11 October 2008

77-ല്‍ നിന്ന് 13 കുറച്ചാല്‍

രാവിലെ കളി തുടങ്ങിയപ്പോള്‍ തന്നെ ഗൗതം ഗംഭീര്‍ ഔട്ടായി. സെഹ് വാഗ് എപ്പോള്‍ വേണമെങ്കിലും പുറത്താവാമെന്നും അതിനാല്‍ ഏത് നിമിഷവും സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുമെന്നും ചിന്തിച്ച് ഫോണ്‍ ബില്ലടയ്ക്കലും ബാങ്കില്‍ പോകലും ചില സൗഹൃദ സന്ദര്‍ശനങ്ങളും പിന്നത്തേയ്ക്ക് മാറ്റിവച്ച് ചരിത്ര മുഹൂര്‍ത്തത്തിന് ആദ്യം മുതല്‍ക്ക് തന്നെ സാക്ഷ്യം വഹിക്കണമെന്ന് കരുതി കളി കാണാനിരുന്നു. ടെന്‍ഡുല്‍ക്കര്‍ 77 റണ്‍സും കൂടി എടുത്താല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ എടുത്ത ആള്‍ എന്ന നെയിം ബോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിലെ ട്രിനി‍ഡാഡില്‍ നിന്നും ബോംബെയിലെ ഒരു വീട്ടിലെത്തും.

പ്രതീക്ഷിച്ചത് പോലെ സെഹ് വാഗ് ഔട്ടായി. പതിവ് പോലെ കാണികളുടെ കാതടപ്പിക്കുന്ന കൈയ്യടിയുടെ അകമ്പടിയില്‍ നിയുക്ത ചരിത്രരചയിതാവ് വികാരരഹിതനായി ക്രീസിലേയ്ക്ക് നടന്നുവന്നു. ഞാന്‍ റിമോട്ട് കണ്‍ട്രോള്‍ ടീപ്പോയുടെ പുറത്ത് വച്ചു. അടുത്ത കാലത്തായി ചാനല്‍ മാറ്റിയാല്‍ ടെന്‍ഡുല്‍ക്കര്‍ ഔട്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബ്രെറ്റ് ലീയുടെ ഓവറാണ് ആദ്യമായി നേരിട്ടത്. ഓവറിന്റെ അവസാന പന്തില്‍ ഒരു ഫോര്‍. പിന്നീട് മിച്ചല്‍ ജോണ്‍സന്റെ അടുത്ത ഓവറുകളില്‍ രണ്ട് ഫോറുകള്‍. മൂന്നും സുപരിചിതമായ ടെന്‍ഡുല്‍ക്കര്‍ പേറ്റന്റ് ഉള്ള വിവിധതരം ഓഫ് ഡ്രൈവുകള്‍. 17 പന്തില്‍ നിന്നും 13. ഇതിനിടയില്‍ മൈക്കല്‍ ക്ലാര്‍ക്കിനടുത്ത് പോയ പന്തില്‍ ഒടാന്‍ ശ്രമിച്ച ഒരു ആത്മഹത്യാശ്രമം പരാജയപ്പെട്ടിരുന്നു. അതുപോലെ ജോണ്‍സന്റെ ബൗളിങ്ങില്‍ രണ്ട് തവണ റ്റൈമിങ്ങ് കിട്ടാതെ പന്ത് വായുവില്‍ ഉയര്‍ന്നെങ്കിലും ഫീല്‍ഡര്‍മാരുടെ അടുത്ത് എത്തിയില്ല. 77-ല്‍ നിന്ന് 13 കുറച്ചാല്‍ ... ഇനി 64 റണ്‍സ് കൂടി മതി. വിചാരിച്ച് തീരും മുന്‍പ് ജോണ്‍സന്റെ ഒരു ഫുള്‍ ലെങ്ത് സ്ലോബോളില്‍ കാമറൂണ്‍ വൈറ്റിന് ലോകത്തിലെ ഏറ്റവും അനായാസമായ ക്യാച്ചുകളിലൊന്ന് നല്‍കി ടെന്‍ഡുല്‍ക്കര്‍ ചുറ്റുപാടുകളെപ്പറ്റി നമ്മളെ ബോധ്യവാന്‍മാരാക്കി.

പണ്ട് കപില്‍ ദേവ് റിച്ചാര്‍ഡ് ഹാ‍‍ഡ് ലിയുടെ 431 വിക്കറ്റ് എന്ന അന്നത്തെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നിരങ്ങി നിരങ്ങി നീങ്ങിയ അവസ്ഥയാണ് ഓര്‍മ്മ വന്നത്. ഏതായാലും ഫോണ്‍ ബില്ലടയ്ക്കാനും ബാങ്കില്‍ പോകാനും പറ്റി. ചരിത്ര മുഹൂര്‍ത്തത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും.

1 comment:

Brown Country said...

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാമിന്നിംഗ്സിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലാറയുടെ റെക്കോര്‍ഡ് മറികടക്കാനായില്ല. പക്ഷെ ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്ത് 49 റണ്‍സ് നേടി ഇന്ത്യയുടെ തോല്‍വി ഒഴിവാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. യഥാര്‍ത്ഥത്തില്‍ 45 റണ്ണേ എടുത്തുള്ളൂ. കാമറൂണ്‍ വൈറ്റിന്റെ പന്ത് വേനലില്‍ വിണ്ട് കീറിയ പാടം പോലെ കിടന്ന അവസാനദിന പിച്ചിലെ ഒരു വിളളലില്‍ പതിച്ച് വിക്കറ്റ് കീപ്പറെ വെട്ടിച്ച് ബൗണ്ടറിയ്ക്ക് പുറത്തേയ്ക് പോയത് അസദ് റൗഫ് എന്ന പാകിസ്ഥാനി അംപയര്‍ ടെന്‍ഡുല്‍ക്കറുടെ കണക്കില്‍ വരവ് വച്ചതാണ് നാല് റണ്‍സ് കൂടി കിട്ടാന്‍ കാരണം. അവസാനം വൈറ്റിന്റെ പന്തില്‍ തന്നെ ടെന്‍ഡുല്‍ക്കര്‍ ഔട്ടായി. തന്റെ ആദ്യവിക്കറ്റിന്‍റെ മാഹാത്മ്യം ഓര്‍ത്ത വൈറ്റ് സന്തോഷം കൊണ്ട് കരഞ്ഞു പോയി. ആസ്ത്രേലിയക്കാരെ കരയിക്കണം എന്നുള്ള സച്ചിന്‍ ആരാധകരുടെ സ്വപ്നവും സഫലമായി‍!