23 October 2008

ഒരു കൊടുങ്കാറ്റിന്‍റെ ആരംഭം

1989 ‍ഡിസംബറില്‍ ‍ പാകിസ്ഥാനെതിരായ ഒരു എക്സിബിഷന്‍ മാച്ചില്‍ പതിവ് പോലെ നൃത്തച്ചുവടുകളോടെ ബൗള്‍ ചെയ്യാനെത്തിയ അന്നത്തെ ഒന്നാം നമ്പര്‍ ലെഗ് സ്പിന്നറായിരുന്ന അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരു ഓവറില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 28റണ്‍സ് നേടിയതോടെയാണ് കടുത്ത ക്രിക്കറ്റ് പ്രേമികളുടെ സര്‍ക്കിളിന് പുറത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സംസാരവിഷയമാകാന്‍ തുടങ്ങിയത്. ‍
ദൂരദര്‍ശനിലെ ക്രിക്കറ്റ് റ്റെലികാസ്റ്റുകളിലൂടെയും പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളിലുമുള്ള ക്രിക്കറ്റില്‍ കുളിച്ച് നടന്ന “യഥാര്‍ത്ഥ” ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ ശാരാദാശ്രമം സ്കൂളിന് വേണ്ടി വിനോദ് കാംബ്ളിയുമൊത്ത് നേടിയ ലോക റെക്കോര്‍ഡും ബോംബെയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലെ പ്രകടനങ്ങളും പോലെയുള്ള ടെന്‍ഡുല്‍ക്കര്‍ പൊതുവിജ്ഞാനം സമാഹരിക്കാന്‍ തുടങ്ങിയിരുന്നു.

അന്ന് ക്രിക്കറ്റിലും ഇന്ത്യയുടെ വര്‍ഗശത്രുവായിരുന്ന പാകിസ്ഥാനെതിരെയായിരുന്നു ടെന്‍ഡുല്‍ക്കറുടെ 16 വയതിനിലെ അരങ്ങേറ്റം. അതിഗംഭീരമായിരുന്നില്ല അരങ്ങേറ്റം. ഏകദിനത്തിലെ ആ‍ദ്യ രണ്ട് ഇന്നിംഗ്സുകളില്‍ റണ്ണൊന്നും എടുത്തിരുന്നില്ല (രണ്ടാമത്തെ മത്സരം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍‍‍ഡിലെ ‍ഡ്യുണെഡിനില്‍ ആയിരുന്നു. അയത്ന ലളിതമായ ബാറ്റിങ്ങ് ടെക്നിക്കും അക്ഷോഭ്യമായ സ്ട്രെയിറ്റ് ഡ്രൈവും ആയിരുന്നു വരാനിരിക്കുന്ന റണ്‍ വസന്തത്തിന്റെ തളിരിലകളായത്. സഞ്ചയ് മഞ് രേക്കറായിരുന്നു ആ പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ്ങ് താരം. ഒരു പക്ഷെ ഇംറാന്‍ ഖാനും വാസിം അക്രവും വാക്കാര്‍ യൂനിസും അബ്ദുള്‍ ഖാ‍‍ദറും ഉള്‍പ്പെട്ട എക്കാലത്തേയും മികച്ച ഒരു ബൗളിങ്ങ് നിരയ്ക്കെതിരെ ആയതുകൊണ്ടാവണം അരങ്ങേറ്റം മങ്ങിപ്പോകാന്‍ കാരണം. അത്രയും വേഗതയേറിയ ബൗളിങ്ങ് അതിന് മുന്‍പോ ശേഷമോ കളിക്കേണ്ടിവന്നിട്ടില്ല എന്നാണ് ടെന്‍ഡുല്‍ക്കര്‍ പിന്നീട് പറ‍ഞ്ഞിട്ടുള്ളത്. ഭാവിയിലെ വാഗ്‍ദാനം എന്ന് പ്രശസ്തനായതിനാല്‍ പരമാവധി കഴിവെടുത്ത് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആ സീരീസില്‍ ബൗള്‍ ചെയ്തിരുന്നുവെന്ന് പില്‍ക്കാലത്ത് റ്റെലിവിഷന്‍ കമന്ററിക്കിടയില്‍ വാസിം അക്രം പറഞ്ഞിട്ടുണ്ട്.

വെളിച്ചക്കുറവ് മൂലം ആകസ്മികമായി 20-20 ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പ്രദര്‍ശന ഏകദിന മത്സരത്തിലാണ് ടെന്‍ഡുല്‍ക്കര്‍ വയസറിയിച്ചത്. ആ‍ദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറും കളിച്ച് 4 വിക്കറ്റിന് 157 റണ്‍സ് എടുത്തു. അന്നെല്ലാം ജാവേദ് മിയാന്‍ദാദിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന അത്താഴം മുടക്കിയായിരുന്ന സലിം മാലിക് ആയിരുന്നു 75 റണ്‍സ് ഏടുത്ത് ടോപ് സ്കോററായത്. ടെന്‍ഡുല്‍ക്കര്‍ വരുന്നത് വരെ ഇന്ത്യ ജയിക്കാന്‍വേണ്ടിയാണ് കളിക്കുന്നത് എന്ന് തോന്നിപ്പിച്ചിരുന്നില്ല. ടെന്‍ഡുല്‍ക്കര്‍ 18 ബോളില്‍ നിന്ന് 53 റണ്‍സ് നേടി ഇന്ത്യയെ അവസാന ബോളില്‍ ഒരു സിക്സ് അടിച്ചാല്‍ ജയിക്കാം എന്ന സ്ഥിതിയിലെത്തിച്ചു. അവസാന ബോളില്‍ സിക്സടിച്ച് ജയിക്കുന്നതിന്റെ പേറ്റന്റ് ജാവേദ് മിയാന്‍ദാദിന്റെ കൈയ്യിലായതിനാല്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരോവറില്‍ നാല് സിക്സറുകളും ഒരു ഫോറും ആയി സച്ചിന്‍ നേടിയ 28 റണ്‍സ് തന്നെയായിരുന്നു ആ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.

പിന്നീട് ഇതിനെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് അബ്ദുള്‍ ഖാ‍‍ദര്‍ ടെന്‍ഡുല്‍ക്കറുടെ അടുത്ത് 80-കളിലെ സ്ലെഡ്ജിങ്ങ് നടത്തിയിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെന്‍ഡുല്‍ക്കര്‍ അടി തുടങ്ങിയതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഷെയിന്‍ വോണ്‍, പോള്‍ സ്ട്രാങ്ങ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പല ലെഗ് സ്പിന്നര്‍മാരും ടെന്‍ഡുല്‍ക്കറുടെ പവര്‍ ഹിറ്റിങ്ങിനിരയായിട്ടുണ്ട്. പക്ഷെ ഏതാണ്ട് സമാനമായി പന്ത് തിരിക്കുന്ന ഇടം കൈയ്യന്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഈ ആക്രമണമികവ് കാഴ്ച വയ്ക്കാന്‍ എന്തുകൊണ്ടോ സച്ചിന് കഴിഞ്ഞിട്ടില്ല.

ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സച്ചിന്‍ തിരുത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും പ്രവചിച്ചിരുന്നു. ഏതായാലും 16 വയസില്‍ തുടങ്ങിയ ആ ക്രിക്കറ്റ് കൊടുങ്കാറ്റ് പര്‍വതശിഖരങ്ങളും കൊടുമുടികളും താണ്ടി ബാറ്റിങ്ങ് ആകാശത്തിന്റെ അധിപനായി മാറുമ്പോള്‍ സച്ചിന്റെ ജീവിത ചരിത്രത്തിനെ ഒറ്റ വാക്യത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം: Chronicle of a Cricketing Life Foretold.

No comments: