19 September 2008

പദ്മനാഭസന്നിധിയില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ‍ടീം വന്നപ്പോള്‍

സമകാലിക ക്രിക്കറ്റിലെ ലോകമഹായുദ്ധം എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള പരമ്പര ഒക്റ്റോബര്‍ ആദ്യവാരം തുടങ്ങുന്നു. ഇതിനും 24 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്, കൃത്യമായി പറഞ്ഞാല്‍ 1984 ഒക്റ്റോബര്‍ 1-ന്, ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് 30 ദിവസങ്ങള്‍ക്ക് മുന്‍പ്, ഒരു ആസ്ത്രേലിയന്‍ ക്രിക്കറ്റ് ‍ടീം ഏക‍ദിന അന്താരാഷ്ട്രമത്സരത്തിനായി ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. ആ ടീമിനെ വിസ്ഡന്‍ അല്‍മനാക് ഇങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നു: കൃസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനത്ത് ക്രിക്കറ്റിന്‍റെ സുവിശേഷവും പേറി എത്തിയ ആസ്ത്രേലിയന്‍ ‍ടീം.

അന്ന് ഇന്ത്യ ലോകചാംപ്യന്‍മാരായിരുന്നു. 1983-ല്‍ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനായ കപില്‍ ദേവിന് അപ്പോഴേക്കും ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടിരുന്നു. ആസ്ത്രേലിയയാകട്ടെ 70-കളുടെ അവസാനത്തിലും 80-കളുടെ ആദ്യവുമായി വിരമിച്ച ചാപ്പല്‍ സഹോദരന്‍മാര്‍, ഡെന്നീസ് ലില്ലി, ജെഫ് തോംസണ്‍, റോഡ്നി മാര്‍ഷ് തുടങ്ങിയവരുടെ അഭാവം നികത്താന്‍ പാടുപെടുന്ന സമയവും. (ഏതാണ്ട് മക്ഗ്രാത്തും വോണും ഗില്‍ക്ക്രിസ്റ്റും ഒക്കെ വിരമിച്ചിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് സമാനം).

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേ‍‍ഡിയത്തിലാണ് കളി നടന്നത്. പക്ഷെ മഴ കാരണം കളി നടന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 ഓവറില്‍ 175 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത ആസ്ത്രേലിയ 7.4 ഓവറില്‍ ഒരു വിക്കറ്റിന് 29 റണ്‍സെടുത്തപ്പോള്‍ അല്‍പ്പം നേരത്തെ എത്തിയ തുലാവര്‍ഷം കളി തടസപ്പെടുത്തി. അടുത്ത പൂവിലേക്കുള്ള നിലം കൃഷി ഉടനെ തുടങ്ങാം എന്ന സന്തോഷമുണ്ടായതിനാല്‍ കാണികള്‍ നിരാശരായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി 79 പന്തില്‍ 77 റണ്‍സെടുത്ത് ‍ടോപ് സ്കോററായ ഇന്നത്തെ ചീഫ് സെലക്റ്റര്‍ ദിലീപ് വെംഗ് സര്‍ക്കാര്‍ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചതാണ് മിക്കവാറും എല്ലാ മത്സരങ്ങളിലും എന്തെങ്കിലുമൊക്കെ നാഴികകല്ലുകള്‍ സംഭവിക്കുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഈ മത്സരം സ്ഥാനം പിടിക്കാന്‍ കാരണം. സുനില്‍ ഗവാസ്കര്‍ ആറാമതായി ആണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് എന്നുള്ളതും ആസ്ത്രേലിയയ്ക്ക് നഷ്ടമായ ഒരേ ഒരു വിക്കറ്റ് നേടിയത് കപില്‍ ദേവ് ആണെന്നുള്ളതും ഇവരുടെ ഓരോരുത്തരുടേയും ആരാധകര്‍ക്ക് യഥാക്രമം നിരാശയും സന്തോഷവും നല്‍കി.

പിന്നീട് വിവ് റിച്ചാര്‍ഡ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് ടീം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ മത്സരം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് മറ്റൊരു വിശേഷത്തിനാലാണ്. മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിലെ യുവകോമളനായ രവി ശാസ്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് തള്ളിക്കയറിയ, ഇപ്പോള്‍ ഒരുപക്ഷെ പെണ്‍മക്കളെ പെണ്‍വാണിഭസംഘങ്ങളുടെ പിടിയില്‍ പെടാതെ നല്ലരീതിയില്‍ വളര്‍ത്താന്‍ യത്നിക്കുന്ന മഹിളാരത്നങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കാവുന്ന, അന്നത്തെ ചില കോളേജ് കുമാരിമാര്‍ നടത്തിയ പരാക്രമമായിരുന്നു. ഏതായാലും അധികം മത്സരങ്ങള്‍ പിന്നീട് തിരുവനന്തപുരത്ത് നടന്നിട്ടില്ല. പില്‍ക്കാലത്ത് കായികലോകത്തിലെ ഏറ്റവും പ്രശസ്തനായ മീന്‍പിടിത്തക്കാരനായി മാറിയ ആന്‍ഡ്രു സൈമണ്ട്സ് അംഗമായിരുന്ന ആസ്ത്രേലിയന്‍ അണ്ടര്‍-19 ടീം തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. പിന്നീട് കൊച്ചിയില്‍ രാ‍ജ്യാന്തരസ്റ്റേഡിയം വന്നതോടെ അന്താരാഷ്ട്ര ടീമുകളൊന്നും ശ്രീപദ്മനാഭസന്നിധിയില്‍ വരാതെയായി.