13 June 2010

ലോക കപ്പ് രണ്ടാം ദിനം: കൊറിയയും മെസ്സിയും പിന്നെ ഗ്രീനും

ഫുട്ബോൾ ലോകകപ്പിന്റെ രണ്ടാം ദിനം ആദ്യദിവസത്തേക്കാൾ സംഭവബഹുലമായിരുന്നു.

ഒരു ഏഷ്യ൯ വിജയകഥ


ദക്ഷിണ കൊറിയയും ഗ്രീസും തമ്മിൽ ദക്ഷിണ ആഫ്രിക്കയിലെ ശൈത്യകാലത്തെ മധ്യാഹ്നസൂര്യനു കീഴിൽ നടന്ന ആദ്യമത്സരം സാമ്പത്തികരംഗത്ത് മാത്രമല്ല ഫുട്ബോളിലും ഗ്രീസിന് ഇത് മാന്ദ്യ കാലമാണെന്ന് തെളിയിച്ചു. കൊറിയയ്ക്ക് രണ്ട് ഗോളുകൾ മാത്രമേ അടിക്കാ൯ കഴിഞ്ഞുള്ളൂ എന്നതാണ് വസ്തുത. 2004-ലെ യൂറോകപ്പിൽ രാവണ൯ കോട്ടയെ അനുസ്മരിപ്പിച്ച ഗ്രീക്ക് പ്രതിരോധം (10-0-0 ശൈലിയെന്ന് ചിലർ കളിയാക്കുകയും ചെയ്തിരുന്നു), കേരളത്തിലെ ചില സർക്കാർ ഓഫീസുകൾ പോലെ നോക്കാനും കാണാനും ആളില്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടാം പകുതിയിലെ ചുരുക്കം ചില നീക്കങ്ങളൊഴിച്ചാൽ മുന്നേറ്റ നിരയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കൊറിയ സന്തോഷപൂർവ്വം ഇരു പകുതികളിലുമായി ഓരോ ഗോൾ (7-ാം മിനിട്ടിൽ ലീ ജുങ്ങ്സൂവും 52-ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടികളിക്കുന്ന പാർക്ക് ജിസുങ്ങും) വീതം നേടി ഗ്യാല്ലറികളിൽ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന തങ്ങളുടെ ആരാധകർക്ക് ആഘോഷിക്കാ൯ അവസരമുണ്ടാക്കിക്കൊടുത്തു.

മറഡോണയുടെ പിള്ളേർ


കാത്തുകാത്തിരുന്ന അർജന്റീനയും നൈജീരിയയും തമ്മിലുള്ള മത്സരം പ്രതീക്ഷകൾക്കൊത്തുയർന്നു. പൊതുവേ അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിറങ്ങലിച്ചു പോകുന്ന മെസ്സി ഇന്നലെ തകർപ്പ൯ പ്രകടനമായിരുന്നു നടത്തിയത്. നിർഭാഗ്യവും നൈജീരിയ൯ ഗോളി വി൯സെന്റ് എനിയാമയുടെ അസാമാന്യ സേവുകളും മാത്രമായിരുന്നു മെസ്സിക്ക് ഇന്നലെ ഒരു ഹാട്രിക്ക് നിഷേധിച്ചത്.

അർജന്റീനയുടെ ആക്രമണത്തിന്റെ തിരമാലകളോടെയാണ് മത്സരം തുടങ്ങിയത്. ഇടത് വിങ്ങിൽ നിന്നും മത്സരത്തിലെ ആദ്യത്തെ മെസ്സി മാജിക്കിനു ശേഷം ലഭിച്ച ഒരു അനായാസ അവസരം ഹിഗ്വൈ൯ പുറത്തേക്കടിച്ചതിനു നിമിഷങ്ങൾക്കകം, പെനാൽറ്റി ബോക്സിനു തൊട്ടു പുറത്ത് നിന്നും മെസ്സി സൌമ്യമായി തൊടുത്ത് വിട്ട ഷോട്ട് ഗോളി കുത്തിയകറ്റികതിനെ തുടർന്ന് ലഭിച്ച കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗോൾ കീപ്പർക്കും ഗോൾമുഖത്തിലെ ആൾക്കൂട്ടത്തിൽ നിന്നെല്ലാം അകന്ന് പുറത്തേക്ക് കർവ് ചെയ്ത് വന്ന കോർണർ ഒരു ഡൈവിങ്ങ് ഹെഢറിലൂടെ ഗബ്രിയേൽ ഹെയി൯സെ ആയിരുന്നു വലയ്ക്കുള്ളിലാക്കിയത്. കളി തുടങ്ങിയിട്ട് വെറും ആറ് മിനിട്ട് മാത്രമായിരുന്നു അപ്പോളായത്. മത്സരത്തിലെ ഒരേ ഒരു ഗോളും അത് തന്നെയായിരുന്നു.

നൈജീരിയക്കും അർജന്റീനയ്ക്കും തുടർന്ന് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായെങ്കിലും ഒന്നു പോലും ഗോളായി മാറിയില്ല. ഇരു ടീമുകളും ആക്രമണത്തിനു മു൯തുക്കം നൽകി കളിച്ചതിനാൽ മത്സരം സ്കോർ നില സുചിപ്പിക്കുന്നതിനേക്കാൾ ആവേശകരമായിരുന്നു. കൂടാത്തതിനു സൈഡ് ലൈനിൽ നിന്ന് മറഡോണയുടെ കഥകളി ശൈലിയിലുള്ള ട്യൂഷനും.

ഇംഗ്ളണ്ടിന്റെ ഗ്രീ൯, അമേരിക്കയുടെ പച്ച

ഇംഗ്ളണ്ടും അമേരിക്കയും തമ്മിലുള്ള തുടക്കവും ഒരു ബിഗ് ബാങ്ങിലൂടെ ആയിരുന്നു. കളിയുടെ നാലാം മിനിട്ടിൽ ചടുലമായ ഒരു പ്രത്യാക്രമണത്തിനൊടുവിൽ എമിൽ ഹെസ്കിയുടെ പാസ് സ്വീകരിച്ച് സ്റ്റീവ൯ ജെറാർഡ് സ്വതസിദ്ധമായ ശൈലിയിൽ ഗോളടിച്ചപ്പോൾ സ്വതേ പൊങ്ങച്ചക്കാരായ ഇംഗ്ളീഷ് കാണികളുടെ പൊങ്ങച്ചം വീണ്ടും വർദ്ധിച്ചു. പക്ഷേ അമേരിക്കക്കാർ, ഒരു പക്ഷെ നയതന്ത്ര തലത്തിലെ തങ്ങളുടെ മേൽക്കോയ്മ ഓർത്താകണം, കീഴടങ്ങാ൯ തയ്യാറായിരുന്നില്ല.

ഇരു ടീമുകളുടേയും ആക്രമണ പ്രത്യാക്രണങ്ങൾക്കൊടുവിൽ, അവസാനം അത് സംഭവിച്ചു. ഈ ലോക കപ്പിലെ ആദ്യത്തെ കോമഡി. ബോക്സിനു പുറത്ത് നിന്ന് ക്ലിന്റ് ഡെംപ്സി ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രം അടിച്ച ദുർബലമായ ഒരു ഗ്രൌണ്ട് ഷോട്ട്, ക്രിക്കറ്റിൽ ഫീൽഡർമാർ മിസ് ഫീൽഡ് ചെയ്യുന്നത് പോലെ, തന്റെ കൈകൾക്കിടയിലൂടെ ഗോൾ പോസ്റ്റിലേക്ക് കടത്തി വിട്ട റോബർട്ട് ഗ്രീനായിരുന്നു ഇംഗ്ളണ്ട് നിരയിലെ ചാർളി ചാപ്ലി൯.

സ്ഥിരം ഗോൾകീപ്പറായ ഡേവിഡ് ജെയിംസ് ഇത്തരം അബദ്ധങ്ങൾ ചെയ്യാനിടെയുണ്ടെന്ന് കരുതിയാണ് ഇംഗ്ളണ്ടിന്റെ കോച്ച് കപ്പേളോ ഗോൾകീപ്പർമാരുടെ എ൯ട്ര൯സിൽ അവസാന റാങ്കുകാരനായിരുന്ന ഗ്രീനിനെ ആദ്യ പതിനൊന്നിൽ മാനേജ് മെന്റ് ക്വാട്ടയിൽ ഉൾപ്പെടുത്തിയത് എന്നുള്ളതാണ് അതിലും വലിയ തമാശ. വരാനുള്ളത്, ഫുട്ബോളിലായാലും, വഴിയിൽ തങ്ങാറില്ല്ലല്ലോ.

No comments: