24 July 2008

ബെയ്ജിങ്ങ് ഒളിംപിക്ല്: പ്രതിഷേധത്തിനായി ഒരു നൂറു പാര്‍ക്കുകള്‍ ഒരുങ്ങട്ടെ

ചൈനയില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സിന്‍റെ ഒരു സവിശേഷത 2004 ഏഥന്‍സ് ഒളിംപിക്സിന്‍റെ മാതൃകയില്‍ അവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം പാര്‍ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നുള്ളതാണ്. പക്ഷെ പ്രതിഷേധം തോന്നിയാലുടന്‍ മുണ്ടും മടക്കിക്കുത്തി ബാനറും മുദ്രാവാക്യങ്ങളുമായി ആളുകളെ സംഘടിപ്പിച്ച് നേരെ പോയി അങ്ങ് പ്രതിഷേധിച്ചാല്‍ ടിയാനന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും. ആദ്യം പ്രതിഷേധിക്കുന്നതിനുള്ള കാരണവും പ്രതിഷേധപ്രകടനത്തിന്‍റെ സമയവും തീയ്യതിയുമൊക്കെ കാണിച്ച് അപേക്ഷ നല്‍കണം. ആ ദിവസം മറ്റു പ്രതിഷേധങ്ങളൊന്നുമില്ലങ്കില്‍ അപേക്ഷകര്‍ക്ക് പ്രതിഷേധത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാര്‍ക്കില്‍ പോയി മതിയാകുന്നതുവരെ പ്രതിഷേധിക്കാവുന്നതാണ്. ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന മൂന്ന് പാര്‍ക്കുകളും മത്സരവേദികളില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ അതീവരഹസ്യമായിട്ടായിരിക്കും പ്രതിഷേധം. ജോര്‍ജ്ജ് ഓര്‍വ്വലോ ഒ.വി.വിജയനോ ബെയ്ജിങ്ങ് ഒളിംപിക്ലിനെപ്പറ്റി ഭാവനയില്‍ കണ്ട കാര്യമല്ല മുകളിലെഴുതിയിരിക്കുന്നത്. ഒളിംപിക്സ് വിശേഷങ്ങളുടെ കൂട്ടത്തില്‍ കണ്ടതാണ്. കേരളത്തിലെ സെക്ക്രട്ടറിയേറ്റിലെ NGO സഖാക്കളുടെ മാതിരിയാണ് ചൈനീസ് ഉദ്യോഗസ്ഥരുമെങ്കില്‍ അടുത്ത ഒളിംപിക്സിന് അനുമതി നോക്കിയാല്‍ മതി.

സിന്‍ക്രണൈസ്ഡ് സ്വിമ്മിങ്ങ് (synchronized swimming) എന്നൊക്കെ പറയുന്നതു പോലെ വേണമെങ്കില്‍ ഇതിനെ ഒരു മത്സര ഇനം ആക്കി മാറ്റുകയും ചെയ്യാം. മികച്ച പ്രതിഷേധത്തിനുള്ള വെള്ളിമെ‍ഡലെങ്കിലും ഇന്ത്യയ്ക്ക് കിട്ടാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം ടിബറ്റിനായിരിക്കാനാണ് സാധ്യത.

കേതന്‍ മേത്ത ബോളിവുഡിലേക്ക് വഴിതെറ്റുന്നതിനു മുന്‍പ് എടുത്ത അന്ധേര്‍ നഗരി എന്നോ മറ്റോ പേരുള്ള ഒരു ആക്ഷേപാത്മക, ചരിത്ര ചിത്രത്തില്‍ ഒരു രംഗമുണ്ട്. രാജകൊട്ടാരത്തിനു മുന്‍പില്‍ ഭീമാകാരമായ ഒരു മണി കെട്ടിത്തൂക്കിയിട്ടുണ്ട്. എന്തെങ്കിലും പരാതിയുള്ള പ്രജകള്‍ക്ക് ആ മണി പിടിച്ച് അടിച്ചാല്‍ പരാതിക്ക് ഉടന്‍ പരിഹാരം ഉണ്ടാകും. പക്ഷെ ആരും ആ മണി ഉപയോഗിക്കാറില്ല. ഒരിക്കല്‍ ഒരു യാത്രക്കാരന്‍ ആ രാജ്യത്തെത്തി. ഈ മണിയെപ്പറ്റി കേട്ടയുടനെ അദ്ദേഹം ഒരു പരാതി ബോധിപ്പിക്കാന്‍ തീരുമാനിച്ചു. (യാത്ര ചെയ്യുന്നവര്‍ പരാതി പറയാനുള്ള സാധ്യത കൂടും. ഉദാഹരണമായി ഗള്‍ഫില്‍ നിന്ന് വരുന്ന ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും കേരളത്തിലെ റോഡുകളെപ്പറ്റിയും ഇവിടത്തെ തനത് കലാരൂപമായ ഹര്‍ത്താലിനെപ്പറ്റിയുമൊക്കെ വലിയ ആക്ഷേപമാണല്ലോ.) അങ്ങിനെ യാത്രക്കാരന്‍ കൊട്ടാരത്തിനു മുന്‍പില്‍ മണിയുടെ കീഴിലെത്തി മണി മുഴക്കാന്‍ വേണ്ടി കയര്‍ പിടിച്ചു വലിച്ചു. ഉടന്‍ തന്നെ കയര്‍ പൊട്ടി ഭീമാകാരമായ ആ മണി തലയില്‍ വീണ് അദ്ദേഹത്തിന്‍റെ പരാതിക്ക് എന്നന്നേക്കുമായി പരിഹാരമുണ്ടായി. ഇതുപോലെ പ്രതിഷേധത്തിനു പരിഹാരം നല്‍കാന്‍ എന്തെങ്കിലും സാങ്കേതികവിദ്യ ബെയ്ജിങ്ങ് ഒളിംപിക്സിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കാത്തിരുന്നു കാണാം.

No comments: