09 August 2008

ദൃശ്യങ്ങളില്‍ നഷ്ടമാകുന്നത്

ക്രിക്കറ്റ് കളി ടെലിവിഷന്‍ എന്ന മാധ്യമത്തിന് വേണ്ടി കണ്ടുപിടിച്ചതാണന്ന് ചിലര്‍ കളിയാക്കി പറയാറുണ്ട്. ഓവര്‍ തീരുമ്പോഴും വിക്കറ്റ് വീഴുമ്പോഴുമെല്ലാം പരസ്യമിടാന്‍ അവസരം നല്‍കുന്നത് കൊണ്ടാകാം അങ്ങിനെ പറയുന്നത്. അതുപോലെ റേ‍ഡിയോ എന്ന മാധ്യമത്തിനു വേണ്ടി എന്തെങ്കിലും ഒരു കായികവിനോദമുണ്ടെങ്കില്‍ അത് വള്ളംകളി ആയിരിക്കും. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, റേഡിയോയ്ക്ക് പുതുതായി കല്യാണം കഴിച്ചു വന്ന മരുമകനെ പോലെ വീട്ടില്‍ സ്ഥാനമുണ്ടായിരുന്ന കാലത്ത് നെഹൃു ട്രോഫി വള്ളംകളിയുടെ കമന്ററി കേട്ടവര്‍ക്കറിയാം അതിന്‍റെ രസം. ഇപ്പോള്‍, പഴകിയ മരുമക്കളെക്കാള്‍ സാധാരണ റേഡിയോ അപ്രസക്തമായ കാലഘട്ടത്തില്‍ റ്റിവിയില്‍ വള്ളംകളിയുടെ ലൈവ് ടെലികാസ്റ്റ് കാണുമ്പോള്‍ പഴയ റേ‍ഡിയോ കമന്ററികള്‍ മധുരതരമായി തോന്നുന്നു.

വള്ളംകളിയുടെ കമന്ററിയുടെ ഭാഷ അതിശയോക്തികളുടെ ഒരു തൃശ്ശൂര്‍ പൂരമാണ്. തുഴച്ചിലിന്റെ ആവേശത്തിനൊപ്പം വിശേഷണപദത്തിന്റെ ശക്തി കൂടുന്നു. പറയുന്നതിന്റെ അര്‍ത്ഥം മനസിലായില്ലെങ്കില്‍ പോലും ശ്വാസമടക്കിയിരുന്ന് കേട്ടുപോകുന്ന അവതരണശൈലി. മലയാള ഭാഷയില്‍ സി.വി. രാമന്‍ പിള്ളയ്ക്കുള്ള സ്ഥാനമാകണം റേ‍ഡിയോ ഭാഷയില്‍ വള്ളംകളിയുടെ കമന്ററിക്കാര്‍ക്കുള്ളത്. ഫുട്ബോളിന്റെ കമന്ററി പറഞ്ഞ് ശീലിച്ചവര്‍ “പുന്നമടക്കായലിന്റെ മൈതാനമധ്യം” എന്നും “കായലിലെ പുല്‍ക്കൊടികളെ കോരിത്തരിപ്പിച്ചുകൊണ്ട്” എന്നും ഒക്കെ ആവേശം മൂത്ത് പറഞ്ഞിട്ടുണ്ടെങ്കിലും കേള്‍വിക്കാര്‍ നിഷ്കളങ്കമായി അതെല്ലാം ക്ഷമിച്ചിട്ടേയുള്ളൂ. അല്ലെങ്കില്‍ തന്നെ ജവഹര്‍ തായങ്കരിക്കും കാരിച്ചാലിനും പിന്നാലെ കമന്ററിക്കൊപ്പം മനസ് പായുമ്പോള്‍ ഭാഷയിലെ പിശകുകള്‍ പരിഗണിക്കപ്പെടാറില്ലായിരുന്നു.

പീന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നെഹൃു ട്രോഫി വള്ളംകളി റ്റിവിയില്‍ കാണാനിടയായപ്പോള്‍ നിരാശയാണുണ്ടായത്. ഭംഗിയില്ലാത്ത വെള്ളത്തില്‍ കൂടി അകലെ നിന്നും ആര് മുന്നില്‍ നില്‍ക്കുന്നു എന്ന് പോലും തിരിച്ചറിയാനാവാത്ത വിധമുള്ള ആംഗിളില്‍ മുന്നോട്ട് നീങ്ങുന്ന റേഡിയോ കമന്ററികളിലെ ജലരാജാക്കന്‍മാര്‍. വള്ളംകളി തീര്‍ച്ചയായും ടെലിവിഷന് വേണ്ടി കണ്ടു പിടിച്ചതല്ല. മലയാളം റേ‍ഡിയോ കമന്ററിയിലെ മുടിചൂടാമന്നന്‍മാരിലൊരാളായ ശ്രീ. സതീഷ് ചന്ദ്രനെ പോലുള്ളവര്‍ പിന്നീട് ടെലിവിഷനില്‍ കമന്ററി പറയാന്‍ എത്തിയെങ്കിലും ‍‍ ദൃശ്യങ്ങളുടെ പരിമിതി മറികടക്കാന്‍ അവര്‍ക്കുമായില്ല.

ഇന്ന് നെഹൃു ട്രോഫി വള്ളംകളിയായിരുന്നു. പണ്ടുമുതല്‍ക്കേ “പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങളെ പുളകമണിയിക്കുന്ന പടക്കുതിരകളായ” കാരിച്ചാല്‍ പൂര്‍വ്വാധികം ഭംഗിയോടെ നെഹൃു ട്രോഫി സ്വന്തമാക്കി.

നെഹൃു ട്രോഫി വള്ളംകളിയുടെ മറ്റൊരു ആംഗിള്‍ ഇവിടെ കാണാം.

05 August 2008

സെഹ് വാഗിന്‍റെ ലങ്കാദഹനം

ഇംഗ്ലീഷ് ഭാഷയില്‍ ഗ്രാമറിന് ഉള്ള സ്ഥാനമാണ് ബാറ്റിങ്ങില്‍ ഫുട് വര്‍ക്കിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. രന്‍ജിത്ത് സിംഗ്ജി മുതല്‍ സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് വരെയുള്ളവര്‍ അതിന്‍റെ ഓണേഴ്സ് ബിരുദധാരികളും. പക്ഷെ, റണ്ണെടിക്കുന്നതിന് ഫുട് വര്‍ക്ക് ഒരു വലിയ ഘടകമല്ലെന്നാണ് നിരവധി കളിക്കാര്‍ സമീപകാലത്തായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. വീരേന്ദ്ര സെഹ് വാഗ് തന്നെയാണ് അതില്‍ പ്രധാനി. മലയാളത്തില്‍ പരീക്ഷയെഴുതി റാങ്ക് നേടി എന്നൊക്കെ പറയുന്നത് പോലെയാണ് സെഹ് വാഗിന്‍റെ ഓരോ ബാറ്റിങ്ങ് നേട്ടങ്ങളും. ഗൃഹാതുരത്വത്തോടെ ക്രീസില്‍ തന്നെ പിടച്ചു നില്‍ക്കുന്ന കാലുകളിലൂന്നി ക്രിക്കറ്റിന്‍റെ വേദപുസ്കകങ്ങളില്‍ പറഞ്ഞിരിക്കുന്ന തരം ഷോട്ടുകള്‍ മാത്രം ഉതിര്‍ക്കുന്ന അ‍‍യ്യാള്‍ ബാറ്റിങ്ങിലെ ഒരുതരം sms ഭാഷയുടെ ഉപജ്ഞാതാവാണെന്ന് പറയാം. എതിരെ എറിയുന്ന ബൗളറേയും പിച്ചിലെ ചതിക്കുഴികളോയുമെല്ലാം അപ്രസക്തമാകുന്ന റണ്‍ ധോരണി തന്നെയാണ് സെഹ് വാഗിന്‍റെ ഈ ഭാഷ. ഇന്ത്യ-ശ്രീലങ്കാ ടീമുകളിലെ മറ്റെല്ലാ കളിക്കാരും സ്ഫുടമായി ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ രണ്ടാം ടെസ്റ്റ് നടന്ന ഗാളിലെ പിച്ചില്‍ നിസാരമായി ബാറ്റ് ചെയ്തത് കാണുമ്പോള്‍ ബാറ്റിനും പാഡിനുമൊപ്പം അദൃശ്യമായൊരു പിച്ച് കൂടി അ‍‍യ്യാള്‍ കൂടെ കൊണ്ടുവന്നെന്ന് തോന്നും.

തന്‍റെ കരിയറിലെ ആ‍ദ്യ ഇന്നിംഗ്സിലെ അവസാന നാളുകളില്‍ നല്ല വേഗതയില്‍ അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകളില്‍ സെഹ് വാഗ് നിരന്തരം പതറിയപ്പോള്‍ സ്റ്റീവ് വോയുടെ പ്രവചനം ഫലിക്കുമോ എന്ന് പലരും സംശയിച്ചു. കാലാന്തരത്തില്‍ സെഹ് വാഗിനെ ബൗളര്‍മാര്‍ ഒതുക്കും എന്നായിരുന്നു വോയുടെ പ്രവചനം. പക്ഷെ, ബോംബെയില്‍ പോയി ശക്തരും കാശുകാരുമായി പ്രേം നസീറും മോഹന്‍ ലാലുമൊക്കെ ഇന്‍റര്‍വെല്ലിനു ശേഷം സിനിമകളില്‍ മടങ്ങിവരുന്നത് പോലെ, ഒരു കൊല്ലം മുന്‍പത്തെ 20-20 ലോകകപ്പോടുകൂടി സെഹ് വാഗ് തിരിച്ചു വന്നു. അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകള്‍ക്ക് മിഡ് വിക്കറ്റിലെ ഫീല്‍ഡറെ വ്യര്‍ത്ഥമായി ഓടിപ്പിക്കുന്ന കൈക്കുഴ തിരിച്ചുള്ള ഫ്ലിക്ക് ഷോട്ടുമായി മറുപടി നല്‍കിയാണ് രണ്ടാം വരവ് അ‍‍യ്യാള്‍ വിജയകരമാക്കിയത്.