23 October 2008

ഒരു കൊടുങ്കാറ്റിന്‍റെ ആരംഭം

1989 ‍ഡിസംബറില്‍ ‍ പാകിസ്ഥാനെതിരായ ഒരു എക്സിബിഷന്‍ മാച്ചില്‍ പതിവ് പോലെ നൃത്തച്ചുവടുകളോടെ ബൗള്‍ ചെയ്യാനെത്തിയ അന്നത്തെ ഒന്നാം നമ്പര്‍ ലെഗ് സ്പിന്നറായിരുന്ന അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരു ഓവറില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 28റണ്‍സ് നേടിയതോടെയാണ് കടുത്ത ക്രിക്കറ്റ് പ്രേമികളുടെ സര്‍ക്കിളിന് പുറത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സംസാരവിഷയമാകാന്‍ തുടങ്ങിയത്. ‍
ദൂരദര്‍ശനിലെ ക്രിക്കറ്റ് റ്റെലികാസ്റ്റുകളിലൂടെയും പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളിലുമുള്ള ക്രിക്കറ്റില്‍ കുളിച്ച് നടന്ന “യഥാര്‍ത്ഥ” ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ ശാരാദാശ്രമം സ്കൂളിന് വേണ്ടി വിനോദ് കാംബ്ളിയുമൊത്ത് നേടിയ ലോക റെക്കോര്‍ഡും ബോംബെയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലെ പ്രകടനങ്ങളും പോലെയുള്ള ടെന്‍ഡുല്‍ക്കര്‍ പൊതുവിജ്ഞാനം സമാഹരിക്കാന്‍ തുടങ്ങിയിരുന്നു.

അന്ന് ക്രിക്കറ്റിലും ഇന്ത്യയുടെ വര്‍ഗശത്രുവായിരുന്ന പാകിസ്ഥാനെതിരെയായിരുന്നു ടെന്‍ഡുല്‍ക്കറുടെ 16 വയതിനിലെ അരങ്ങേറ്റം. അതിഗംഭീരമായിരുന്നില്ല അരങ്ങേറ്റം. ഏകദിനത്തിലെ ആ‍ദ്യ രണ്ട് ഇന്നിംഗ്സുകളില്‍ റണ്ണൊന്നും എടുത്തിരുന്നില്ല (രണ്ടാമത്തെ മത്സരം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍‍‍ഡിലെ ‍ഡ്യുണെഡിനില്‍ ആയിരുന്നു. അയത്ന ലളിതമായ ബാറ്റിങ്ങ് ടെക്നിക്കും അക്ഷോഭ്യമായ സ്ട്രെയിറ്റ് ഡ്രൈവും ആയിരുന്നു വരാനിരിക്കുന്ന റണ്‍ വസന്തത്തിന്റെ തളിരിലകളായത്. സഞ്ചയ് മഞ് രേക്കറായിരുന്നു ആ പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ്ങ് താരം. ഒരു പക്ഷെ ഇംറാന്‍ ഖാനും വാസിം അക്രവും വാക്കാര്‍ യൂനിസും അബ്ദുള്‍ ഖാ‍‍ദറും ഉള്‍പ്പെട്ട എക്കാലത്തേയും മികച്ച ഒരു ബൗളിങ്ങ് നിരയ്ക്കെതിരെ ആയതുകൊണ്ടാവണം അരങ്ങേറ്റം മങ്ങിപ്പോകാന്‍ കാരണം. അത്രയും വേഗതയേറിയ ബൗളിങ്ങ് അതിന് മുന്‍പോ ശേഷമോ കളിക്കേണ്ടിവന്നിട്ടില്ല എന്നാണ് ടെന്‍ഡുല്‍ക്കര്‍ പിന്നീട് പറ‍ഞ്ഞിട്ടുള്ളത്. ഭാവിയിലെ വാഗ്‍ദാനം എന്ന് പ്രശസ്തനായതിനാല്‍ പരമാവധി കഴിവെടുത്ത് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആ സീരീസില്‍ ബൗള്‍ ചെയ്തിരുന്നുവെന്ന് പില്‍ക്കാലത്ത് റ്റെലിവിഷന്‍ കമന്ററിക്കിടയില്‍ വാസിം അക്രം പറഞ്ഞിട്ടുണ്ട്.

വെളിച്ചക്കുറവ് മൂലം ആകസ്മികമായി 20-20 ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പ്രദര്‍ശന ഏകദിന മത്സരത്തിലാണ് ടെന്‍ഡുല്‍ക്കര്‍ വയസറിയിച്ചത്. ആ‍ദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറും കളിച്ച് 4 വിക്കറ്റിന് 157 റണ്‍സ് എടുത്തു. അന്നെല്ലാം ജാവേദ് മിയാന്‍ദാദിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന അത്താഴം മുടക്കിയായിരുന്ന സലിം മാലിക് ആയിരുന്നു 75 റണ്‍സ് ഏടുത്ത് ടോപ് സ്കോററായത്. ടെന്‍ഡുല്‍ക്കര്‍ വരുന്നത് വരെ ഇന്ത്യ ജയിക്കാന്‍വേണ്ടിയാണ് കളിക്കുന്നത് എന്ന് തോന്നിപ്പിച്ചിരുന്നില്ല. ടെന്‍ഡുല്‍ക്കര്‍ 18 ബോളില്‍ നിന്ന് 53 റണ്‍സ് നേടി ഇന്ത്യയെ അവസാന ബോളില്‍ ഒരു സിക്സ് അടിച്ചാല്‍ ജയിക്കാം എന്ന സ്ഥിതിയിലെത്തിച്ചു. അവസാന ബോളില്‍ സിക്സടിച്ച് ജയിക്കുന്നതിന്റെ പേറ്റന്റ് ജാവേദ് മിയാന്‍ദാദിന്റെ കൈയ്യിലായതിനാല്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരോവറില്‍ നാല് സിക്സറുകളും ഒരു ഫോറും ആയി സച്ചിന്‍ നേടിയ 28 റണ്‍സ് തന്നെയായിരുന്നു ആ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.

പിന്നീട് ഇതിനെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് അബ്ദുള്‍ ഖാ‍‍ദര്‍ ടെന്‍ഡുല്‍ക്കറുടെ അടുത്ത് 80-കളിലെ സ്ലെഡ്ജിങ്ങ് നടത്തിയിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെന്‍ഡുല്‍ക്കര്‍ അടി തുടങ്ങിയതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഷെയിന്‍ വോണ്‍, പോള്‍ സ്ട്രാങ്ങ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പല ലെഗ് സ്പിന്നര്‍മാരും ടെന്‍ഡുല്‍ക്കറുടെ പവര്‍ ഹിറ്റിങ്ങിനിരയായിട്ടുണ്ട്. പക്ഷെ ഏതാണ്ട് സമാനമായി പന്ത് തിരിക്കുന്ന ഇടം കൈയ്യന്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഈ ആക്രമണമികവ് കാഴ്ച വയ്ക്കാന്‍ എന്തുകൊണ്ടോ സച്ചിന് കഴിഞ്ഞിട്ടില്ല.

ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സച്ചിന്‍ തിരുത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും പ്രവചിച്ചിരുന്നു. ഏതായാലും 16 വയസില്‍ തുടങ്ങിയ ആ ക്രിക്കറ്റ് കൊടുങ്കാറ്റ് പര്‍വതശിഖരങ്ങളും കൊടുമുടികളും താണ്ടി ബാറ്റിങ്ങ് ആകാശത്തിന്റെ അധിപനായി മാറുമ്പോള്‍ സച്ചിന്റെ ജീവിത ചരിത്രത്തിനെ ഒറ്റ വാക്യത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം: Chronicle of a Cricketing Life Foretold.

11 October 2008

77-ല്‍ നിന്ന് 13 കുറച്ചാല്‍

രാവിലെ കളി തുടങ്ങിയപ്പോള്‍ തന്നെ ഗൗതം ഗംഭീര്‍ ഔട്ടായി. സെഹ് വാഗ് എപ്പോള്‍ വേണമെങ്കിലും പുറത്താവാമെന്നും അതിനാല്‍ ഏത് നിമിഷവും സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുമെന്നും ചിന്തിച്ച് ഫോണ്‍ ബില്ലടയ്ക്കലും ബാങ്കില്‍ പോകലും ചില സൗഹൃദ സന്ദര്‍ശനങ്ങളും പിന്നത്തേയ്ക്ക് മാറ്റിവച്ച് ചരിത്ര മുഹൂര്‍ത്തത്തിന് ആദ്യം മുതല്‍ക്ക് തന്നെ സാക്ഷ്യം വഹിക്കണമെന്ന് കരുതി കളി കാണാനിരുന്നു. ടെന്‍ഡുല്‍ക്കര്‍ 77 റണ്‍സും കൂടി എടുത്താല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ എടുത്ത ആള്‍ എന്ന നെയിം ബോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിലെ ട്രിനി‍ഡാഡില്‍ നിന്നും ബോംബെയിലെ ഒരു വീട്ടിലെത്തും.

പ്രതീക്ഷിച്ചത് പോലെ സെഹ് വാഗ് ഔട്ടായി. പതിവ് പോലെ കാണികളുടെ കാതടപ്പിക്കുന്ന കൈയ്യടിയുടെ അകമ്പടിയില്‍ നിയുക്ത ചരിത്രരചയിതാവ് വികാരരഹിതനായി ക്രീസിലേയ്ക്ക് നടന്നുവന്നു. ഞാന്‍ റിമോട്ട് കണ്‍ട്രോള്‍ ടീപ്പോയുടെ പുറത്ത് വച്ചു. അടുത്ത കാലത്തായി ചാനല്‍ മാറ്റിയാല്‍ ടെന്‍ഡുല്‍ക്കര്‍ ഔട്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബ്രെറ്റ് ലീയുടെ ഓവറാണ് ആദ്യമായി നേരിട്ടത്. ഓവറിന്റെ അവസാന പന്തില്‍ ഒരു ഫോര്‍. പിന്നീട് മിച്ചല്‍ ജോണ്‍സന്റെ അടുത്ത ഓവറുകളില്‍ രണ്ട് ഫോറുകള്‍. മൂന്നും സുപരിചിതമായ ടെന്‍ഡുല്‍ക്കര്‍ പേറ്റന്റ് ഉള്ള വിവിധതരം ഓഫ് ഡ്രൈവുകള്‍. 17 പന്തില്‍ നിന്നും 13. ഇതിനിടയില്‍ മൈക്കല്‍ ക്ലാര്‍ക്കിനടുത്ത് പോയ പന്തില്‍ ഒടാന്‍ ശ്രമിച്ച ഒരു ആത്മഹത്യാശ്രമം പരാജയപ്പെട്ടിരുന്നു. അതുപോലെ ജോണ്‍സന്റെ ബൗളിങ്ങില്‍ രണ്ട് തവണ റ്റൈമിങ്ങ് കിട്ടാതെ പന്ത് വായുവില്‍ ഉയര്‍ന്നെങ്കിലും ഫീല്‍ഡര്‍മാരുടെ അടുത്ത് എത്തിയില്ല. 77-ല്‍ നിന്ന് 13 കുറച്ചാല്‍ ... ഇനി 64 റണ്‍സ് കൂടി മതി. വിചാരിച്ച് തീരും മുന്‍പ് ജോണ്‍സന്റെ ഒരു ഫുള്‍ ലെങ്ത് സ്ലോബോളില്‍ കാമറൂണ്‍ വൈറ്റിന് ലോകത്തിലെ ഏറ്റവും അനായാസമായ ക്യാച്ചുകളിലൊന്ന് നല്‍കി ടെന്‍ഡുല്‍ക്കര്‍ ചുറ്റുപാടുകളെപ്പറ്റി നമ്മളെ ബോധ്യവാന്‍മാരാക്കി.

പണ്ട് കപില്‍ ദേവ് റിച്ചാര്‍ഡ് ഹാ‍‍ഡ് ലിയുടെ 431 വിക്കറ്റ് എന്ന അന്നത്തെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നിരങ്ങി നിരങ്ങി നീങ്ങിയ അവസ്ഥയാണ് ഓര്‍മ്മ വന്നത്. ഏതായാലും ഫോണ്‍ ബില്ലടയ്ക്കാനും ബാങ്കില്‍ പോകാനും പറ്റി. ചരിത്ര മുഹൂര്‍ത്തത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും.

08 October 2008

പ്രവചനാതീതമായ ഒരു ക്രിക്കറ്റ് പരമ്പരയുടെ ചരിത്രം

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര 1947 മുതല്‍ ആരംഭിച്ചുവെങ്കിലും ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ആദ്യമായി പര്യടനം നടത്തുന്നത് 1956-1957 കാലത്താണ്. (ഇതിന് മുന്‍പ് പട്യാലയിലെ മഹാരാജാവിന്‍റെ അദ്ധ്യക്ഷതയില്‍ 1936-ല്‍ ഒരു ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിച്ചിട്ടുണ്ടെങ്കിലും ആ മത്സരങ്ങള്‍ക്ക് ഔദ്യോഗിക പദവി ലഭിച്ചിട്ടില്ല.) കീത്ത് മില്ലര്‍, റേ ലിന്‍ഡ് വാള്‍ തുടങ്ങിയ ഹെല്‍മറ്റ് കണ്ടുപിടിക്കുന്നതിന് മുന്‍പേയുള്ള ക്രിക്കറ്റിലെ കൊടും ഭീകരരായ ഫാസ്റ്റ് ബൗളര്‍മാരും ഒരു പക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ള ആസ്ത്രേലിയന്‍ സ്പിന്‍ ബൗളറായ റിച്ചി ബെനോഡും നീല്‍ ഹാര്‍വ്വിയുടെ നേതൃത്വത്തിലുള്ള ബാറ്റിങ്ങ് നിരയും അന്നത്തെ ആസ്ത്രേലിയന്‍ ടീമിലുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പില്‍ക്കാലത്ത് ട്രോഫികളുടെ നാമധേയത്തിലൂടെ അനശ്വരമാക്കപ്പെട്ട ഗുലാം മുഹമ്മദ്, വിജയ് മഞ്ച് രേക്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്നു. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 2-0 എന്ന സ്കോറിന് ആസ്ത്രേലിയ വിജയിച്ചു.

ഏറെക്കുറെ ഈ പരമ്പരയില്‍ ഉണ്ടായിരുന്ന ഇരു ടീമിലേയും പ്രമുഖകളിക്കാരെല്ലാം പങ്കെടുത്ത അടുത്ത പര്യടനം രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷമായിരുന്നു നടന്നത്. ഈ പരമ്പരയിലാണ് ഇന്ത്യ ആദ്യമായി ആസ്ത്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റില്‍ വിജയിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം കാന്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് കന്നി വിജയം നേടിയത്. ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മേല്‍ ഇന്ത്യയുടെ വലത്തെകയ്യന്‍ ഓഫ് സ്പിന്നര്‍മാരുടെ മേല്‍ക്കോയ്മയും ഇതോടെ തുടങ്ങി. ജാസുഭായി പട്ടേല്‍ എന്ന അഹമ്മദാബാദ് കാരന്‍ സ്പിന്നറായിരുന്നു അന്നത്തെ ഹര്‍ഭജന്‍ സിങ്ങ്. ആദ്യ ഇന്നിംഗ്സില്‍ ഒന്‍പതും രണ്ടാമിന്നിംഗ്സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ ജാസുഭായി പട്ടേല്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു. തൂടര്‍ന്നു നടന്ന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം സമനിലയായി. ഒരു ടെസ്റ്റ് കൂടി ജയിച്ച് ആസ്ത്രേലിയ പരമ്പര സ്വന്തമാക്കി.

ആസ്ത്രേലിയയുടെ അടുത്ത ഇന്ത്യന്‍ പര്യടനം നടന്നത് 1964-1965-ലാണ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-1-ന് സമനിലയായെങ്കിലും ഇന്ത്യയ്ക്ക് അത് ഒരു വിജയം പോലെയായിരുന്നു. മദ്രാസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബോബ് സിംപ്സന്‍റെ നേത്യത്തില്‍ ഇറങ്ങിയ ആസ്ത്രേലിയന്‍ ടീം 139 റണ്‍സിന് വിജയിച്ചു. ബോംബെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മുന്‍തൂക്കം ഇരുടീമിനും മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ അവസാനദിവസം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചു. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ ഉജ്ജ്വലമായ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേലിയയുടെ ആദ്യകാല ആധിപത്യത്തിന്റെ നാളുകളിലെ അവസാന പരമ്പരയായിരുന്നു 1969-ലേത്. അതിനകം തന്നെ ഒരു ഇന്ത്യ വെറ്ററന്‍ ആയി മാറിക്കഴിഞ്ഞ നീല്‍ ഹാര്‍വിയുടെ നേതൃത്വത്തില്‍ വന്ന ആസ്ത്രേലിയ 3-1-ന് അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പര സ്വന്തമാക്കി. സ്കോര്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ആസ്ത്രേലിയയ്ക്ക് വേണ്ടി ഇയാന്‍ ചാപ്പല്‍ ബാറ്റിങ്ങിലും ഓഫ് സ്പിന്നര്‍ മില്ലറ്റ് ബൗളിങ്ങിലും തിളങ്ങി. ബേദി-പ്രസന്ന സ്പിന്‍ യുഗത്തിന്‍റെ ഉയര്‍ച്ചയും ഗുണ്ടപ്പ വിശ്വനാഥിന്‍റെ അരങ്ങേറ്റവും ഈ പരമ്പരയിലായിരുന്നു സംഭവിച്ചത്. പട്ടൗ‍ഡിയായിരുന്നു ഇന്ത്യയെ നയിച്ചത്. ആ‍‍ദ്യ ടെസ്റ്റ് ആസ്ത്രേലിയ വിജയിച്ചപ്പോള്‍ ടീമില്‍ വലിയ മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വിശ്വനാഥ് ആദ്യ ഇന്നിംഗ്സില്‍ പൂജ്യവും രണ്ടാമിന്നിംഗ്സില്‍ സെഞ്ച്വറിയും നേടി അരങ്ങേറ്റം അവിസ്മരണീയമാക്കി. രണ്ടാമത്തെ മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നാലാമത്തെ ടെസ്റ്റില്‍ വിജയിച്ച് ആസ്ത്രേലിയ മുന്‍തൂക്കം നിലനിര്‍ത്തി. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ അവസാനടെസ്റ്റില്‍ ഇന്ത്യയെ 77 റണ്‍സിന് പരാജയപ്പെടുത്തി ആസ്ത്രേലിയ പില്‍ക്കാലത്ത് വളരെ ഓര്‍മ്മിക്കപ്പെട്ട ഒരു പരമ്പര വിജയം നേടി. കാരണം ഇതിന് 35 കൊല്ലത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേലിയ പിന്നീട് ഒരു പരമ്പര നേടുന്നത്. കാണികളുടെ ഗ്രൗണ്ട് കയ്യേറ്റവും പുറത്ത് നടന്ന കലാപങ്ങളും ഈ പരമ്പരയെ കലുഷിതമാക്കിയിരുന്നു.

അക്കാലത്തെല്ലാം യാത്രാസൗകര്യം കുറവായതിനാല്‍ ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം ചേര്‍ത്ത് ഒരു ഉപഭൂഖണ്ഢ സന്ദര്‍ശനമായിരുന്നു വിദേശ ടീമുകള്‍ പൊതുവേ നടത്തിയിരുന്നത്. മാത്രമല്ല ഇന്ത്യന്‍ പര്യടനം ദുര്‍ഘടമായ യാത്രയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എതിരാളികളുടെ മത്സരതീവൃതയേക്കാള്‍ സന്ദര്‍കരെ ഭയപ്പെടുത്തിയിരുന്നത് മോശപ്പെട്ട യാത്രാ, താമസ സൗകര്യങ്ങളായിരുന്നു. 1960-കളിലും 1970-കളിലും സിനിമാ, സാഹിത്യമേഖലകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചമായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഹോട്ടലുകളും വാഹനങ്ങളും ഇപ്പോഴത്തേതിന്‍റെ അത്ര മെച്ചമായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ഭക്ഷണം ആസ്ത്രേലിയക്കാര്‍ക്ക് ഓഫ് സ്പിന്നിനേക്കാള്‍ ഭയാനകമായിരുന്നു. (ബൗളിങ്ങ് റണ്ണപ്പില്‍ തുടങ്ങിയ ഓട്ടം ബാറ്റ്സ്മാനേയും അംപയര്‍മാരെയും അമ്പരപ്പിച്ചുകൊണ്ട് ഡ്രസിങ്ങ് റൂമിലെ ടോയ് ലറ്റില്‍ അവസാനിപ്പിച്ച ഒരു ഇംഗ്ലണ്ട് ബൗളറുടെ കഥ ഇവിടെ സ്മരണീയമാണ്.) പക്ഷെ 1990-കളോട് കൂടി ഇന്ത്യ ലോകക്രിക്കറ്റിന്‍റെ വരുമാനക്കിണ്ണം ആയി മാറുകയും, 2000-മാണ്ട് കഴിഞ്ഞതോടു കൂടി ഇവിടേയ്ക്ക് വരാന്‍ ടീമുകള്‍ മത്സരിച്ച് താത്പര്യപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

1979-1980 കാലഘട്ടത്തിലായിരുന്നു ആസ്ത്രേലിയന്‍ ടീമിന്‍റെ അടുത്ത വരവ്. വേള്‍ഡ് സീരീസ് മത്സരത്തില്‍ പ്രമുഖതാരങ്ങള്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ശക്തിക്ഷയം നേരിട്ട ആസ്ത്രേലിയന്‍ ടീമിനെ കാത്തിരുന്നത് ഗുണ്ടപ്പ വിശ്വനാഥും സുനില്‍ ഗവാസ്കറും കപില്‍ ദേവും ഒക്കെ അണി നിരന്ന ഇന്ത്യന്‍ ടീമിനെയാണ്. ഈ മൂവര്‍ സംഘത്തിന്‍റെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ആറ് ടെസ്റ്റുകളുണ്ടായിരുന്ന പരമ്പര 2-0 എന്ന സ്കോറിന് വിജയിച്ച് ഇന്ത്യ ആദ്യമായി ആസ്ത്രേലിയയ്ക്കെതിരെ ഒരു പരമ്പര സ്വന്തമാക്കി.


1986-1987 പരമ്പര ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് മദ്രാസിലെ ആദ്യ ടെസ്റ്റ് “റ്റൈ” ആയതിനാലാണ്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപകമായതിനു ശേഷമുള്ള കളിയായതിനാല്‍ ധാരാളം പേര്‍ കണ്ടുകാണാന്‍ സാധ്യതയുള്ള കളിയാണ് ഇത്. ഡീന്‍ ജോണ്‍സിന്‍റെ ശര്‍‍ദ്ദിലില്‍ക്കുളിച്ച ഡബിള്‍ സെഞ്ച്വറിയും ബൂണിന്റേയും ബോര്‍ഡറിന്‍റേയും സെഞ്ച്വറികളും ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ കപില്‍ ദേവിന്‍റെ സെഞ്ച്വറിയും ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ ബോര്‍ഡറിന്റെ സാഹസികമായ ഡിക്ലറേഷനും രണ്ടാമിന്നിംഗ്സില്‍ ഗവാസ്കറിന്റേയും അമര്‍നാഥിന്റേയും ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങും ജയിക്കാന്‍ ഒരു റണ്ണും തോല്‍ക്കാന്‍ ഒരു വിക്കറ്റും മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രവി ശാസ്ത്രി ഒരു റണ്ണെടുത്ത് സ്ട്രൈക്ക് മനീന്ദര്‍ സിങ്ങിന് കൈമാറിയതും “ബാറ്റ് പിടിക്കാന്‍ പോലും അറിയാത്തവന്‍” എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ച മനീന്ദര്‍ സിങ്ങ് LBW ആയി പുറത്തായതുമെല്ലാം ചായക്കടകളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം പിന്നീട് നിരവധി തവണ ചര്‍ച്ചചെയ്യപ്പെട്ടു. പരമ്പരയിലെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

പിന്നീട് 1996-ല്‍ ഒരു ടെസ്റ്റ് മാത്രമുള്ള “പരമ്പര”യ്ക്കായി ആസ്ത്രേലിയന്‍ ടീം ഇന്ത്യയില്‍ വന്നപ്പോള്‍ പരമ്പരയുടെ പേര് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി എന്നായി മാറിയിരുന്നു. മാര്‍ക്ക് ടെയ് ലറുടെ നേതൃത്വത്തില്‍ വന്ന ആസ്ത്രേലിയന്‍ ടീമിനെ നേരിട്ടത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീമായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ഡെല്‍ഹിയിലെ പിച്ചില്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരുടേയും അപ്രതീക്ഷിതമായി സെ‍‍ഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയുടെയും മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ആസ്ത്രേലിയയെ പരാജയപ്പെടുത്തി.

വെറും ഒരു കൊല്ലത്തിനു ശേഷം ആസ്ത്രേലിയന്‍ ടീം വീണ്ടും ഇന്ത്യയില്‍ വന്നപ്പോള്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പക്ഷെ ടെന്‍ഡുല്‍ക്കര്‍ക്ക് അതില്‍ എന്തെങ്കിലും അമര്‍ഷമുണ്ടായിരുന്നെങ്കില്‍ അതിന്‍റെ ഫലമനുഭവിച്ചത് ആസ്ത്രേലിയന്‍ ബൗളര്‍മാരായിരുന്നു. ഈ പരമ്പരയിലായിരുന്നു ടെന്‍ഡുല്‍ക്കര്‍ പാണന്‍ പാട്ടുകളിലെ സുപ്രധാന ഐറ്റമായ ഷെയിന്‍ വോണ്‍ വധം സംഭവിച്ചത്.
മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 446 റണ്‍സ് നേടി ടെന്‍ഡുല്‍ക്കര്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായപ്പോള്‍ കുംബ്ലെയും ശ്രീനാഥും ബൗളിങ്ങിന്‍റെ ചുക്കാന്‍ പിടിച്ചു. ആദ്യ രണ്ടു ടെസ്റ്റ് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ മൂന്നാമത്തെ ടെസ്റ്റ് വിജയിച്ച് ആസ്ത്രേലിയ ആശ്വാസവിജയം നേടി.

തുടര്‍ച്ചയായി 15 ടെസ്റ്റ് മത്സരങ്ങള്‍ വിജയച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് 2001-ല്‍ ആസ്ത്രേലിയ ഇന്ത്യയിലെത്തിയത്. സ്റ്റീവ് വോ ആയിരുന്നു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍. ഇപ്പോള്‍ നടക്കാന്‍ പോകുന്ന പരമ്പരയോടുകൂടി വിരമിക്കാന്‍ ഒരുങ്ങുന്ന സൗരവ് ഗാംഗുലി ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബോംബെയില്‍ വച്ചു നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ആസ്ത്രേലിയ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ വിജയിച്ച 1980-ലെ വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഈ സീരീസിലെ കല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റായിരിക്കണം ഇന്ത്യ കളിച്ചിട്ടുള്ള ഏറ്റവും ആവേശകരമായ ക്രിക്കറ്റ് മത്സരം. ഫോളോ ഓണ്‍ ചെയ്യുകയും അതിനേക്കാലും വലിയ ദുരന്തമായ ടെന്‍ഡുല്‍ക്കറുടെ പുറത്താകലിനും ശേഷം 281 റണ്‍സെടുത്ത വി.വി.എസ്. ലക്ഷ്മണും 180 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് തീര്‍ത്ത 376 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു മത്സരഗതിയെ തലകീഴായി മറിച്ചത്. ടെസ്റ്റിന്റെ നാലാമത്തെ ദിവസം മുഴുവന്‍ മക്ഗ്രാത്തും ഗില്ലസ്പിയും വോണും ഉള്‍പ്പെട്ട ബൗളിങ്ങ് നിരയ്ക്കെതിരെ ഇവര്‍ പുറത്താകാതെ ബാറ്റ് ചെയ്തു. അവസാന ദിവസം 75 ഓവറില്‍ 383 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ത്രേലിയന്‍ ബാറ്റിങ്ങ് നിര ഒരു ഹാറ്റ് ട്രിക് ഉള്‍പ്പെടെ 7 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിങ്ങിന് മുന്‍പില്‍ തകര്‍ന്നു. ഹെയ്‍ഡന്‍റെയും ഗില്‍ക്രിസ്റ്റിന്‍റെയും വീക്കറ്റുകള്‍ വീഴ്ത്തി ടെന്‍ഡുല്‍ക്കറും ബൗളിങ്ങില്‍ തന്‍റെ സംഭാവന നല്‍കി. ചെന്നെയില്‍ വച്ചു നടന്ന നിര്‍ണ്ണായകമായ അവസാന ടെസ്റ്റില്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിങ്ങ് മികവിലും ഹര്‍ഭജന്‍ സിങ്ങിന്റെ ബൗളിങ്ങ് മികവിന്‍റെയും പിന്‍ബലത്തില്‍ ഇന്ത്യ ആവേശകരമായ ഒരു മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ചു. മക്ഗ്രാത്തിന്റെ ബൗളിങ്ങില്‍ ഹര്‍ഭജന്‍സിങ്ങാണ് വിജയറണ്‍ നേടിയത്. ആസ്ത്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ പരമ്പരയിലുടനീളം മികച്ച ബാറ്റിങ്ങ് കാഴ്ചവച്ചു.

2004-ലെ പരമ്പരയില്‍ ആസ്ത്രേലിയ 2-1-ന് വിജയിച്ചു. ബാംഗ്ലൂരിലെ ആദ്യ ടെസ്റ്റിലും നാഗ് പൂരില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റിലും വിജയിച്ച് സ്റ്റീവ് വോ ഫൈനല്‍ ഫ്രോണ്ടിയര്‍ എന്നു വിളിച്ച ഇന്ത്യന്‍ മണ്ണിലും ആസ്ത്രേലിയ ആധിപത്യം നേടി. (ഇന്ത്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും 1990-ന് ശേഷം ആസ്ത്രേലിയ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടായിരുന്നു. ഇന്ത്യയായിരുന്നു അവസാനത്തെ കടമ്പ.) സ്റ്റീവ് വോയുടേയും റിക്കി പോണ്ടിങ്ങിന്റെയും അഭാവത്തില്‍ ആഡം ഗില്‍ക്രിസ്റ്റ് ആയിരുന്നു ആസ്ത്രേലിയയെ നയിച്ചത്. ഇന്ത്യയെ സൗരവ് ഗാംഗുലിയും. ആസ്ത്രേലിയയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മൈക്കേല്‍ ക്ലാര്‍ക്കും ഡാമിയന്‍ മാര്‍ട്ടിനും ബൗളിങ്ങില്‍ പഴയ പുള്ളികളായ മക്ഗ്രാത്തും ഗില്ലസ്പിയും വോണും മികച്ച പ്രകടനം കാഴ്ച വച്ചു. ഇന്ത്യയ്ക്ക് വേണ്ടി വീരേന്ദ്ര സെഹ് വാഗ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. നാലാമത്തെ ടെസ്റ്റില്‍ അമിതമായി സ്പിന്നിന് തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണ് ഇന്ത്യ വിജയിച്ചതെന്ന് ആരോപണമുണ്ടായി. പക്ഷെ ചെന്നൈയില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 192 റണ്‍സ് “മാത്രം” മതി എന്നുള്ള അവസ്ഥയില്‍ നിന്നപ്പോഴാണ് വല്ലപ്പോഴും മാത്രം മഴ പെയ്യുന്ന ചെന്നൈയില്‍ മഴ പെയ്ത് അവസാന ദിവസത്തെ കളി നടക്കാതെ പോയത്. അതുപോലെ അന്നത്തെ BCCI ഭാരവാഹികളും നാഗ് പൂരിലെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ശശാങ്ക് മനോഹര്‍ (അതെ, വിധിയുടെ വിരോധാഭാസത്താല്‍ ഇപ്പോഴത്തെ BCCI പ്രസിഡന്റ്!) നല്ല ഒന്നാന്തരം ഒരു പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റായിരുന്നു അവിടെ തയ്യാറാക്കിയത്. ടെന്നീസ് എല്‍ബോ പരിക്ക് കാരണം മൂന്നാമത്തെ ടെസ്റ്റ് മുതല്‍ മാത്രമെ ടെന്‍ഡുല്‍ക്കറര്‍ കളിച്ചുള്ളൂ എന്നതും ഇന്ത്യയുടെ പ്രകടനത്തിന് മങ്ങലേല്‍പ്പിക്കാന്‍ കാരണമായി.

നാളെ വീണ്ടുമൊരു ഇന്ത്യ-ആസ്ത്രേലിയ പോരാട്ടത്തിന് ഇന്ത്യന്‍ മണ്ണില്‍ തിരശ്ശീല ഉയരുകയാണ്. ഒരു കൂട്ടം മികച്ച കളിക്കാരുടെ വിരമിക്കലേല്‍പ്പിച്ച ആഘാതവുമായി ഇറങ്ങുന്ന ആസ്ത്രേലിയയും ഒരു കൂട്ടം മികച്ച കളിക്കാര്‍ വിരമിക്കാറായതിന്റെ ആഘാതവുമായി ഇറങ്ങുന്ന ഇന്ത്യയും തമ്മിലാണ് മത്സരം. ക്രിക്കറ്റു കളി സ്റ്റോക്ക് മാര്‍ക്കറ്റിനേക്കാള്‍ പ്രവചനാതീതമായതുകൊണ്ട് ഈ ലേഖനം ചരിത്രവിഷയങ്ങളില്‍ ഒതുങ്ങുന്നു – പ്രവചനങ്ങളിലൂടെ ഭാവിയുടെ പുറമ്പോക്കിലേക്ക് കടക്കാതെ.