21 June 2008

യൂറോ കപ്പ്: റഷ്യ ന്‍ വിളവെടുപ്പില്‍ ഓറഞ്ചുകള്‍ കൊഴിഞ്ഞു

ഒട്ടുമിക്ക കണക്ക്കൂട്ടലുകളും പ്രതീക്ഷകളും തെറ്റിയ ഒരു മത്സരത്തില്‍ നിര്‍ഭയമായി ഫുട്ബോള്‍ കളിച്ച റഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ തോല്‍പ്പിച്ച് യൂറോ കപ്പ് സെമിഫൈനലില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി. വിദഗ്ധനായ ഒരു കെജിബി ചാരനെപ്പോലെ ‍‍ഡച്ച് പ്രതിരോധത്തെ സദാ കബളിപ്പിച്ച ആന്‍‍ഡ്രേ അര്‍ഷാവിന്‍റെ അസാമാന്യപ്രകടനമായിരുന്നു റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും തീവ്രതയില്ലാത്ത കളിയാണ് ഹോളണ്ട് കാഴ്ചവച്ചത്.
മത്സരം തുടങ്ങിയപ്പോള്‍ തന്നെ ഹോളണ്ട് ചുവടുറപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ റഷ്യ മി‍‍ഡ്ഫീല്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. രണ്ട് വിങ്ങുകളില്‍ കൂടിയും ആക്രമണം അഴിച്ച് വിട്ട റഷ്യ നല്ല ഷൂട്ടിങ്ങിന്‍റെ അഭാവം ‍ഒന്നുകൊണ്ട് മാത്രമാണ് ഗോള്‍ നേടാതിരുന്നത്. എട്ടാമത്തെ മിനിറ്റില്‍ റോമന്‍ പൗലൂചെങ്കോയ്ക്ക് നല്ല ഒരു അവസരം കിട്ടിയെങ്കിലും അദ്ദേഹം സന്തോഷ് ട്രോഫിയിലെ കേരളത്തിന്‍റെ സ്ട്രൈക്കര്‍മാരെപ്പോലെ പുറത്തേക്ക് ഹെഡ് ചെയ്ത് കളഞ്ഞു. കളിയുടെ മുപ്പതാമത്തെ മിനിറ്റിലായിരുന്നു ഹോളണ്ടിന് മാന്യമായ ഒരു ചാന്‍സ് ലഭിച്ചത്. റാഫേല്‍ വാന്‍‍‍ഡര്‍‍വാര്‍ട്ടിന്‍റെ ‍റഷ്യന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചുവന്ന ഒരു ഫ്രീകിക്ക് കണക്റ്റ് ചെയ്യാന്‍ വാന്‍ നിസ്റ്റല്‍റൂയിക്ക് കഴിഞ്ഞില്ല. ഇതിനുള്ള റഷ്യയുടെ മറുപടി ഹോളണ്ടിനെ വിറപ്പിച്ചു. ഇടത് വിങ്ങില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലെ ഗ്രീന്‍ചാനലിലൂടെ പെനാല്‍റ്റി ബോക്സിലേക്ക് നുഴഞ്ഞുകയറിയ അര്‍ഷാവിന്‍ തൊടുത്ത ഗ്രൗണ്ട്ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ വാന്‍ഡര്‍സാര്‍ വളരെ കഷ്ടപ്പെട്ട് തട്ടിയകറ്റി. തൂടര്‍ന്ന് ലഭിച്ച കോര്‍ണര്‍കിക്കിനു ശേഷം പന്ത് റഷ്യന്‍ ഡിഫന്‍ഡര്‍ കൊളോ‍ഡിന് ലഭിച്ചു. പെനാല്‍റ്റി ബോക്സിനു പുറത്ത് നിന്ന് അദ്ദേഹം അടിച്ച ഷോട്ട് വാന്‍ഡര്‍സാര്‍ കളരിമുറയില്‍ പറന്ന് ചാടി കുത്തിയകറ്റി. അടുത്ത കോര്‍ണറിനു ശേഷവും പന്ത് കൊളോ‍ഡിന് തന്നെ ലഭിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലോങ്ങ് റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത് പോയി. ഒന്നാം പകുതിയുടെ തുടര്‍ന്നുള്ള സമയത്ത് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയും റഷ്യന്‍ ആക്രമണത്തോടെ ആയിരുന്നു തുടങ്ങിയത്.കളിയുടെ 56-മത്തെ മിനിറ്റില്‍ ഹോളണ്ട് ആരാധകര്‍ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. സെര്‍ജി സെമാക് ഇടത് വിങ്ങില്‍ നിന്നും കൊടുത്ത ക്രോസ് അനായാസമായി പൗലൂചെങ്കോ ഗോള്‍വലയിലേക്ക് തട്ടിയിട്ടു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനായി ഹോളണ്ട് രണ്ട് ഡിഫന്‍ഡര്‍മാരെ പിന്‍വലിച്ച് കൂടുതല്‍ ആക്രമോത്സുകരായ കളിക്കാരെ ഇറക്കിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. അര്‍ഷാവിനും കൂട്ടുകാര്‍ക്കും ഡിഫന്‍ഡര്‍മാരെ വെട്ടിക്കാതെ തന്നെ ഹോളണ്ടിന്‍റെ പേനാല്‍റ്റി ബോക്സില്‍ കയറാം എന്ന സ്ഥിതി മാത്രമാണ് ഇത് കൊണ്ടുണ്ടായത്. ഫ്രീകിക്കുകളിലും, വെസ്ലി സ്നൈഡര്‍ ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴും മാത്രമാണ് ഹോളണ്ട് ഗോളടിക്കുമെന്ന് തോന്നിപ്പിച്ചത്. എന്നാല്‍ റഷ്യക്കാര്‍ ഏത് നിമിഷവും ഒരു ഗോള്‍ കൂടി അടിച്ചേക്കും എന്ന നിലയില്‍ അയിരുന്നു. എന്നാല്‍ 86-മത്തെ മിനിറ്റില്‍ സ്നൈഡറുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത് വാന്‍ നിസ്റ്റല്‍റൂയി ഏറക്കുറെ അപ്രതീക്ഷിതമായി സമനില ഗോള്‍ നേടിയപ്പോള്‍ ഗ്യാലറിയിലെ ഓറഞ്ച് സമുദ്രത്തില്‍ അലകളടിച്ചു.
എക്സ്ട്രാ റ്റൈമിന്‍റെ ആദ്യപകുതിയില്‍ ഹോളണ്ട് ഒരുവിധം പിടിച്ചുനിന്നു. അവസാന 15 മിനിറ്റില്‍ വിജയം മണത്ത വിപ്ലവകാരികളെ പോലെ റഷ്യക്കാര്‍ ഹോളണ്ടിന്‍റെ പെനാല്‍റ്റി ബോക്സ് വളഞ്ഞപ്പൊള്‍ കീരീടം നഷ്ടപ്പെടുമെന്ന് ഉറപ്പായ രാജാക്കന്‍മാരെപ്പോലെ ഹോളണ്ടിന്‍റെ കളിക്കാര്‍ വിറങ്ങലിച്ചു നിന്നു. ആദ്യം അര്‍ഷാവിന്‍റെ ക്രോസില്‍നിന്ന് ‍ഡിമിട്രി ടോര്‍ബിന്‍സ്കിയും പിന്നീട് അര്‍ഷാവിന്‍ സ്വയവും ഗോളുകള്‍ നേടി റഷ്യന്‍ ഫുട്ബോളിലെ സമീപകാലവിജയങ്ങളുടെ പുഞ്ചിരി നിലനിര്‍ത്തി.
ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ യൂറോപ്യന്‍ ഫുട്ബോളിലെ പഴയ തറവാടികളായ ഇറ്റലിയും സ്പെയിനും തമ്മിലാണ്. ചരിത്രം ഇറ്റലിക്കുവേണ്ടി പന്ത്രണ്ടാമനായി കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ആകെ നാല് തവണ ഇവര്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് തവണയും ഇറ്റലിയാണ് ജയിച്ചത്. ഈ യൂറോ കപ്പില്‍ തന്നെ കഴിഞ്ഞ മൂന്ന് ക്വോര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ജയിച്ചത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരാണ്. വര്‍ത്തമാനകാലത്തിലും അവരുടെ ഫോര്‍വേഡുകളുടെ അതിശയിപ്പിക്കുന്ന മികവിലും ആയിരിക്കണം സ്പെയിനിന് പ്രതീക്ഷ.

No comments: