24 July 2008

ബെയ്ജിങ്ങ് ഒളിംപിക്ല്: പ്രതിഷേധത്തിനായി ഒരു നൂറു പാര്‍ക്കുകള്‍ ഒരുങ്ങട്ടെ

ചൈനയില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സിന്‍റെ ഒരു സവിശേഷത 2004 ഏഥന്‍സ് ഒളിംപിക്സിന്‍റെ മാതൃകയില്‍ അവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം പാര്‍ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നുള്ളതാണ്. പക്ഷെ പ്രതിഷേധം തോന്നിയാലുടന്‍ മുണ്ടും മടക്കിക്കുത്തി ബാനറും മുദ്രാവാക്യങ്ങളുമായി ആളുകളെ സംഘടിപ്പിച്ച് നേരെ പോയി അങ്ങ് പ്രതിഷേധിച്ചാല്‍ ടിയാനന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും. ആദ്യം പ്രതിഷേധിക്കുന്നതിനുള്ള കാരണവും പ്രതിഷേധപ്രകടനത്തിന്‍റെ സമയവും തീയ്യതിയുമൊക്കെ കാണിച്ച് അപേക്ഷ നല്‍കണം. ആ ദിവസം മറ്റു പ്രതിഷേധങ്ങളൊന്നുമില്ലങ്കില്‍ അപേക്ഷകര്‍ക്ക് പ്രതിഷേധത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാര്‍ക്കില്‍ പോയി മതിയാകുന്നതുവരെ പ്രതിഷേധിക്കാവുന്നതാണ്. ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന മൂന്ന് പാര്‍ക്കുകളും മത്സരവേദികളില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ അതീവരഹസ്യമായിട്ടായിരിക്കും പ്രതിഷേധം. ജോര്‍ജ്ജ് ഓര്‍വ്വലോ ഒ.വി.വിജയനോ ബെയ്ജിങ്ങ് ഒളിംപിക്ലിനെപ്പറ്റി ഭാവനയില്‍ കണ്ട കാര്യമല്ല മുകളിലെഴുതിയിരിക്കുന്നത്. ഒളിംപിക്സ് വിശേഷങ്ങളുടെ കൂട്ടത്തില്‍ കണ്ടതാണ്. കേരളത്തിലെ സെക്ക്രട്ടറിയേറ്റിലെ NGO സഖാക്കളുടെ മാതിരിയാണ് ചൈനീസ് ഉദ്യോഗസ്ഥരുമെങ്കില്‍ അടുത്ത ഒളിംപിക്സിന് അനുമതി നോക്കിയാല്‍ മതി.

സിന്‍ക്രണൈസ്ഡ് സ്വിമ്മിങ്ങ് (synchronized swimming) എന്നൊക്കെ പറയുന്നതു പോലെ വേണമെങ്കില്‍ ഇതിനെ ഒരു മത്സര ഇനം ആക്കി മാറ്റുകയും ചെയ്യാം. മികച്ച പ്രതിഷേധത്തിനുള്ള വെള്ളിമെ‍ഡലെങ്കിലും ഇന്ത്യയ്ക്ക് കിട്ടാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം ടിബറ്റിനായിരിക്കാനാണ് സാധ്യത.

കേതന്‍ മേത്ത ബോളിവുഡിലേക്ക് വഴിതെറ്റുന്നതിനു മുന്‍പ് എടുത്ത അന്ധേര്‍ നഗരി എന്നോ മറ്റോ പേരുള്ള ഒരു ആക്ഷേപാത്മക, ചരിത്ര ചിത്രത്തില്‍ ഒരു രംഗമുണ്ട്. രാജകൊട്ടാരത്തിനു മുന്‍പില്‍ ഭീമാകാരമായ ഒരു മണി കെട്ടിത്തൂക്കിയിട്ടുണ്ട്. എന്തെങ്കിലും പരാതിയുള്ള പ്രജകള്‍ക്ക് ആ മണി പിടിച്ച് അടിച്ചാല്‍ പരാതിക്ക് ഉടന്‍ പരിഹാരം ഉണ്ടാകും. പക്ഷെ ആരും ആ മണി ഉപയോഗിക്കാറില്ല. ഒരിക്കല്‍ ഒരു യാത്രക്കാരന്‍ ആ രാജ്യത്തെത്തി. ഈ മണിയെപ്പറ്റി കേട്ടയുടനെ അദ്ദേഹം ഒരു പരാതി ബോധിപ്പിക്കാന്‍ തീരുമാനിച്ചു. (യാത്ര ചെയ്യുന്നവര്‍ പരാതി പറയാനുള്ള സാധ്യത കൂടും. ഉദാഹരണമായി ഗള്‍ഫില്‍ നിന്ന് വരുന്ന ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും കേരളത്തിലെ റോഡുകളെപ്പറ്റിയും ഇവിടത്തെ തനത് കലാരൂപമായ ഹര്‍ത്താലിനെപ്പറ്റിയുമൊക്കെ വലിയ ആക്ഷേപമാണല്ലോ.) അങ്ങിനെ യാത്രക്കാരന്‍ കൊട്ടാരത്തിനു മുന്‍പില്‍ മണിയുടെ കീഴിലെത്തി മണി മുഴക്കാന്‍ വേണ്ടി കയര്‍ പിടിച്ചു വലിച്ചു. ഉടന്‍ തന്നെ കയര്‍ പൊട്ടി ഭീമാകാരമായ ആ മണി തലയില്‍ വീണ് അദ്ദേഹത്തിന്‍റെ പരാതിക്ക് എന്നന്നേക്കുമായി പരിഹാരമുണ്ടായി. ഇതുപോലെ പ്രതിഷേധത്തിനു പരിഹാരം നല്‍കാന്‍ എന്തെങ്കിലും സാങ്കേതികവിദ്യ ബെയ്ജിങ്ങ് ഒളിംപിക്സിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കാത്തിരുന്നു കാണാം.

20 July 2008

ബൈസിക്കിള്‍ തീവ്സ് : ഒരു ടൂര്‍ ഡി ഫ്രാന്‍സ് പ്രതിഭാസം

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കായികമത്സരങ്ങളിലൊന്ന് എന്നാണ് ടൂര്‍ ഡി ഫ്രാന്‍സ് വി‍ശേഷിക്കപ്പെടുന്നത്. ലാറ്റിനില്‍ നിന്നോ ഫ്രഞ്ചില്‍ നിന്നോ ഇംഗ്ലീഷിലേക്ക് ചേക്കേറിയ ഒരു വാക്കിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ പേര് മൂന്ന് വര്‍ഷം മുന്‍പ് അമേരിക്കക്കാരനായ ഒരു ക്യാന്‍സര്‍ രോഗി, ലാന്‍സ് ആംസ്ട്രോങ്ങ്, തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറിയത്. ആംസ്ട്രോങ്ങ് തകര്‍ത്തത് തുടര്‍ച്ചയായി അഞ്ച് തവണ ചാംപ്യനായ സ്പെയിനിന്‍റെ മിഗ്വല്‍ ഇന്‍ഡുറൈനിന്‍റെ റെക്കോഡാണ്. രണ്ടു പത്രങ്ങള്‍ തമ്മിലുള്ള സര്‍ക്കുലേഷന്‍ യുദ്ധത്തിന്‍റെ ഭാഗമായി 1903-ല്‍ തുടങ്ങിയ ടൂര്‍ ഡി ഫ്രാന്‍സ് ലക്ലംബര്‍ഗ്, ബെല്‍ജിയം, ഇറ്റലി, സ്പെയിന്‍, ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലൂടെ 21 സ്റ്റേജുകള്‍ കടന്ന് 3500-ലധികം കിലോമീറ്ററുകള്‍ താണ്ടി ഫ്രാന്‍സില്‍ അവസാനിക്കുന്നു. പക്ഷെ തുടങ്ങിയ കാലം മുതല്‍ ‍ഡോപ്പിങ്ങിനെ പറ്റിയുള്ള ആരോപണങ്ങള്‍ ഈ മത്സരത്തിനെ ഒരു ശാപം പോലെ പിന്തുടരുന്നു.

ഡോപ്പിങ്ങ് നിയമപരമായി ടൂര്‍ ഡി ഫ്രാന്‍സില്‍ നിരോധിച്ചത് 1960-ലാണ്. അതിനു ശേഷം ഉത്തേജകമരുന്നടിച്ച് പിടിയിലായ സൈക്കിള്‍ കള്ളന്‍മാരുടെ കൂട്ടത്തില്‍ അഞ്ച് തവണ ജേതാവായ മിഗ്വല്‍ ഇന്‍ഡുറൈന്‍ മുതല്‍ 2006-ല്‍ ചാംപ്യനായ ഫ്ലോയ്‍‍‍ഡ് ലാന്‍ഡിസ് വരെയുണ്ട്. ലാന്‍സ് ആംസ്ട്രോങ്ങിനെതിരായും കടുത്ത ഡോപ്പിങ്ങ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ ഡി ഫ്രാന്‍സ്-2008-ല്‍ ഇതിനകം തന്നെ മൂന്ന് പേര്‍ ഡോപ്പിങ്ങ് നടത്തിയതിന് പിടിയിലായിട്ടുണ്ട്: സ്പെയിന്‍കാരായ ഡ്യൂനസ് നെവേഡോ, മാന്വല്‍ ബെല്‍ട്രാന്‍ എന്നിവരും ഒടുവിലായി ഇറ്റലിക്കാരമായ റിക്കാര്‍‍‍ഡോ റിക്കോയും. ടെന്‍ സ്പോര്‍ട്സില്‍ വൈകുന്നേരം 6 മണി മുതല്‍ മത്സരത്തിന്‍റെ ലൈവ് ടെലികാസ്റ്റ് ഉണ്ട്.

ഡോപ്പിങ്ങ് പോലെ തന്നെ ഡോപ്പിങ്ങ് ഒളിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും ടൂര്‍ ഡി ഫ്രാന്‍സ് കുപ്രസിദ്ധമാണ്. മൂത്രത്തില്‍ ചിലതരം അസാധാരണമായ രാസവസ്തുക്കള്‍ ഉണ്ടോ എന്ന പരിശാധനയിലൂടെയാണ് ഡോപ്പിങ്ങ് നടന്നോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത്. നേരത്തെ തന്നെ മറ്റാരുടെയെങ്കിലും മൂത്രം ഒരു ട്യൂബിലാക്കി പാന്റ്സിന്റെ പോക്കറ്റിലോ ഷര്‍ട്ടിനുള്ളിലോ ഒളിപ്പിച്ചിട്ട് ടെസ്റ്റിന് സമയമാകുമ്പോള്‍ ടോയ് ലെറ്റില്‍ പോയി ട്യൂബിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മൂത്രം എടുത്ത് സാംപിള്‍ ആയി നല്‍കുന്ന രീതി മുന്‍പ് സൈക്ലിസ്റ്റുകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നത് പിടിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മൂത്രത്തിനെ തിരിച്ച് “കുറ്റവിമുക്തമാക്കുന്ന” മരുന്നുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു.

യേശുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള കുരിശും ചുമന്ന് കൊണ്ടുള്ള പ്രയാണത്തേക്കാള്‍ ദുഷ്കരമാണ് പര്‍വതനിരകളും പരുക്കന്‍ ഭൂപ്രകൃതിയും താണ്ടിയുള്ള ടൂര്‍ ഡി ഫ്രാന്‍സ് മത്സരമെന്ന് ഹെന്‍ട്രി പെലിസിയര്‍ എന്ന ഒരു പഴയ സൈക്ലിസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വഴിവക്കില്‍ കാണപ്പെടുന്ന സൂര്യകാന്തിപ്പാടങ്ങളും ലാവന്‍ഡര്‍പൂക്കളുടെ തോട്ടങ്ങളുമൊന്നും തളരുന്ന ശരീരത്തിന് ആശ്വാസമേകില്ലത്രെ. അതിന് ലഹരി തന്നെ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പക്ഷെ വൈകുന്നേരങ്ങളിലും അവധിദിവസങ്ങള്‍ക്കു മുന്‍പും ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ അസാധാരണമായ ക്ഷമയോടെ അനുസരണാപൂര്‍വ്വം ക്യൂ നില്‍ക്കുന്ന മലയാളികള്‍ക്ക് ഈ ചിന്താഗതി മറ്റാരേക്കാളും മനസിലാക്കാന്‍ കഴിഞ്ഞേക്കും. ടൂര്‍ ഡി ഫ്രാന്‍സിലെ മരുന്നടിക്ക് ഒരു പ്രതിവിധിയും കേരളചരിത്രത്തില്‍ നിന്ന് നല്‍കാവുന്നതാണ്. എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അപേക്ഷിച്ച എല്ലാ പേര്‍ക്കും സ്വാശ്രയകോളേജ് നടത്താന്‍ അനുമതി കൊടുത്ത പോലെ എല്ലാ സൈക്ലിസ്റ്റുകളേയും മരുന്നടിക്കാന്‍ അനുവദിക്കുക!

15 July 2008

ഡ്രോഗ്ബാത്തോണ്‍

യൂറോപ്പിലെ ക്ലബ് ഫുട്ബോള്‍ സീസണ്‍ അവസാനിച്ചാല്‍ പിന്നെ കുറെ നാള്‍, സിനിമാനടിമാരുടെ പ്രണയത്തിന്‍റെ വാര്‍ത്തകളെപ്പോലെ, കളിക്കാരുടെ ക്ലബ് മാറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകളുടെ കാലമാണ്. റോണാള്‍ഡീഞ്ഞോ ബാര്‍സലോണ വിട്ട് ആദ്യം ചെല്‍സിയിലും ഇപ്പോള്‍ ഇന്‍റര്‍മിലാനിലും, കൃസ്റ്റ്യാനോ റൊണാള്‍ഡോ മാന്‍യുവില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കും, സെനിത്ത് സെയിന്‍റ് പീറ്റേഴ്സ് ബെര്‍ഗിന്‍റെ യൂറോ-2008-ലെ താരങ്ങളിലൊരാളായ ആന്ദ്രെ അര്‍ഷാവിന്‍ ബാര്‍സലോണയിലേക്കോ ചെല്‍സിയിലേക്കോ ഒക്കെ മാറാനൊരുങ്ങുകയാണെന്ന്, ഗോള്‍മുഖത്തേക്ക് പ്രതീക്ഷാപൂര്‍വ്വം അടിക്കുന്ന ലോങ്ങ് ബോള്‍ പോലെ, വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം നടന്നിട്ട് നടന്നെന്ന് പറയാം. എന്നാല്‍ നടക്കണേ എന്ന് നമ്മളെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്ന വിധത്തിലുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് ദിദിയര്‍ ഡ്രോഗ്ബയുടേത്.

ചെല്‍സിയില്‍ നിന്ന് പോകാന്‍ താത്പര്യപ്പെടുന്ന ഐവറികോസ്റ്റ് കാരനായ ഈ ഒറ്റക്കൊമ്പന്‍ എസി മിലാനിലേക്ക് പോകുന്നു എന്നാണ് എന്നാണ് ആദ്യം കേട്ടത്. തന്‍റെ ആഫ്രിക്കന്‍ കരുത്തും ബാലിറ്റിസ്റ്റിക് മിസൈലിന്‍റ കൃത്യതയുമെല്ലാം ആദ്യം ഡ്രോഗ്ബ ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത് ഫ്രാന്‍സിലെ ലീഗില്‍ ഒളിംപിക് മാര്‍സെയില്‍സിന് വേണ്ടി കളിച്ചപ്പോഴാണ്. മാര്‍സെയില്‍സിന് ഇപ്പോള്‍ ഡ്രോഗ്ബയെ തിരിച്ച് കൊണ്ടുവരാന്‍ താത്പര്യമുണ്ടെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളേയും പോലെ, കാശ് അവര്‍ക്ക് ഒരു പ്രശ്നമാണ്. അപ്പോഴാണ് മാത്യു ഗോമിയ എന്ന 24-കാരന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആരാധകര്‍ കൂടി പിരിവെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു വെബ് സൈറ്റും അവര്‍ തുടങ്ങി. ഡ്രോഗ്ബാത്തോണ്‍ എന്ന് ഈ സംരംഭത്തിനു പേരും നല്‍കി. ഈ വാര്‍ത്ത പത്രങ്ങളില്‍ വന്നതൊടെ സംഭാവനകള്‍ കൂമ്പാരമായി. പക്ഷെ ട്രാഫികിന്‍റെ ആധിക്യം കാരണം വെബ് സൈറ്റിന്‍റെ പരിപാടി തീര്‍ന്നു. വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയപ്പോള്‍ പൂര്‍വ്വാധികം ഭംഗിയോടെ സംഭാവനകള്‍ എത്തി. ഇതിനകം ഏട്ട് മില്ല്യണിലധികം യൂറോ പിരിഞ്ഞുകഴിഞ്ഞെന്നാണ് കണക്ക്. ഡ്രോഗ്ബയ്ക്ക് വേണ്ടി 28 മില്ല്യണ്‍ യൂറോയാണ് വ്യാപാരമേ ഹനനമാം ചെല്‍സിമുതലാളി റോമന്‍ അബ്രമോവിച്ച് ചോദിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകരുടെ ഡ്രോഗ്ബയെ കൊണ്ടുവരാനുള്ള ഭഗീരഥയജ്ഞം വിഫലമാകാനാണ് സാധ്യതയെന്നാണ് മാര്‍സെയില്‍സിന്‍റെ മുതലാളിയും ഡ്രോഗ്ബയെ കൊണ്ട് വരാന്‍ സ്വന്തം അക്കൗണ്ടില്‍ത്തന്നെ പണമുള്ളവനുമായ പാപാ ‍‍‍‍ഡയഫ് ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിക്കുന്നത്.

13 July 2008

സഞ്ജയന്റെ യഥാര്‍ത്ഥ അവകാശി

അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തിന്റെ ദൃക്സാക്ഷി വിവരണം നല്‍കിയതിന്റെ പേരിലാണ് സഞ്ജയന്റെ പേര് പുരാണങ്ങളില്‍ അച്ചടിക്കപ്പെട്ടത്. ഇപ്പോള്‍ ക്രിക്കറ്റ് കളിയില്‍ അന്ധരായ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികളുടെ ഇടയില്‍, ഇന്റര്‍നെറ്റില്‍ ക്രിക്കറ്റിന്റെ ആദ്യത്തേയും അവസാനത്തേയും വാക്കായ ക്രിക്കിന്‍ഫോ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സഞ്ജയന്റെ യഥാര്‍ത്ഥ അവകാശിയെ തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ ആരാണെന്നായിരുന്നു ചോദ്യം. റിച്ചി ബെനോ‍‍‍ഡ്, ഡേവിഡ് ഗവര്‍ തുടങ്ങിയവരെ പിന്നിലാക്കി ഇന്ത്യയുടെ ഹര്‍ഷാ ഭോഗ്ലെയാണ് വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്ത് വന്നത്. ഒരു റണ്ണോ വിക്കറ്റോ ക്യാച്ചോ എടുക്കാതെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും പ്രശസ്തി നേടിയ ഇന്ത്യക്കാരനും അദ്ദേഹമായിരിക്കും. ലലിത് മോഡി സമീപകാലത്തായി ആ സ്ഥാനത്തിന് ഒരു ഭീഷണിയാണെങ്കിലും. ഇന്ത്യക്കാര്‍ കൂടുതല്‍ പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത് കൊണ്ടാണ് ഭോഗ്ലെ ഒന്നാമതെത്തിയതെന്ന് ഒരു പക്ഷെ രണ്ടാം സ്ഥാനത്തെത്തുന്നത് സഹിക്കാന്‍ പറ്റാത്ത ആസ്ത്രേലിയക്കാര്‍ പറഞ്ഞേക്കും. പക്ഷെ ഇത്തരമൊരു ബഹുമതിയ്ക്ക് അദ്ദേഹം യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ അതിശയോക്തിയുടെ കാട്ടടികളില്ലാത്ത നര്‍മ്മത്തിന്റെ ലേറ്റ് കട്ടുകളുള്ള കമന്ററി കേട്ടിട്ടുള്ള ആര്‍ക്കും പറയാന്‍ കഴിയില്ല.

09 July 2008

ക്രിക്കറ്റിലെ ക്യാരംസ്

ക്രിക്കറ്റില്‍ ഇപ്പോള്‍ പുതിയ തരത്തിലുളള ഷോട്ടുകളുടേയും ബോളുകളുടേയും പ്രജനനകാലമാണ്. അവയ്ക്കെല്ലാം ആരെങ്കിലും പെട്ടന്നു തന്നെ ഒരു പേര് കണ്ടുപിടിച്ച് നൂലുകെട്ടും നടത്തും. ഒരു മാസം മുന്‍പ് ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്സണ്‍‍ പൊടുന്നനെ ഇടതുവശം തിരി‍ഞ്ഞു സ്ട്രെയിറ്റ് സിക്സ് അടിച്ചതാണ് “സ്വിച്ച് ഹിറ്റിങ്ങ് ” എന്ന വാക്കിന്റെ പിറവിക്കു കാരണമായത്. പീറ്റേഴ്സന്റെ ഷോട്ട് വിവാദമായപ്പോള്‍ ICC യോഗം ചേര്‍ന്ന് ബാറ്റിങ്ങിലെ കാലുമാറ്റം നിയമാനുസൃതമാക്കി . ഇനി ബാറ്റ്സ്മാന്‍മാര്‍ക്ക് ഇടം വലം നോക്കാതെ അടിക്കാം.

ഇപ്പോള്‍ ശ്രീലങ്കക്കാരനായ അജന്താ മെന്‍ഡിസ് നടുവിരലുപയോഗിച്ച് ഇന്ത്യന്‍ ടീമീലെ കളിക്കാര്‍ക്ക് തീര്‍ച്ചയായും എങ്ങോട്ടു തിരിയുന്നു എന്ന് മനസിലാകാത്ത വിധത്തില്‍ എറിയുന്ന പന്തിനെ “ക്യാരം ബോള്‍ ” എന്നാണ് പേരിട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന വെബ് സൈറ്റായ ക്രിക്കിന്‍ഫോയിലാണ് ഈ നാമകരണം നടന്നത്. ഒരു വായനക്കാരനാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. പക്ഷെ IPL-ല്‍ മെന്‍‍‍ഡിസിന്റെ കൂടെ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്മി രത്തന്‍ ശുക്ല പറയുന്നത് മെന്‍‍‍ഡിസിന്റെ കൈയ്യുടെ ആക്ഷനില്‍ നിന്ന് പന്ത് എങ്ങോട്ട് തിരിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ്. ക്രിക്കറ്റിലെ നല്ലൊരു കൈനോട്ടക്കാരന്‍ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്‍ഡിസിനെ ഫെയ്സ് ചെയ്യുമ്പോള്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് കരുതാം.

ക്രിക്കറ്റിലെ പേരുകളെപ്പറ്റിപ്പറയുമ്പോള്‍ വികെഎന്‍ മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയില്‍ ബാറ്റ്സ്മാനേയും ബൗളറേയും തര്‍ജ്ജമ ചെയ്തതാണ് ഓര്‍മ്മ വരുന്നത് : അടിയോടിയും ഏറാടിയും, യഥാക്രമം.

06 July 2008

മയോര്‍ക്കയിലെ ദുര്‍മന്ത്രവാദി

ഏതോ ഒരു ആഭിചാരക്രിയയുടെ തുടക്കം പോലെയാണ് റാഫേല്‍ നഡാല്‍ സെര്‍വ് ചെയ്യാനൊരുങ്ങുന്നത്. സെര്‍വ്വ് ചെയ്യാനുള്ള പന്ത് തിര‍ഞ്ഞെടുക്കുന്നത് പൂജാസാമഗ്രികളെടുക്കുന്ന സൂക്ഷ്മതയോടെയും. സെര്‍വ് ചെയ്യുന്നതിനു മുന്‍പ് കൃത്യമായി എല്ലാ തവണയും ആവര്‍ത്തിക്കുന്ന ശരീരചലനങ്ങളും കേരളത്തിലെ സ്വാമിമാരെ പോലുള്ള നീണ്ട തലമുടിയും യോഗിതുല്യമായ ഏകാഗ്രമായ മുഖഭാവവും കണ്ടാല്‍, കയ്യിലുള്ള റാക്കറ്റ് ഒഴിവാക്കിയാല്‍, ചുട്ട കോഴിയെ പറപ്പിക്കാന്‍ ഒരുങ്ങുകയാണെന്നേ പറയുകയുള്ളൂ. ഏതാണ്ടൊക്കെ അതിനു സമാനമായ ഒരു ഒടിവിദ്യ തന്നെയാണ് റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട ടെന്നീസ് ലഹരിയില്‍ 6-4, 6-4, 6-7, 6-7, 9-7 എന്ന സ്കോറിന് തോല്‍പ്പിച്ച് തോല്‍പ്പിച്ച് നഡാല്‍ വിംബിള്‍ഢണ്‍ സ്വന്തമാക്കിയതും. ആദ്യ രണ്ട് സെറ്റുകള്‍‍ ഫെ‍‍ഡററുടെ പതിവു പോലെ അവിശ്വസനീയമായ ആംഗിളുകളിലുള്ള റിട്ടേണുകളെ അതിലും ദുര്‍ഘടമായ ആംഗിളുകളില്‍ റിട്ടേണ്‍ ചെയ്ത് നഡാല്‍ സ്വന്തമാക്കി. മൂന്നാമത്തെ സെറ്റില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ മഴ ഇടപെട്ടു.


മഴയ്ക്കുശേഷം നടന്ന രണ്ട് സെറ്റുകളും പ്രതിസന്ധിഘട്ടത്തില്‍ അസാധ്യമായ കൈയ്യടക്കത്തോടെ ഷോട്ടുകള്‍ പായിച്ച ഫെഡറര്‍ ടൈബ്രേക്കറില്‍ സ്വന്തമാക്കി. 1989-ല്‍ നടന്ന ഇവാന്‍ ലെന്‍ഡലും ബോറിസ് ബെക്കറും തമ്മില്‍ നടന്ന സെമിഫൈനലാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. വിംബിള്‍ഢണ്‍ കിട്ടാക്കനിയായി കൊതിച്ചു നടന്ന ലെന്‍ഡല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്‍പില്‍ നിന്നപ്പോള്‍ മഴ വന്നു വന്നു. തുടര്‍ന്ന് മഴയ്ക്കു ശേഷം നടന്ന രണ്ട് സെറ്റുകളും നേടി ബെക്കര്‍ ഫൈനലില്‍ എത്തി, തുടര്‍ന്ന് കിരീടം സ്വന്തമാക്കി. പക്ഷെ ആ ചരിത്രം ഇന്നലെ ആവര്‍ത്തിച്ചില്ല. വിംബിള്‍ഡണ്‍ കോര്‍ട്ടിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ എന്ന് പറയപ്പെടുന്ന ഫെഡറര്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയോടെ തിരിച്ചടിച്ചെങ്കിലും ഒരു മലയോരകുടിയേറ്റക്കാരന്‍റെ തീവ്രതയോടുകൂടി നഡാല്‍ അവസാന സെറ്റ് സ്വന്തമാക്കി. സ്പെയിനിലെ മയോര്‍ക്കയില്‍ 1986-ല്‍ ജനിച്ച നഡാലിന്റെ വിജയം സ്പാനിഷ് സ്പോര്‍ട്സിന്റെ സമീപകാല ശുക്രദശയുടെ മറ്റൊരു തെളിവാണ്.

04 July 2008

ടെന്നീസിന്റെ കറുപ്പിനഴക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്നു പറഞ്ഞാല്‍ കേബിള്‍ റ്റിവി കേരളത്തില്‍ വ്യാപകമാവുന്നതിനു മുന്‍പെയുള്ള ചിത്രഹാര്‍ യുഗത്തില്‍, നല്ല നിലവാരമുള്ള പരിപാടികളില്‍ ഒന്നായിരുന്നു ദൂരദര്‍ശനില്‍ ആഴ്ച തോറും വന്നുകൊണ്ടിരുന്ന The World This Week എന്ന പരിപാടി. പില്‍ക്കാലത്ത് Star News-ലൂടെയും പിന്നീട് NDTV-യിലൂടെയും ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ കുലപതികളിലൊരാളായി മാറിയ പ്രണോയ് റോയ് ആയിരുന്നു ആ പരിപാടിയുടെ അവതാരകന്‍. സാധാരണ പരിപാടിയുടെ ഒടുക്കം കാണിക്കാറുള്ള കായിക വാര്‍ത്തകളില്‍ ഒരു ആഴ്ച വന്നത്, തന്റെ പെണ്‍മക്കളെ കോച്ചിന്റെ സഹായമില്ലാതെ ടെന്നീസ് കളി പഠിപ്പിക്കുന്ന കറുത്ത വംശക്കാരനായ ഒരു അമേരിക്കക്കാരനെ കുറിച്ചായിരുന്നു. സാധാരണ ഒരു കോച്ചിന്റെ ഭാവവാഹാദികളൊന്നുമില്ലാതിരുന്ന അയാളുടെ അവകാശവാദം, അല്ല പ്രഖ്യാപനം, കേട്ട് നമ്മള്‍ ചൂളമടിച്ചു. സിമന്റ് തറയില്‍ ടെന്നീസ് പ്രാക്റ്റീസ് ചെയ്തുകൊണ്ടിരുന്ന ഒരു കറുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ ചൂണ്ടി അയ്യാള്‍ പറഞ്ഞു. “എന്റെ മകള്‍ ലോകത്തിലെ ഒന്നാം നംബര്‍ താരമാകും.” റിച്ചാര്‍ഡ് വില്ല്യംസ് എന്നായിരുന്നു അയ്യാളുടെ പേര്. പിന്നീട് പുള്ളിക്കാരനെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ കേബിള്‍ റ്റിവി മതമൗലികവാദം പോലെ പടര്‍ന്ന് പിടിച്ച സമയത്ത്, സ്പോര്‍ട്സ് ചാനലുകള്‍ മാറ്റുമ്പോളായിരുന്നു. അദ്ദേഹത്തിന്റെ പഴയ അവകാശവാദത്തില്‍ ചെറിയ ഒരു ഭേദഗതിയുടെ ആവ‍ശ്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഒരു മകളല്ല, രണ്ട് മക്കള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ താരങ്ങളായി. ഇന്നത്തെ വിംബിള്‍ഡന്‍ ഫൈനലില്‍ അവര്‍ ഏറ്റുമുട്ടുന്നു. ഇതുവരെ ആളെ പിടികിട്ടാത്തവരുണ്ടെങ്കില്‍,‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും പരസ്യവും ആവേശകരവുമായ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം ഇതായിരിക്കാം.