള്‍വല കുലുക്കി. തുടര്‍ന്ന് നാലു മിനിറ്റ് കൂടി ഇന്‍ജുറി റ്റൈം ഉണ്ടായിരുന്നെങ്കിലും ടര്‍ക്കിയ്ക് മറ്റൊരു സ്വപ്നതുല്യമായ തിരിച്ചുവരവിന് അവസരമുണ്ടായില്ല.

രണ്ടാമത്തെ സെമി ഇന്ന് റഷ്യയും സ്പെയിനും തമ്മിലാണ്. ഇതിനു മുന്‍പ് റഷ്യയും സ്പെയിനും യൂറോ കപ്പിന്‍റെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ ഏര്‍പ്പെട്ടത് 1964-ല്‍ സ്പെയിനില്‍ നടന്ന രണ്ടാമത്തെ യൂറോപ്യന്‍ കപ്പിന്‍റെ ഫൈനലില്‍ ആയിരുന്നു. ഒരു ഫുട്ബോള്‍ മത്സരം എന്നതിലുപരി ഒരു രാഷ്ട്രീയ മത്സരം കൂടിയായി മാറിയ ആ ഫൈനലില്‍ ജെനറല്‍ ഫ്രാങ്കോയുടെ സ്പെയിന്‍ കമ്മ്യൂണിസ്റ്റ് റഷ്യയെ (അന്ന് USSR) 2-1-ന് തോല്‍പ്പിച്ച് കിരീടം നേടുകയായിരുന്നു. ഇന്ന് രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും യൂറോ-2008-ലെ ഏറ്റവും മികച്ച രീതിയില്‍ ആക്രമണഫുട്ബോള്‍ കളിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള‍ മത്സരത്തില്‍ , അധികം ഗോള്‍ വീഴാത്ത ഗ്രൗണ്ട് എന്ന ദുഷ്പേര് വിയന്നയിലെ ഏണ്‍സ്റ്റ് ഹാപ്പല്‍ സ്റ്റേ‍ഡിയത്തിന് മാറിക്കിട്ടും എന്ന് വിശ്വസിക്കാം.

24 June 2008

യൂറോ കപ്പ് 2008: സെമിഫൈനല്‍ ഇന്നു മുതല്‍

യൂറോ കപ്പ് 2008-ന്‍റെ ‍സെമിഫൈനലില്‍ ഇന്ന് ടര്‍ക്കി ജെര്‍മ്മനിയേയും നാളെ സ്പെയിന്‍ റഷ്യയേയും നേരിടും. തികച്ചും വ്യത്യസ്തനായ ദേശീയതകളും വൈകാരികതകളും തമ്മിലായിരിക്കും യൂറോപ്പിലെ ഫുട്ബോള്‍ മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം. നിരവധി അന്താരാഷ്ട്രകിരീടവി‍ജയങ്ങളുടെ ക്യാപ്പിറ്റലിസ്റ്റ് കരുത്തുമായി‍ ജെര്‍മ്മനിയും യൂറോപ്പിനും ഏഷ്യക്കുമിടയിലും ഇസ്ലാമിനും കൃസ്തുവിനുമിടയിലും ഉള്ള കയ്യാലപ്പുറത്ത് നിന്നും പുറത്തിറങ്ങാന്‍ ഒരു അവസാനനിമിഷഗോള്‍ പ്രതീക്ഷിച്ചുനില്‍ക്കുന്ന ടര്‍ക്കിയും ഫുട്ബോളിലെ മോഹഭംഗങ്ങളും ഗൃഹാതുതരത്വങ്ങളുമായി , എം.ടി. വാസുദേവന്‍ നായര്‍ യൂറോപ്പിനെപ്പറ്റി നോവലെഴുതുകയാണെങ്കില്‍ നായകനാകാന്‍ എല്ലാ യോഗ്യതയുമുള്ള സ്പെയിനും, കമ്മ്യൂണിസത്തിന്‍റെ വിപ്ലവവീര്യം ഉള്‍ക്കൊണ്ട് നിര്‍ഭയമായി ആക്രമണഫുട്ബോള്‍ കളിക്കുന്ന റഷ്യയും യൂറോപ്യന്‍ ഫുട്ബോളിന്‍റെ പരമാവധി സൗന്ദര്യം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

ജെര്‍മ്മനിക്കെതിരെ ടര്‍ക്കിക്ക് ആരും വലിയ സാധ്യത കൊടുക്കുന്നില്ല. പ്രധാനകളിക്കാരുടെ പരിക്കും സസ്പെന്‍ഷനുമാണ് ടര്‍ക്കി നേരിടുന്ന പ്രധാനപ്രശ്നം. ജെര്‍മ്മനിക്കാണെങ്കില്‍ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നും തന്നെയില്ല. പോര്‍ച്ചുഗലിനെതിരായ മത്സരത്തിലേതുപോലെ ജര്‍മ്മനിയുടെ മി‍‍ഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങുകയാണെങ്കില്‍ ടര്‍ക്കിയുടെ യൂറോ സ്വപ്നങ്ങള്‍ അവസാനിക്കും. പക്ഷെ ഫുട്ബോളല്ലേ, എന്തും സംഭവിക്കാം.

ഏഴാം ക്ലാസും ഗുസ്തിയും

റ്റിവി ചാനലുകളില്‍ ഏഴാം ക്ലാസിലെ ചരിത്രപുസ്തകത്തെ ചൊല്ലി ഗുസ്തി നടത്തുന്നവര്‍ക്കറിയില്ലല്ലോ സ്വയം ഭോഗത്തിന്‍റെ ആദ്യപാപവും പേറി നടക്കുന്ന ഏഴാം ക്ലാസുകാര്‍ക്ക് ചരിത്രത്തോടുള്ള അവജ്ഞ. മിനാരങ്ങളുണ്ടാക്കിയതും റോ‍‍ഡുകള്‍ വെട്ടിയതും അക്ബറാണോ ഔറംഗസീബാണോ എന്നത് പരീക്ഷക്ക് ചോദിച്ചാല്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. പരീക്ഷക്കെന്തിന് ടെക്സ്റ്റ് ബുക്ക്? ലേബര്‍ ഇന്ത്യ ഉണ്ടല്ലോ. ടെക്സ്റ്റ് ബുക്ക് മാറ്റിയാലും ഇല്ലെങ്കിലും ചരിത്രത്തിന്‍റെ വാല്‍ വളഞ്ഞുതന്നെ ഇരിക്കും. ചരിത്രം പ്രവചനാതീതമാണെന്ന് റഷ്യയില്‍ (വേറെയെവിടെ) ഒരു പറച്ചിലുണ്ടെന്ന് കേള്‍ക്കുന്നു. ഈ വിവാദവും എളുപ്പത്തില്‍ ചരിത്രമാകട്ടെ എന്ന് അവശേഷിക്കുന്ന ആള്‍ദൈവങ്ങളുടെ അടുത്ത് പോയി നമുക്ക് പ്രാര്‍‍ത്ഥിക്കാം.

23 June 2008

യൂറോ കപ്പ്: ജൂണ്‍ 22-ന്‍റെ ശകുനം മറികടന്ന് സ്പെയിന്‍ സെമിയില്‍

രണ്ട് ടീമുകളും ഏറക്കുറെ വിരസമായ ടെക്സ്റ്റ് ബുക്ക് ഫുട്ബോള്‍ കാഴ്ച വച്ച അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2-ന് ഇറ്റലിയെ മറികടന്ന് സ്പെയിന്‍ റഷ്യയുമായി സെമിഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ഗോള്‍ ക്ഷാമം ഒരു പക്ഷേ വിയന്നയിലെ ഏണ്സ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തിന്‍റെ പ്രത്യേകതയാകാം, ക്രിക്കറ്റില്‍ ബാറ്റിങ്ങ് പിച്ച് ബൗളിങ്ങ് പിച്ച് എന്നൊക്കെ പറയുന്നത് പോലെ. ഈ യൂറോ കപ്പില്‍ അവിടെ നടന്ന കളികളില്‍ വേറും മൂന്ന് ഫീല്‍ഡ് ഗോളുകള്‍ മാത്രമാണ് സ്കോര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷെ ഇരു ടീമിലും മികച്ച ഒരു പ്രതിരോധ നിരയെ അതിജീവിക്കാന്‍ തക്ക പ്രാപ്തിയുള്ള തരത്തിലുള്ള പ്രതിഭയുള്ള ഒരു മിഡ്ഫീല്‍ഡര്‍ ഇല്ലാത്തതും ഇന്നലത്തെ മത്സരത്തില്‍ ഗോള്‍ വീഴാതിരിക്കാന്‍ കാരണമായി. സ്പെയിനെ സംബന്ധിച്ചിടത്തോളം ജൂണ്‍ 22-ന്‍റെ ഗ്രഹപ്പിഴ മാറികിട്ടി എന്നു പറയാം. കാരണം ഈ തീയതിയില്‍ മുന്‍വര്‍‍ഷങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ടൈബ്രേക്കറില്‍ സ്പെയിന്‍ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്‍റെ ആദ്യപകുതിയില്‍ സ്പെയിനായിരുന്നു ആധിപത്യമെങ്കിലും വ്യക്തമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഇറ്റലി ഉണര്‍ന്ന് കളിച്ചു. സ്പാനിഷ് ഗോള്‍കീപ്പര്‍ കാസിലാസിന്‍റെ തകര്‍പ്പന്‍ രണ്ട് സേവുകളില്ലായിരുന്നെങ്കില്‍ അവര്‍ ഗോളും നേടുമായിരുന്നു. സ്പെയിനിനു വേണ്ടി മി‍ഡ്ഫീല്‍ഡര്‍ സെന്നയുടെ ഒരു ഫ്രീകിക്കും ഇറ്റാലിയന്‍ ഗോളി ബഫണിന്‍റെ കയ്യില്‍ നിന്നും തെറിച്ച് ഗോള്‍ പോസ്റ്റില്‍ തട്ടിനിന്ന ഒരു ലോങ്ങ് റേഞ്ച് ഷോട്ടുമായിരുന്നു സ്പെയിന്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ച അവസരങ്ങള്‍ ‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനു വേണ്ടി നാലു പേര്‍ ലക്ഷ്യം കണ്ടപ്പോള്‍ വെറും രണ്ട് പേര്‍ മാത്രമാണ് ഇറ്റലിക്കുവേണ്ടി സ്കോര്‍ ചെയ്തത്. ഫ്രീകിക്കിനും പെനാല്‍റ്റിക്കും വേണ്ടി നിരവധി കളിക്കാര്‍ ഡൈവ് ചെയ്യുന്നതായിരുന്നു മത്സരത്തിലെ അരോചകമായ ഒരു പൊതുകാഴ്ച. മികച്ച ഡൈവര്‍ക്കു വേണ്ടി ആരെങ്കിലും ക്ലിന്‍സ്മാന്‍ അവാര്‍‍ഡ് ഏര്‍പ്പെടുത്തുമെങ്കില്‍ അത് സ്പെയിനിന്‍റെ ‍‍ഡേവിഡ് വിയ്യക്കു നല്‍കിയേക്കും.

യൂറോ കപ്പിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. ആദ്യസെമിയില്‍‍ ജെര്‍മ്മനി ടര്‍ക്കിയേയും, വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സ്പെയിന്‍ റഷ്യയേയും നേരിടും.

21 June 2008

യൂറോ കപ്പ്: റഷ്യ ന്‍ വിളവെടുപ്പില്‍ ഓറഞ്ചുകള്‍ കൊഴിഞ്ഞു

ഒട്ടുമിക്ക കണക്ക്കൂട്ടലുകളും പ്രതീക്ഷകളും തെറ്റിയ ഒരു മത്സരത്തില്‍ നിര്‍ഭയമായി ഫുട്ബോള്‍ കളിച്ച റഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ തോല്‍പ്പിച്ച് യൂറോ കപ്പ് സെമിഫൈനലില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി. വിദഗ്ധനായ ഒരു കെജിബി ചാരനെപ്പോലെ ‍‍ഡച്ച് പ്രതിരോധത്തെ സദാ കബളിപ്പിച്ച ആന്‍‍ഡ്രേ അര്‍ഷാവിന്‍റെ അസാമാന്യപ്രകടനമായിരുന്നു റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും തീവ്രതയില്ലാത്ത കളിയാണ് ഹോളണ്ട് കാഴ്ചവച്ചത്.
മത്സരം തുടങ്ങിയപ്പോള്‍ തന്നെ ഹോളണ്ട് ചുവടുറപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ റഷ്യ മി‍‍ഡ്ഫീല്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. രണ്ട് വിങ്ങുകളില്‍ കൂടിയും ആക്രമണം അഴിച്ച് വിട്ട റഷ്യ നല്ല ഷൂട്ടിങ്ങിന്‍റെ അഭാവം ‍ഒന്നുകൊണ്ട് മാത്രമാണ് ഗോള്‍ നേടാതിരുന്നത്. എട്ടാമത്തെ മിനിറ്റില്‍ റോമന്‍ പൗലൂചെങ്കോയ്ക്ക് നല്ല ഒരു അവസരം കിട്ടിയെങ്കിലും അദ്ദേഹം സന്തോഷ് ട്രോഫിയിലെ കേരളത്തിന്‍റെ സ്ട്രൈക്കര്‍മാരെപ്പോലെ പുറത്തേക്ക് ഹെഡ് ചെയ്ത് കളഞ്ഞു. കളിയുടെ മുപ്പതാമത്തെ മിനിറ്റിലായിരുന്നു ഹോളണ്ടിന് മാന്യമായ ഒരു ചാന്‍സ് ലഭിച്ചത്. റാഫേല്‍ വാന്‍‍‍ഡര്‍‍വാര്‍ട്ടിന്‍റെ ‍റഷ്യന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചുവന്ന ഒരു ഫ്രീകിക്ക് കണക്റ്റ് ചെയ്യാന്‍ വാന്‍ നിസ്റ്റല്‍റൂയിക്ക് കഴിഞ്ഞില്ല. ഇതിനുള്ള റഷ്യയുടെ മറുപടി ഹോളണ്ടിനെ വിറപ്പിച്ചു. ഇടത് വിങ്ങില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലെ ഗ്രീന്‍ചാനലിലൂടെ പെനാല്‍റ്റി ബോക്സിലേക്ക് നുഴഞ്ഞുകയറിയ അര്‍ഷാവിന്‍ തൊടുത്ത ഗ്രൗണ്ട്ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ വാന്‍ഡര്‍സാര്‍ വളരെ കഷ്ടപ്പെട്ട് തട്ടിയകറ്റി. തൂടര്‍ന്ന് ലഭിച്ച കോര്‍ണര്‍കിക്കിനു ശേഷം പന്ത് റഷ്യന്‍ ഡിഫന്‍ഡര്‍ കൊളോ‍ഡിന് ലഭിച്ചു. പെനാല്‍റ്റി ബോക്സിനു പുറത്ത് നിന്ന് അദ്ദേഹം അടിച്ച ഷോട്ട് വാന്‍ഡര്‍സാര്‍ കളരിമുറയില്‍ പറന്ന് ചാടി കുത്തിയകറ്റി. അടുത്ത കോര്‍ണറിനു ശേഷവും പന്ത് കൊളോ‍ഡിന് തന്നെ ലഭിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലോങ്ങ് റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത് പോയി. ഒന്നാം പകുതിയുടെ തുടര്‍ന്നുള്ള സമയത്ത് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയും റഷ്യന്‍ ആക്രമണത്തോടെ ആയിരുന്നു തുടങ്ങിയത്.കളിയുടെ 56-മത്തെ മിനിറ്റില്‍ ഹോളണ്ട് ആരാധകര്‍ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. സെര്‍ജി സെമാക് ഇടത് വിങ്ങില്‍ നിന്നും കൊടുത്ത ക്രോസ് അനായാസമായി പൗലൂചെങ്കോ ഗോള്‍വലയിലേക്ക് തട്ടിയിട്ടു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനായി ഹോളണ്ട് രണ്ട് ഡിഫന്‍ഡര്‍മാരെ പിന്‍വലിച്ച് കൂടുതല്‍ ആക്രമോത്സുകരായ കളിക്കാരെ ഇറക്കിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. അര്‍ഷാവിനും കൂട്ടുകാര്‍ക്കും ഡിഫന്‍ഡര്‍മാരെ വെട്ടിക്കാതെ തന്നെ ഹോളണ്ടിന്‍റെ പേനാല്‍റ്റി ബോക്സില്‍ കയറാം എന്ന സ്ഥിതി മാത്രമാണ് ഇത് കൊണ്ടുണ്ടായത്. ഫ്രീകിക്കുകളിലും, വെസ്ലി സ്നൈഡര്‍ ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴും മാത്രമാണ് ഹോളണ്ട് ഗോളടിക്കുമെന്ന് തോന്നിപ്പിച്ചത്. എന്നാല്‍ റഷ്യക്കാര്‍ ഏത് നിമിഷവും ഒരു ഗോള്‍ കൂടി അടിച്ചേക്കും എന്ന നിലയില്‍ അയിരുന്നു. എന്നാല്‍ 86-മത്തെ മിനിറ്റില്‍ സ്നൈഡറുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത് വാന്‍ നിസ്റ്റല്‍റൂയി ഏറക്കുറെ അപ്രതീക്ഷിതമായി സമനില ഗോള്‍ നേടിയപ്പോള്‍ ഗ്യാലറിയിലെ ഓറഞ്ച് സമുദ്രത്തില്‍ അലകളടിച്ചു.
എക്സ്ട്രാ റ്റൈമിന്‍റെ ആദ്യപകുതിയില്‍ ഹോളണ്ട് ഒരുവിധം പിടിച്ചുനിന്നു. അവസാന 15 മിനിറ്റില്‍ വിജയം മണത്ത വിപ്ലവകാരികളെ പോലെ റഷ്യക്കാര്‍ ഹോളണ്ടിന്‍റെ പെനാല്‍റ്റി ബോക്സ് വളഞ്ഞപ്പൊള്‍ കീരീടം നഷ്ടപ്പെടുമെന്ന് ഉറപ്പായ രാജാക്കന്‍മാരെപ്പോലെ ഹോളണ്ടിന്‍റെ കളിക്കാര്‍ വിറങ്ങലിച്ചു നിന്നു. ആദ്യം അര്‍ഷാവിന്‍റെ ക്രോസില്‍നിന്ന് ‍ഡിമിട്രി ടോര്‍ബിന്‍സ്കിയും പിന്നീട് അര്‍ഷാവിന്‍ സ്വയവും ഗോളുകള്‍ നേടി റഷ്യന്‍ ഫുട്ബോളിലെ സമീപകാലവിജയങ്ങളുടെ പുഞ്ചിരി നിലനിര്‍ത്തി.
ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ യൂറോപ്യന്‍ ഫുട്ബോളിലെ പഴയ തറവാടികളായ ഇറ്റലിയും സ്പെയിനും തമ്മിലാണ്. ചരിത്രം ഇറ്റലിക്കുവേണ്ടി പന്ത്രണ്ടാമനായി കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ആകെ നാല് തവണ ഇവര്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് തവണയും ഇറ്റലിയാണ് ജയിച്ചത്. ഈ യൂറോ കപ്പില്‍ തന്നെ കഴിഞ്ഞ മൂന്ന് ക്വോര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ജയിച്ചത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരാണ്. വര്‍ത്തമാനകാലത്തിലും അവരുടെ ഫോര്‍വേഡുകളുടെ അതിശയിപ്പിക്കുന്ന മികവിലും ആയിരിക്കണം സ്പെയിനിന് പ്രതീക്ഷ.

20 June 2008

ടര്‍ക്കിയുടെ "ഹൗഡീനി ആക്ററ്" വീണ്ടും; ക്രൊയേഷ്യ യൂറോ കപ്പില്‍ നിന്നും പുറത്ത്

ആരുമാരും ഗോളടിക്കാത്ത 90 മിനിറ്റുകളും, തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് കാത്ത് കളിച്ച എക്സ്ട്രാ റ്റൈമിന്റെ 27 മിനിറ്റുകളും കഴിഞ്ഞ് വൃക്ക രോഗിയായിരുന്ന ഇവാന്‍ ക്ലാസ്നിക് ലൂക്കാ മോ‍ഡ്രിച്ചിന്റെ ഉയര്‍ന്ന ക്രോസ് ഹെ‍ഡ് ചെയ്ത് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ യൂറോ കപ്പ് നേടിയ പോലത്തെ സന്തോഷത്തില്‍ കളിക്കാരും കോച്ചും ആരാധകരും കെട്ടിമറിഞ്ഞു. വെറും 2 മിനിറ്റ് മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ജീവന്‍. ഈ യൂറോ കപ്പില്‍ അവസാന നിമിഷങ്ങളില്‍ നാടകീയമായി തിരച്ചുവരവ് നടത്തുന്നത് ശീലമാക്കിയ ടര്‍ക്കിക്ക് വേണ്ടി സെമിത്ത് സെന്‍ടുര്‍ക്ക് മത്സരത്തിന്റെ അവസാനത്തെ കിക്കില്‍ ഗോള്‍ നേടിയപ്പോള്‍ ആഹ്ലാദന്യത്തം മറുചേരിയിലായി. ക്രൊയേഷ്യന്‍ ക്യാംപ് മരണവീടിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ മരണം ഉറപ്പായത് പെനാല്‍റ്റി ഷൂട്ടൗട്ടിനു ശേഷമായിരുന്നു. ക്രൊയേഷ്യക്ക് വേണ്ടി പെനാല്‍റ്റി എടുത്ത നാല് പേരില്‍ മൂന്ന് പേരും പാഴാക്കായപ്പോള്‍ ടര്‍ക്കി തങ്ങളുടെ അവസാന നിമിഷങ്ങളിലെ മാന്ത്രിക സ്പര്‍ശം പെനാല്‍റ്റി ഷൂട്ടൗട്ടിലും നിലന‍ിര്‍ത്തി.

മത്സരത്തിന്റെ ആദ്യത്തെ 90 മിനിറ്റില്‍ ക്രൊയേഷ്യക്ക് ആയിരുന്നു മുന്‍തൂക്കം. അവരുടെ സെന്റര്‍ ഫോര്‍വേര്‍ഡ് ഒലീക് ഉറപ്പായ നാല് അവസരങ്ങളെങ്കിലും പാഴാക്കി. രണ്ടാം പകുതിയില്‍ സെര്‍ന എടുത്ത ഫ്രീകിക്ക് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നത് ടര്‍ക്കിയുടെ ഗോള്‍കീപ്പര്‍ റുസ്റ്റു മനോഹരമായി രക്ഷപ്പെടുത്തി. ക്രൊയേഷ്യക്ക് വേണ്ടി മോ‍ഡ്രിച്ച് മൈതാനം നിറഞ്ഞ് കളിച്ചെങ്കിലും ആദ്ദേഹം സൃഷ്ടിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്കായില്ല. ടര്‍ക്കി ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രം നടത്തി തങ്ങളുടെ ഊര്‍ജ്ജം അവസാന നിമിഷങ്ങളിലേക്ക് കരുതി വയ്ക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ ഒഴിച്ചുന‍ിര്‍ത്തിയാല്‍ കളി മൊത്തത്തില്‍ ആവേശകരമായിരുന്നില്ല.

യൂറോ കപ്പിലെ ഇന്നത്തെ കളി ടൂര്‍ണമെന്റില്‍‍ ഇതുവരെ ഏറ്റവും മികച്ച കളി കാഴ്ച വച്ചിട്ടുള്ള ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബാളും "കൊച്ചു ഹോളണ്ട് " എന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന റഷ്യയുടെ അത്രയൊന്നും ടോട്ടലല്ലാത്ത ഫുട്ബാളും തമ്മിലാണ്.

ജെർമ്മനി യൂറോ കപ്പ് സെമിയില്‍

യൂറോ 2008 ഫുട്ബോളിലെ ക്വാർട്ടർ ഫൈനലിലെ ആദ്യമത്സരത്തിൽ ജെർമ്മനി പോർച്ചുഗലിനെ 3-2 ന് തോൽപ്പിച്ചു. യൂറോപ്പിലെ ബ്രസീൽ എന്ന് കുറച്ചൊക്കെ അന്യായമായിട്ടാണെങ്കിലും വിശേഷിക്കപ്പെടുന്ന പോർച്ചുഗൽ, എണ്ണയിട്ട യന്ത്രം പോലെ കളിച്ച് ഫുട്ബോളിൽ വ്യവസായികവിപ്ളവം നടപ്പാക്കിയ ജെർമ്മനിയുടെ കാര്യക്ഷമതയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 3-2 എന്ന സ്കോർ സൂചിപ്പിക്കുന്നത് പോലെ അത്രയൊന്നും ആവേശകരമായിരുന്നില്ല ഈ മത്സരം. (യുവേഫയുടെ ഒഫീഷ്യൽ സൈറ്റിൽ പോയപ്പോഴാണ് മത്സരത്തിൽ ആവേശം അലതല്ലുകയായിരുന്നെന്ന് മനസിലാക്കാ൯ കഴിഞ്ഞത്.) ആദ്യപകുതിയിൽ ജെർമ്മനി തുടർച്ചയായി രണ്ട് ഗോളുകൾ നേടിയപ്പോള്‍ പോർച്ചുഗീസ് കളിക്കാരുടേയും ആരാധകരുടേയും മുഖങ്ങൾ മേഘങ്ങൾ ഉരുണ്ട് കൂടിയ ബാസലിലെ ആകാശം പോലെ കറുത്തു. ജെർമ്മനിയുടെ ആദ്യഗോൾ അവരുടെ മു൯നിരതാരങ്ങളുടെ കൂട്ടുകൃഷിയുടെ ഫലമായിരുന്നു. മൈക്കേൽ ബല്ലാക്കുമായി ഒന്നും രണ്ടും പറഞ്ഞ് (playing one two എന്ന് പറയും) ചാട്ടുളി പോലെ ഇടത് വിങ്ങിൽ കൂടി മുന്നേറിയ പോഡോൾസ്കി പെനാൽട്ടിബോക്സിലേക്ക് കൊടുത്ത പന്ത് ചെന്നെത്തിയത് മൈതാനമധ്യത്തിൽ നിന്ന് പാഞ്ഞെത്തിയ ഷ്വാ൯സ്റ്റൈഗറുടെ വിശപ്പാർന്ന കാലുകളിലേക്കാണ്. വന്ന അതേ വേഗത്തിൽ അതീവ നിയന്ത്രണത്തോടെ ഷ്വാ൯സ്റ്റൈഗർ പോർച്ചുഗീസ് ഗോൾവല പ്രകബ്ബനം കൊള്ളിച്ചു. ഈ ഗോളിന്റെ ആഘാതത്തിൽ നിന്ന് പോർച്ചുഗൽ മോചിതമാകും മുൻപേ അഞ്ച് മിനിറ്റിനകം മിറോസ്ളോവ് ക്ളോസെ ജെർമ്മനിയുടെ അടുത്ത ഗോൾ നേടി. ഷ്വാ൯സ്റ്റൈഗറുടെ നിർദ്ദോഷമെന്ന് തോന്നിച്ച ഒരു ഫ്രീ കിക്ക് ഉയരാൻ മടിച്ച് നിന്ന ഡിഫൻഡർമാരുടെ തലകൾ കടന്ന് ക്ളോസെയുടെ തലയിലെത്തുകയും ക്ളോസെ അത് ഗോൾകീപ്പറുടെ ഇടത് വശത്ത് കൂടി വലയിലെത്തിക്കുകയും ചെയ്തു. അപ്പോൾ 25 മിനിറ്റ് കഴിഞ്ഞിരുന്നു. പോർച്ചുഗൽ കൂടുതൽ വാശിയോടെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ ശക്തമായ മാൻ-മാർക്കിങ്ങിനു മുന്നിൽ അവ നിഷ്പ്രഭമായി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിച്ചിരുന്നപ്പോൾ പെനാൽറ്റി ബോക്സിൽ ലഭിച്ച ലൂസ് ബാൾ ഗോളാക്കി നൂനോ ഗോമസ് ഹാഫ് റ്റൈമിൽ പോർച്ചുഗീസ് ആരാധകർക്ക് പ്രതീക്ഷകളെ കയറൂരി വിടാൻ അവസരം നൽകി.

മഴ പെയ്ത് തുടങ്ങിയ രണ്ടാം പകുതിയിൽ ‍‍ഡെക്കോയുടെ ശാന്തമായ ഇടപെടലുകളിലൂടെ മിഡ് ഫീൽ‍‍‍ഡിൽ പോർച്ചുഗൽ മെച്ചപ്പെട്ട കളി കാഴ്ചവച്ചെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഭേദിക്കാൻ കഴി‍‍‍ഞ്ഞില്ല. മാത്രമല്ല, ബല്ലാക്ക് ജെർമ്മനിയുടെ മുന്നാമത്തെ ഗോൾ നേടുകയും ചെയ്തു. ക്ളോസെയുടെ ഗോളിന്റെ ഒരു തനിയാവർത്തനമായിരുന്നു ഈ ഗോൾ. നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ ആവേശത്തിൽ പോർച്ചുഗൽ തുടരെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഉറച്ചു നിന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നാനിയുടെ ക്രോസിൽ തല വച്ച് പോസ്റ്റീഗ പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി ഒരു താത്കാലിക ആവേശം സൃഷ്ടിച്ചെങ്കിലും ജെർമ്മനിക്ക് അർഹമായ ഒരു വിജയം നിഷേധിക്കാൻ അതിനായില്ല.

ഇന്ന് മത്സരം കറുത്ത കുതിരകളായ ക്രൊയേഷ്യയും തിരിച്ചുവരവിന്റെ അശാന്‍മാരായ ടര്‍ക്കിയും തമ്മിലാണ്.