12 June 2010

ലോക കപ്പ് ഫുട്ബോൾ: ആരും ജയിക്കാത്ത ആദ്യ ദിനം

കേരളത്തിലെ ചില തുണിക്കടകളിലും ഫാൻസി സ്റ്റോറുകളിലും ഉദ്ഘാടനദിവസം ഒരു കലാപരിപാടി കണ്ടുവരാറുണ്ട്. അന്നേ ദിവസം അവിടെ വരുന്ന എല്ലാവർക്കും എന്തെങ്കിലും സമ്മാനമായി നൽകുക. ഏതാണ്ട് അതേ മോഡലാണ് ദക്ഷിണ ആഫ്രിക്കയിൽ ആരംഭിച്ച,
പതിവില്ലാത്ത വിധം കടുത്തതും ചിലപ്പോഴെങ്കിലും അസഹനീയവുമായ മീഡിയ ഹൈപ്പ് ലഭിച്ച, 20-ാമത് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യദിനം കണ്ടത്. കളിച്ച എല്ലാ ടീമുകൾക്കും ഒരു പോയിന്റ് ലഭിച്ചു.

പക്ഷെ കാണികളുടെ പോയിന്റുകൾ ആദ്യ മത്സരത്തിൽ ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ ദക്ഷിണ ആഫ്രിക്കയ്ക്കും മെക്സിക്കോയ്ക്കും മാത്രമെ ലഭിച്ചു കാണൂ. രണ്ട് ടീമുകൾക്കും മുൻതൂക്കം മാറിമാറി ലഭിച്ച ആവേശകരമായ മത്സരത്തിൽ, രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ദക്ഷിണ ആഫ്രിക്കയ്ക്കു് വേണ്ടി സിഫീവി ഷവലാല ഗോൾ നേടിയപ്പോൾ, മെക്സിക്കോയ്ക് വേണ്ടി റഫേൽ മാർക്കസ് ഗോൾ മടക്കി.

ഇന്ത്യൻ സമയം പാതിരാത്രി നടന്ന ഫ്രാൻസും ഉറുഗ്വേയും തമ്മിലുള്ള കളി ഗോൾരഹിതസമനിലയായത് മാത്രമല്ല, ഇരു ടീമുകളുടേയും നപുംസക ഫുട്ബാളിനാൽ വിരസവുമായിരുന്നു. തങ്ങളുടെ അവശേഷിക്കുന്ന ആരാധകരെപ്പാലും വെറുപ്പിക്കുന്ന പ്രകടനമായിരുന്നു ഫ്രാൻസിന്റേത്. ഫുട്ബോളിലെ ഏറ്റവും ഒടുവിലെ ഹാൻഡ് ബോൾ എപ്പിസോഡിലെ പ്രതിനായകനായ തിയറി ഒൻറി അവസാന നിമിഷങ്ങളിൽ ഇല്ലാത്ത ഹാൻഡ് ബോൾ പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്തതു മാത്രമായിരുന്നു കളിയിൽ രസം പകർന്ന ഒരേ ഒരു നിമിഷം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വനത്തിലെ പുലിക്കുട്ടികളായ ഡയാബിയും എവ്റയും അനെൽക്കയും മെച്ചപ്പെട്ട ഒരു പ്രതിരോധത്തിനു മുന്നിൽ മൃഗശാലയിലെത്തിയ മൃഗങ്ങളെപ്പോലെ സഭാകമ്പം പൂണ്ട് നിന്നു ­ ഐപിഎല്ലിൽ മാത്രം രാജാക്കൻമാരായ ഇന്ത്യൻ യുവ ക്രിക്കറ്റർമാരെപ്പോലെ.

ഇന്നത്തെ ഇംഗ്ളണ്ട്-അമേരിക്ക മത്സരം കഴിയുമ്പോളറിയാം പ്രീമിയർ ലീഗിലെ മറ്റ് വമ്പൻമാരുടെ രാജ്യാന്തരഫുട്ബോളിലെ അവസ്ഥ. ബ്രസീലിൽ നടന്ന 1950-ലെ ലോകകപ്പിൽ ഇംഗ്ളണ്ടിന് മേൽ നേടിയ 0-1 വിജയമാണ് അമേരിക്കൻ സോക്കറിലെ ഏറ്റവും പ്രധാന നേട്ടമായി ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അന്ന് ഇംഗ്ളണ്ടിലെ ജനങ്ങൾ മിക്കവരും കരുതിയത് വാർത്താ ഏജൻസികൾ 10-1 എന്നടിച്ചത് അച്ചടിപിശകായി 0-1 എന്നായതായിരുന്നു എന്നത്രെ. ഏതായാലും കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെതിരെ അമേരിക്ക കളിച്ച കളി കണ്ട ആരും ഇക്കുറി അത്തരമൊരു ഫലമുണ്ടായാൽ അത് അച്ചടിപിശകാണന്ന് കരുതില്ല.

ഇന്നത്തെ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന കളി അർജന്റീനയും നൈജീരിയയും തമ്മിലുള്ളതാണ്. മെസ്സിക്കു മുകളിൽ നൈജീരിയൻ കഴുകൻമാർ പറക്കുമോ എന്നുള്ളതാണ് കേരളത്തിൽ സുലഭമായിട്ടുള്ള അർജന്റീനയുടെ ആരാധകർ ഭയപ്പെടുന്നത്.

ആരും വലിയ താത്പര്യം കാണിക്കാത്ത ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഗോളടിക്കാത്തതിന് കുപ്രസിദ്ധി നേടിയ ഗ്രീസ് ഏഷ്യയുടെ വിനീതപ്രതിനിധികളിലൊരാളായ ദക്ഷിണ കൊറിയയെ നേരിടും.

No comments: