20 July 2008

ബൈസിക്കിള്‍ തീവ്സ് : ഒരു ടൂര്‍ ഡി ഫ്രാന്‍സ് പ്രതിഭാസം

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കായികമത്സരങ്ങളിലൊന്ന് എന്നാണ് ടൂര്‍ ഡി ഫ്രാന്‍സ് വി‍ശേഷിക്കപ്പെടുന്നത്. ലാറ്റിനില്‍ നിന്നോ ഫ്രഞ്ചില്‍ നിന്നോ ഇംഗ്ലീഷിലേക്ക് ചേക്കേറിയ ഒരു വാക്കിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ പേര് മൂന്ന് വര്‍ഷം മുന്‍പ് അമേരിക്കക്കാരനായ ഒരു ക്യാന്‍സര്‍ രോഗി, ലാന്‍സ് ആംസ്ട്രോങ്ങ്, തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറിയത്. ആംസ്ട്രോങ്ങ് തകര്‍ത്തത് തുടര്‍ച്ചയായി അഞ്ച് തവണ ചാംപ്യനായ സ്പെയിനിന്‍റെ മിഗ്വല്‍ ഇന്‍ഡുറൈനിന്‍റെ റെക്കോഡാണ്. രണ്ടു പത്രങ്ങള്‍ തമ്മിലുള്ള സര്‍ക്കുലേഷന്‍ യുദ്ധത്തിന്‍റെ ഭാഗമായി 1903-ല്‍ തുടങ്ങിയ ടൂര്‍ ഡി ഫ്രാന്‍സ് ലക്ലംബര്‍ഗ്, ബെല്‍ജിയം, ഇറ്റലി, സ്പെയിന്‍, ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലൂടെ 21 സ്റ്റേജുകള്‍ കടന്ന് 3500-ലധികം കിലോമീറ്ററുകള്‍ താണ്ടി ഫ്രാന്‍സില്‍ അവസാനിക്കുന്നു. പക്ഷെ തുടങ്ങിയ കാലം മുതല്‍ ‍ഡോപ്പിങ്ങിനെ പറ്റിയുള്ള ആരോപണങ്ങള്‍ ഈ മത്സരത്തിനെ ഒരു ശാപം പോലെ പിന്തുടരുന്നു.

ഡോപ്പിങ്ങ് നിയമപരമായി ടൂര്‍ ഡി ഫ്രാന്‍സില്‍ നിരോധിച്ചത് 1960-ലാണ്. അതിനു ശേഷം ഉത്തേജകമരുന്നടിച്ച് പിടിയിലായ സൈക്കിള്‍ കള്ളന്‍മാരുടെ കൂട്ടത്തില്‍ അഞ്ച് തവണ ജേതാവായ മിഗ്വല്‍ ഇന്‍ഡുറൈന്‍ മുതല്‍ 2006-ല്‍ ചാംപ്യനായ ഫ്ലോയ്‍‍‍ഡ് ലാന്‍ഡിസ് വരെയുണ്ട്. ലാന്‍സ് ആംസ്ട്രോങ്ങിനെതിരായും കടുത്ത ഡോപ്പിങ്ങ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ ഡി ഫ്രാന്‍സ്-2008-ല്‍ ഇതിനകം തന്നെ മൂന്ന് പേര്‍ ഡോപ്പിങ്ങ് നടത്തിയതിന് പിടിയിലായിട്ടുണ്ട്: സ്പെയിന്‍കാരായ ഡ്യൂനസ് നെവേഡോ, മാന്വല്‍ ബെല്‍ട്രാന്‍ എന്നിവരും ഒടുവിലായി ഇറ്റലിക്കാരമായ റിക്കാര്‍‍‍ഡോ റിക്കോയും. ടെന്‍ സ്പോര്‍ട്സില്‍ വൈകുന്നേരം 6 മണി മുതല്‍ മത്സരത്തിന്‍റെ ലൈവ് ടെലികാസ്റ്റ് ഉണ്ട്.

ഡോപ്പിങ്ങ് പോലെ തന്നെ ഡോപ്പിങ്ങ് ഒളിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും ടൂര്‍ ഡി ഫ്രാന്‍സ് കുപ്രസിദ്ധമാണ്. മൂത്രത്തില്‍ ചിലതരം അസാധാരണമായ രാസവസ്തുക്കള്‍ ഉണ്ടോ എന്ന പരിശാധനയിലൂടെയാണ് ഡോപ്പിങ്ങ് നടന്നോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത്. നേരത്തെ തന്നെ മറ്റാരുടെയെങ്കിലും മൂത്രം ഒരു ട്യൂബിലാക്കി പാന്റ്സിന്റെ പോക്കറ്റിലോ ഷര്‍ട്ടിനുള്ളിലോ ഒളിപ്പിച്ചിട്ട് ടെസ്റ്റിന് സമയമാകുമ്പോള്‍ ടോയ് ലെറ്റില്‍ പോയി ട്യൂബിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മൂത്രം എടുത്ത് സാംപിള്‍ ആയി നല്‍കുന്ന രീതി മുന്‍പ് സൈക്ലിസ്റ്റുകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നത് പിടിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മൂത്രത്തിനെ തിരിച്ച് “കുറ്റവിമുക്തമാക്കുന്ന” മരുന്നുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു.

യേശുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള കുരിശും ചുമന്ന് കൊണ്ടുള്ള പ്രയാണത്തേക്കാള്‍ ദുഷ്കരമാണ് പര്‍വതനിരകളും പരുക്കന്‍ ഭൂപ്രകൃതിയും താണ്ടിയുള്ള ടൂര്‍ ഡി ഫ്രാന്‍സ് മത്സരമെന്ന് ഹെന്‍ട്രി പെലിസിയര്‍ എന്ന ഒരു പഴയ സൈക്ലിസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വഴിവക്കില്‍ കാണപ്പെടുന്ന സൂര്യകാന്തിപ്പാടങ്ങളും ലാവന്‍ഡര്‍പൂക്കളുടെ തോട്ടങ്ങളുമൊന്നും തളരുന്ന ശരീരത്തിന് ആശ്വാസമേകില്ലത്രെ. അതിന് ലഹരി തന്നെ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പക്ഷെ വൈകുന്നേരങ്ങളിലും അവധിദിവസങ്ങള്‍ക്കു മുന്‍പും ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ അസാധാരണമായ ക്ഷമയോടെ അനുസരണാപൂര്‍വ്വം ക്യൂ നില്‍ക്കുന്ന മലയാളികള്‍ക്ക് ഈ ചിന്താഗതി മറ്റാരേക്കാളും മനസിലാക്കാന്‍ കഴിഞ്ഞേക്കും. ടൂര്‍ ഡി ഫ്രാന്‍സിലെ മരുന്നടിക്ക് ഒരു പ്രതിവിധിയും കേരളചരിത്രത്തില്‍ നിന്ന് നല്‍കാവുന്നതാണ്. എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അപേക്ഷിച്ച എല്ലാ പേര്‍ക്കും സ്വാശ്രയകോളേജ് നടത്താന്‍ അനുമതി കൊടുത്ത പോലെ എല്ലാ സൈക്ലിസ്റ്റുകളേയും മരുന്നടിക്കാന്‍ അനുവദിക്കുക!

1 comment:

അരൂപിക്കുട്ടന്‍/aroopikkuttan said...

സുഹൃത്തേ...

ഇഷ്ടായി.ഇത്തരം ചര്‍ച്ചകള്‍ ബ്ലോഗിന്റെ അനിവാര്യതയാണ്!
തുടരുക!!

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!