02 November 2008

ഫോര്‍മുല വണിലെ കലാശപ്പോരാട്ടം

കേരളത്തില്‍ ഏറ്റവും ജനപ്രിയമായിരുന്ന കാറോട്ടമത്സരം പഴയ ഒരു സിനിമയില്‍ (കോളിളക്കം ആണെന്ന് തോന്നുന്നു) ജയനും സുകുമാരനും കൂടി അന്നത്തെ മദ്രാസില്‍ നിന്ന് മഹാബലിപുരം വരെ ഈസ്റ്റ് കോസ്റ്റ് റോ‍‍ഡില്‍ നടത്തിയ സിനിമാറ്റിക് ഫോര്‍മുല വണ്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ട്ടന്‍ സെന്നയും നൈജല്‍ മാന്‍സലും പിന്നീട് മൈക്കല്‍ ഷൂമാക്കറും കേബിള്‍ റ്റിവിയിലും സ്പോര്‍ട്സ് പേജുകളിലും നിറഞ്ഞപ്പോഴാണ് മലയാളികളും ആഗോളവത്കരണത്തിന് വിധേയരായി ഫോര്‍മുല വണ്‍ മത്സരങ്ങളെ മുഖ്യധാരാ സ്പോര്‍ട്സ് ഇനങ്ങളുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചത്. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെട്ട ജയനെപ്പോലെ 1994-ല്‍ സാന്‍മരിനോയിലെ ട്രാക്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ അപകടത്തില്‍ കൊല്ലപ്പെട്ട അയര്‍ട്ടണ്‍ സെന്നയും കാല്‍പ്പനികമായ സാഹസികതയുടെ നിത്യസ്മാരകമായി.

ഇന്ന് അല്‍പസമയത്തിന് ശേഷം അയര്‍ട്ടണ്‍ സെന്നയുടെ നാടായ ബ്രസീലിലെ ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിന്റെ അവസാനമത്സരം നടക്കുമ്പോള്‍ വിജയിയെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ നിരവധി പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിറഞ്ഞതാണ്. ഇരുപത് പേര്‍ പങ്കെടുക്കുന്ന ഇന്നത്തെ മത്സരത്തില്‍ രണ്ട് പേര്‍ മാത്രമേ കിരീടം ലക്ഷ്യമിട്ട് ആക്സിലറേറ്റര്‍ ചവിട്ടുന്നുള്ളൂ: ബ്രിട്ടീഷ് കാര്‍ക്ക് ഫോര്‍മുല വണിലെ ബാറാക് ഒബാമയായ മക് ലാറന്‍ ടീമിന്റെ ലൂയിസ് ഹാമില്‍ട്ടണും അയര്‍ട്ടന്‍ സെന്നയ്ക്ക് ശേഷം ബ്രസീലില്‍ നിന്നുള്ള ഏറ്റവും പ്രതിഭാധനനായ ‍
‍ഡ്രൈവര്‍ എന്ന പേര് സമ്പാദിച്ചിട്ടുള്ള ഫെറാറിയുടെ ഫെലിപ്പെ മാസയും. ഹാമില്‍ട്ടണ് 94 പോയിന്റും മാസയ്ക്ക് 87 പോയിന്റുമാണുള്ളത്.

കാര്‍ നിര്‍മ്മാതാക്കളുടെ മത്സരവും കേരളത്തിലെ പ്രൈവറ്റ് ബസുകളുടെ മത്സരം പോലെ വാശിയേറിയതാണ്. ഫെറാറിയ്ക്ക് 156 പോയിന്റും മക് ലാറന് 145 പോയിന്റുമാണുള്ളത്. ഒറ്റനോട്ടത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ് ഹാമില്‍ട്ടണും കാര്‍ നിര്‍മ്മാതാക്കളുടെ ചാംപ്യന്‍ഷിപ് ഫെറാറിയ്ക്കുമാണ് സാധ്യത എന്ന് മനസിലാക്കാം. കഴിഞ്ഞ തവണയും വ്യക്തിഗത ചാംപ്യന്‍ഷിപ് ഇത് പോലെ തന്നെ ആയിരുന്നു.

കഴിഞ്ഞ തവണത്തെ ഫെറാറിയുടെ കിമി റൈക്കിനനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീ‍‍ഡുണ്ടായിരുന്നു ഹാമില്‍ട്ടണ് അവസാന മത്സരത്തിന് ബ്രസീലിലേക്ക് വരുമ്പോള്‍. ‍കഴിഞ്ഞ വര്‍ഷത്തെ പ്രധാന മത്സരം ഹാമില്‍ട്ടണും മക് ലാറന്‍ ടീം മേറ്റ് കൂടിയായിരുന്ന ഫെര്‍ണ്ണാണ്ടോ അലോന്‍സയും തമ്മിലായിരുന്നു. അലോന്‍സയ്ക്ക് ഹാമില്‍ട്ടണേക്കാള്‍ മൂന്ന് പോയിന്റ് കുറവേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഹൈവേകളിലെ ഡ്രൈവര്‍മാരുടെ മത്സരം പോലെ ഈഗോ കലുഷിതമാക്കിയ മത്സരമായിരുന്നു ഇവര്‍ തമ്മില്‍. കഴിഞ്ഞ തവണത്തെ ബ്രസീലിയന്‍ ഗ്രാന്‍‍ഡ് പ്രീ ഫോര്‍മുല വണ്‍ ചരിത്രത്തിലെ തന്നെ ആന്റി-ക്ലൈമാക്സുകളിലൊന്നായിരുന്നു. അതില്‍ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്ത റയിക്കിനന്‍ ഹാമില്‍ട്ടണെ ഒരു പോയിന്റിന് പിന്നിലാക്കി ചാംപ്യന്‍ഷിപ് നേടി. ഹാമില്‍ട്ടണ് ഏഴാമതായി എത്താനേ കഴിഞ്ഞുള്ളൂ. അലോന്‍സയ്ക്കും വിജയിക്കാനാവശ്യമായ പോയിന്റ് നേടാനായില്ല.

ഈ ഒരു ചരിത്രം തോക്കും ചൂണ്ടി ഇന്ന് വണ്ടി ഓടിക്കുമ്പോള്‍ ഹാമില്‍ട്ടന്റെ സീറ്റിന് പിറകില്‍ ഉണ്ടാകും. മാത്രമല്ല ഹാമില്‍ട്ടണെ ടെന്‍ഷനടിപ്പിച്ച് തോല്‍പ്പിക്കുവാന്‍ വേണ്ടി ഒരു വെബ് സൈറ്റ് (http://www.pinchalaruedadehamilton.com/; ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല) തന്നെ ആരോ തുടങ്ങിയിട്ടുണ്ട്. ടയര്‍ പഞ്ചറാകുന്നതിനെ സൂചിപ്പിക്കാന്‍ കുപ്പിച്ചില്ലുകളുടേയും ആണിത്തുമ്പുകളുടേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി മുന്‍ നിരയില്‍ അണിനിരക്കാനാണത്രെ കാണികളോട് ഈ വെബ് സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള ആഹ്വാനം. മത്സരം ബ്രസീലില്‍ വച്ചായതിനാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്വാഭാവികമായും മാസയ്ക്കായിരിക്കും. പക്ഷെ എന്‍ജിനുകള്‍ക്ക് കാണികളുടെ ആരവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ഹാമില്‍ട്ടണ് പ്രതീക്ഷ പുലര്‍ത്താം. മാസ പോള്‍ പൊസിഷനില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഹാമില്‍ട്ടന്‍ നാലാമതായും.

അപ് ഡേറ്റ്: അവസാന ലാപില്‍ ആറാം സ്ഥാനത്ത് നിന്ന് അ‍ഞ്ചാം സ്ഥാനത്തെത്തി കഴിഞ്ഞ തവണ നാടകീയമായി നഷ്ടപ്പെട്ട കിരീടം നാടകീയമായിത്തന്നെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. അവസാമനിമിഷങ്ങളില്‍ മഴ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച റേസില്‍ മാസ ഒന്നാമതെത്തിയെങ്കിലും ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ. ചാംപ്യന്‍ഷിപ്പില്‍ അവസാന പോയിന്റ് നില ഇങ്ങിനെയാണ്: ഹാമില്‍ട്ടണ് 98 പോയിന്റും മാസയ്ക്ക് 97 പോയിന്റും.