20 June 2008

ജെർമ്മനി യൂറോ കപ്പ് സെമിയില്‍

യൂറോ 2008 ഫുട്ബോളിലെ ക്വാർട്ടർ ഫൈനലിലെ ആദ്യമത്സരത്തിൽ ജെർമ്മനി പോർച്ചുഗലിനെ 3-2 ന് തോൽപ്പിച്ചു. യൂറോപ്പിലെ ബ്രസീൽ എന്ന് കുറച്ചൊക്കെ അന്യായമായിട്ടാണെങ്കിലും വിശേഷിക്കപ്പെടുന്ന പോർച്ചുഗൽ, എണ്ണയിട്ട യന്ത്രം പോലെ കളിച്ച് ഫുട്ബോളിൽ വ്യവസായികവിപ്ളവം നടപ്പാക്കിയ ജെർമ്മനിയുടെ കാര്യക്ഷമതയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 3-2 എന്ന സ്കോർ സൂചിപ്പിക്കുന്നത് പോലെ അത്രയൊന്നും ആവേശകരമായിരുന്നില്ല ഈ മത്സരം. (യുവേഫയുടെ ഒഫീഷ്യൽ സൈറ്റിൽ പോയപ്പോഴാണ് മത്സരത്തിൽ ആവേശം അലതല്ലുകയായിരുന്നെന്ന് മനസിലാക്കാ൯ കഴിഞ്ഞത്.) ആദ്യപകുതിയിൽ ജെർമ്മനി തുടർച്ചയായി രണ്ട് ഗോളുകൾ നേടിയപ്പോള്‍ പോർച്ചുഗീസ് കളിക്കാരുടേയും ആരാധകരുടേയും മുഖങ്ങൾ മേഘങ്ങൾ ഉരുണ്ട് കൂടിയ ബാസലിലെ ആകാശം പോലെ കറുത്തു. ജെർമ്മനിയുടെ ആദ്യഗോൾ അവരുടെ മു൯നിരതാരങ്ങളുടെ കൂട്ടുകൃഷിയുടെ ഫലമായിരുന്നു. മൈക്കേൽ ബല്ലാക്കുമായി ഒന്നും രണ്ടും പറഞ്ഞ് (playing one two എന്ന് പറയും) ചാട്ടുളി പോലെ ഇടത് വിങ്ങിൽ കൂടി മുന്നേറിയ പോഡോൾസ്കി പെനാൽട്ടിബോക്സിലേക്ക് കൊടുത്ത പന്ത് ചെന്നെത്തിയത് മൈതാനമധ്യത്തിൽ നിന്ന് പാഞ്ഞെത്തിയ ഷ്വാ൯സ്റ്റൈഗറുടെ വിശപ്പാർന്ന കാലുകളിലേക്കാണ്. വന്ന അതേ വേഗത്തിൽ അതീവ നിയന്ത്രണത്തോടെ ഷ്വാ൯സ്റ്റൈഗർ പോർച്ചുഗീസ് ഗോൾവല പ്രകബ്ബനം കൊള്ളിച്ചു. ഈ ഗോളിന്റെ ആഘാതത്തിൽ നിന്ന് പോർച്ചുഗൽ മോചിതമാകും മുൻപേ അഞ്ച് മിനിറ്റിനകം മിറോസ്ളോവ് ക്ളോസെ ജെർമ്മനിയുടെ അടുത്ത ഗോൾ നേടി. ഷ്വാ൯സ്റ്റൈഗറുടെ നിർദ്ദോഷമെന്ന് തോന്നിച്ച ഒരു ഫ്രീ കിക്ക് ഉയരാൻ മടിച്ച് നിന്ന ഡിഫൻഡർമാരുടെ തലകൾ കടന്ന് ക്ളോസെയുടെ തലയിലെത്തുകയും ക്ളോസെ അത് ഗോൾകീപ്പറുടെ ഇടത് വശത്ത് കൂടി വലയിലെത്തിക്കുകയും ചെയ്തു. അപ്പോൾ 25 മിനിറ്റ് കഴിഞ്ഞിരുന്നു. പോർച്ചുഗൽ കൂടുതൽ വാശിയോടെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ ശക്തമായ മാൻ-മാർക്കിങ്ങിനു മുന്നിൽ അവ നിഷ്പ്രഭമായി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിച്ചിരുന്നപ്പോൾ പെനാൽറ്റി ബോക്സിൽ ലഭിച്ച ലൂസ് ബാൾ ഗോളാക്കി നൂനോ ഗോമസ് ഹാഫ് റ്റൈമിൽ പോർച്ചുഗീസ് ആരാധകർക്ക് പ്രതീക്ഷകളെ കയറൂരി വിടാൻ അവസരം നൽകി.

മഴ പെയ്ത് തുടങ്ങിയ രണ്ടാം പകുതിയിൽ ‍‍ഡെക്കോയുടെ ശാന്തമായ ഇടപെടലുകളിലൂടെ മിഡ് ഫീൽ‍‍‍ഡിൽ പോർച്ചുഗൽ മെച്ചപ്പെട്ട കളി കാഴ്ചവച്ചെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഭേദിക്കാൻ കഴി‍‍‍ഞ്ഞില്ല. മാത്രമല്ല, ബല്ലാക്ക് ജെർമ്മനിയുടെ മുന്നാമത്തെ ഗോൾ നേടുകയും ചെയ്തു. ക്ളോസെയുടെ ഗോളിന്റെ ഒരു തനിയാവർത്തനമായിരുന്നു ഈ ഗോൾ. നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ ആവേശത്തിൽ പോർച്ചുഗൽ തുടരെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഉറച്ചു നിന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നാനിയുടെ ക്രോസിൽ തല വച്ച് പോസ്റ്റീഗ പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി ഒരു താത്കാലിക ആവേശം സൃഷ്ടിച്ചെങ്കിലും ജെർമ്മനിക്ക് അർഹമായ ഒരു വിജയം നിഷേധിക്കാൻ അതിനായില്ല.

ഇന്ന് മത്സരം കറുത്ത കുതിരകളായ ക്രൊയേഷ്യയും തിരിച്ചുവരവിന്റെ അശാന്‍മാരായ ടര്‍ക്കിയും തമ്മിലാണ്.

No comments: